കുടിവെള്ളമില്ല, പണം കൊടുത്ത് വാങ്ങണം; കാത്തിരുപ്പ് തുടർന്ന് ഒളിമ്പിക്‌സ് മെഡൽ ജേതാവിന്റെ ഗ്രാമം

പോരാട്ടങ്ങളുടെ മണ്ണായ മണിപ്പൂർ, വീണ്ടും ഒരു നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. രാഷ്ട്രീയ പാർട്ടികളും, സ്ഥാനാർത്ഥികളും തിരക്ക് പിടിച്ച ഓട്ടത്തിലാണ്. ദേശീയ നേതാക്കൾ വരെ സംസ്ഥാനത്ത് ക്യാമ്പ് ചെയ്തുള്ള പ്രചാരണ ചൂടിലാണ്. പതിവുപോലെ വലിയ വാഗ്ദാനങ്ങൾക്ക് ഇത്തവണയും പഞ്ഞമില്ല. എന്നാൽ പലതും നടപ്പാകില്ലെന്ന് മാത്രം. ഈ വാഗ്ദാന പെരുമഴയുടെ തെരഞ്ഞെടുപ്പ് കാലത്തും, ഒരിറ്റ് വെള്ളത്തിനായി കാത്തിരിക്കുകയാണ് ടോക്കിയോ ഒളിമ്പിക്‌സ് മെഡൽ ജേതാവ് മീരാഭായ് ചാനുവിന്റെ ഗ്രാമം.
വർഷങ്ങൾ പഴക്കമുണ്ട് മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള ഈ ചെറു ഗ്രാമത്തിന്റെ ദുരവസ്ഥ തുടങ്ങിട്ട്. കഴിഞ്ഞ വർഷം ഒളിമ്പിക്‌സിൽ മീരാഭായ് ചാനു വെള്ളി മെഡൽ നേടി തൻ്റെ ഗ്രാമത്തെ ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്നിരുന്നു. താരത്തെ അനുമോദിക്കാനെത്തിയ മന്ത്രിമാരും സർക്കാർ ഉദ്യോഗസ്ഥരും 1.2 കോടി രൂപയുടെ കുടിവെള്ള പദ്ധതി ആരംഭിക്കും എന്ന് വീണ്ടും ഉറപ്പ് നൽകി. ഇതോടെ തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം ലഭിക്കുമെന്ന് ഗ്രാമവാസികൾ പ്രതീക്ഷിച്ചു. എന്നാൽ അതും എങ്ങും എത്തിയില്ല.
“ഞങ്ങളുടെ ഗ്രാമത്തിൽ, കുടിവെള്ള വിതരണമില്ല, പൈപ്പ് ലൈനുകൾ പോലുമില്ല. ഞങ്ങളുടെ കുടുംബത്തിന് വാട്ടർ ടാങ്കർ ഓപ്പറേറ്റർമാരിൽ നിന്ന് പ്രതിമാസം 1,000 രൂപയ്ക്ക് കുടിവെള്ളം വാങ്ങണം. 1.2 കോടി രൂപയുടെ കുടിവെള്ള പദ്ധതി വാഗ്ദാനമായി മാത്രം അവശേഷിക്കുന്നു. ഏകദേശം 15 ശതമാനം നിർമ്മാണത്തിന് ശേഷം പദ്ധതിയുടെ ജോലികൾ നിലച്ചു. മുഴുവൻ ഗ്രാമത്തിനും ഒരു പൈപ്പ് ലൈൻ പോലുമില്ല” ചാനുവിന്റെ അമ്മ സൈഖോം ടോംബി പിടിഐയോട് പറഞ്ഞു.
ചാനുവിന്റെ കുടുംബത്തെപ്പോലെ മറ്റുള്ളവരും ശരാശരി പ്രതിമാസ ബില്ലിൽ ₹ 500-700 രൂപ നൽകി കുടിവെള്ളം വാങ്ങുന്നു. ഇവർ മറ്റ് ആവശ്യങ്ങൾക്കായി സമൂഹ കുളങ്ങളിലെയും സമീപത്തെ തോട്ടിലെയും വെള്ളത്തെയാണ് ആശ്രയിക്കുന്നത്. 300 ഓളം വോട്ടർമാരുള്ള 85 ഓളം വീടുകളുള്ള ഈ ഗ്രാമത്തിൽ ബിജെപി, കോൺഗ്രസ്, റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ, ജെഡിയു, ഒരു സ്വതന്ത്രൻ എന്നിവരിൽ നിന്നുള്ള അഞ്ച് സ്ഥാനാർത്ഥികൾ മത്സരിക്കുന്ന ലാംലായ് അസംബ്ലി മണ്ഡലത്തിന് കീഴിലാണ്.
Story Highlights: olympics-medallist-mirabai-chanus-village-still-waits-for-water
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here