Advertisement

അടിയന്തര ഘട്ടത്തില്‍ ഇടപെടും; റഷ്യയ്ക്ക് കടുത്ത മുന്നറിയിപ്പ് നല്‍കി നാറ്റോ

February 26, 2022
Google News 1 minute Read

യുക്രൈനില്‍ റഷ്യ നടത്തുന്ന അധിനിവേശനീക്കങ്ങള്‍ ലോകത്തിനാകെ ആശങ്കയാകുന്ന പശ്ചാത്തലത്തില്‍ അടിയന്തരമായി യുദ്ധം അവസാനിപ്പിക്കണമെന്ന് റഷ്യയോട് ആവശ്യപ്പെട്ട് നാറ്റോ. യുക്രൈനില്‍ നിന്നും മുഴുവന്‍ സൈന്യത്തേയും പിന്‍വലിക്കണമെന്ന ആവശ്യമാണ് നാറ്റോ മുന്നോട്ടുവെച്ചിരിക്കുന്നത്. അടിയന്തര ഘട്ടത്തില്‍ ഇടപെടേണ്ടി വരുമെന്ന് റഷ്യയ്ക്ക് നാറ്റോ കടുത്ത ഭാഷയില്‍ മുന്നറിയിപ്പ് നല്‍കി എന്നതാണ് ഈ ഘട്ടത്തില്‍ ഏറെ നിര്‍ണായകം. യുക്രൈന് സൈനിക സഹായം നല്‍കാന്‍ തയാറാണെന്നും നാറ്റോ അറിയിച്ചു.

യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിച്ചില്ലെങ്കില്‍ റഷ്യ ഭാവിയില്‍ വലിയ വില കൊടുക്കേണ്ടി വരുമെന്ന മുന്നറിയിപ്പാണ് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്‌റ്റോള്‍ടെന്‍ബെര്‍ഗ് നല്‍കിയത്. സുരക്ഷയെ സംബന്ധിച്ച മൂല്യങ്ങളെ റഷ്യ ഏതുവിധത്തിലാണ് അട്ടിമറിക്കുന്നതെന്ന് യുക്രൈന്റെ അനുഭവം തെളിയിക്കുന്നുണ്ടെന്ന് പറഞ്ഞുകൊണ്ട് ശക്തമായ ഭാഷയിലാണ് നാറ്റോ അധിനിവേശത്തെ അപലപിച്ചത്.

Read Also : സോവിയറ്റിലെ യുക്രൈന്‍ സ്വാധീനം; രാഷ്ട്രീയത്തിലും സംസ്‌കാരത്തിലും

റഷ്യ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചതായും നാറ്റോ സെക്രട്ടറി ജനറല്‍ ചൂണ്ടിക്കാട്ടി. കിഴക്കന്‍ യൂറോപ്പിലേക്ക് കൂടുതല്‍ കൂടുതല്‍ സൈന്യത്തെ അയയ്ക്കുമെന്നാണ് നാറ്റോ വ്യക്തമാക്കിയത്. 120 പടക്കപ്പലുകളും 30 യുദ്ധവിമാനങ്ങളും സജ്ജമാണെന്നും നാറ്റോ അറിയിച്ചു.

അതേസമയം ലോകം യുദ്ധഭീതിയില്‍ തുടരുന്നതിനിടെ യുക്രൈനില്‍ സൈനിക അട്ടിമറിക്കുള്ള ആഹ്വാനം നല്‍കി പുതിയ നീക്കവുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ രംഗത്തെത്തി. റഷ്യന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയെ തല്‍സ്ഥാനത്തുനിന്ന്‌ന നീക്കി അധികാരം പിടിച്ചെടുക്കാന്‍ യുക്രൈന്‍ സൈന്യത്തോട് ഒരു ടെലിവിഷന്‍ സന്ദേശത്തിലൂടെ പുടിന്‍ ആവശ്യപ്പെടുകയായിരുന്നു.

യുക്രൈന്‍ റാഡിക്കല്‍ നാഷണലിസ്റ്റുകള്‍ക്കും നാസികള്‍ക്കും നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളേയും സ്ത്രീകളേയും വയോധികരേയും കവചമാകാനായി വിട്ടുകൊടുക്കരുതെന്നും എത്രയും വേഗം സൈനിക അട്ടിമറി നടത്തണമെന്നുമാണ് പുടിന്‍ ആഹ്വാനം ചെയ്തത്. അധികാരം നിങ്ങളുടെ കൈകളിലായാല്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകും. സായുധ സേനയിലെ സൈനികര്‍ ധീരന്മാരാണെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.

ലോകരാജ്യങ്ങള്‍ യുക്രൈനിലെ സ്ഥിതിഗതികളില്‍ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയ പശ്ചാത്തലത്തില്‍ ഉപാധികളോടെ ചര്‍ച്ചയ്ക്കുള്ള സന്നദ്ധത റഷ്യ അറിയിച്ചിട്ടുണ്ട്. യുക്രൈനുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ അറിയിച്ചു. റഷ്യന്‍ പ്രതിനിധി സംഘത്തെ ബെലാറസിലെ മിന്‍സ്‌കിലേക്ക് അയയ്ക്കാമെന്നാണ് പുടിന്‍ പറഞ്ഞത്. ചര്‍ച്ചയ്ക്ക് മുന്നോടിയായി നിരായുധീകരണത്തിന് യുക്രൈന്‍ തയാറാകണമെന്ന ഉപാധി ആര്‍ത്തിച്ചുകൊണ്ട് തന്നെയായിരുന്നു പുടിന്റെ അറിയിപ്പ്.

Story Highlights: nato warns russia amid war

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here