വിവാഹ വേദിയിൽ നിന്ന് നേരെ പോയത് മാതൃരാജ്യത്തിന് വേണ്ടി പടപൊരുതാൻ; യുക്രൈൻ ദമ്പതികളുടെ രാജ്യസ്‌നേഹത്തിന് മുന്നിൽ തല കുനിച്ച് ലോകം

യാരീന അരീവയും സ്വിയാതോസ്ലാവ് ഫുർസിനും ആഗ്രഹിച്ച വിവാഹം ഇങ്ങനെയായിരുന്നില്ല. നെയ്പർ നദിക്കരയ്ക്കരുകിലെ വിവാഹ വേദിയിൽ , തങ്ങൾക്ക് ഏറെ പ്രിയപ്പെട്ടവരുടെ സാമിപ്യത്തിൽ ലളിതമായ വിവാഹ ചടങ്ങ്. പാട്ടും, നൃത്തവും എല്ലാമായി സന്തോഷം നിറഞ്ഞ കൊച്ചു വിവാഹാഘോഷം. വർഷങ്ങളായി നെയ്‌തെടുത്ത ഈ സ്വപ്‌നം തകർന്നടിഞ്ഞത് ഒറ്റ രാത്രികൊണ്ടായിരുന്നു. നേരം ഇരുട്ടി വെളുത്തതോടെ തങ്ങളുടെ രാജ്യം യുദ്ധത്തെ അഭിമുഖീകരിക്കുന്നുവെന്ന വാർത്തയാണ് ഇരുവരേയും തേടിയെത്തിയത്. ( Ukraine couple went for war after wedding )
2019 ഒക്ടോബറിലാണ് അരീവയും ഫുർസിനും കണ്ടുമുട്ടുന്നത്. അന്ന് മൊട്ടിട്ട പ്രണയമാണ് മൂന്ന് വർഷങ്ങൾക്ക് ശേഷം ഇന്നലെ വിവാഹത്തിൽ കലാശിച്ചത്. ആദ്യം മെയ് 6നാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചിരുന്നത്. എന്നാൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ എത്രയും പെട്ടെന്ന് വിവാഹിതരാകാൻ അരീവയും ഫുർസിനും തീരുമാനിക്കുകയായിരുന്നു. യുദ്ധ പശ്ചാത്തലത്തിൽ ആർക്ക് എന്ത് സംഭവിക്കും എന്നറിയില്ല. മരണം പടിവാതിൽക്കൽ നിൽക്കുമ്പോൾ എത്രയും പെട്ടെന്ന് ഒന്നാവണമെന്ന ചിന്ത ഇരവർക്കുമിടയിൽ ഉണ്ടായതിൽ അത്ഭുതപ്പെടാനില്ല.
ഒടുവിൽ മിസൈലുകളുടേയും യുദ്ധവിമാനങ്ങളുടേയും അകമ്പടിയോടെ അരീവയും ഫുർസിനും സെന്റ് മൈക്കിൾസ് മൊണാസ്ട്രിയിൽ വച്ച് വിവാഹിതരായി. വിവാഹ ശേഷം ഇരുവരും നേരെ പോയത് യുദ്ധം ചെയ്യാനാണ്.
Read Also : യുക്രൈനിൽ റഷ്യ ഇറക്കിയിരിക്കുന്നത് സ്‌പെറ്റ്‌സ്‌നാസിനെ; ഈ പ്രത്യേക സൈനിക സംഘം ആരാണ് ?
‘ഞങ്ങൾ എപ്പോൾ വേണമെങ്കിലും മരണപ്പെടാം. മരിക്കുന്നതിന് മുൻപ് ഒരുമിച്ച് ജീവിക്കണമെന്ന് അഗ്രഹമുണ്ടായിരുന്നു. ഇപ്പോൾ അതും നടന്നു. ഇനി ഞങ്ങൾ പോകുന്നത് യുദ്ധഭൂമിയിലേക്കാണ്. ഞങ്ങളാൽ കഴിയുംവിധം യുക്രൈന് വേണ്ടി ഞങ്ങൾ പൊരുതും.’- അരീവ പറയുന്നു.
Story Highlights: Ukraine couple went for war after wedding
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here