യുക്രൈന് സഹായവുമായി ജർമ്മനി; ആയുധങ്ങളും മിസൈലുകളും നൽകും

യുക്രൈന് ഉപരിതല മിസൈലുകളും, ആന്റി-ടാങ്ക് ആയുധങ്ങളും നൽകുമെന്ന് ജർമ്മനി. 1,000 ആന്റി-ടാങ്ക് ആയുധങ്ങളും 500 “സ്റ്റിംഗർ” ഉപരിതല മിസൈലുകളും യുക്രൈനിലേക്ക് അയയ്ക്കുമെന്ന് ബെർലിൻ സർക്കാർ സ്ഥിരീകരിച്ചു. സംഘട്ടന മേഖലകളിലേക്കുള്ള ആയുധ കയറ്റുമതി നിരോധിക്കുന്ന ദീർഘകാല നയത്തിൽ നിന്നുള്ള വലിയ മാറ്റമാണ് ഈ നീക്കം.
“വ്‌ളാഡിമിർ പുടിന്റെ അധിനിവേശ സൈന്യത്തിനെതിരായ പ്രതിരോധത്തിൽ, യുക്രൈനെ കഴിവിന്റെ പരമാവധി പിന്തുണയ്ക്കേണ്ടത് ഞങ്ങളുടെ കടമയാണ്” ചാൻസലർ ഒലോഫ് ഷോൾസ് പറഞ്ഞു. നേരത്തെ റഷ്യയ്‌ക്കെതിരായ സ്വിഫ്റ്റ് ഉപരോധത്തെ ജർമ്മനി പിന്തുണച്ചു. അതേസമയം, റഷ്യ നടത്തുന്നത് അർത്ഥശൂന്യമായ യുദ്ധമെന്ന് അമേരിക്ക കുറ്റപ്പെടുത്തി. യുക്രൈന് സൈനിക സഹായമായി 350 മില്യൺ ഡോളർ കൂടി അനുവദിച്ചതായി സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അറിയിച്ചു. ഏത് വിധേനയും തങ്ങളുടെ രാഷ്‌ട്രത്തെ സംരക്ഷിക്കാൻ പോരാടുന്ന യുക്രൈനിലെ ജനങ്ങൾക്കൊപ്പമാണ് അമേരിക്ക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുക്രൈന്റെ പ്രതിരോധത്തിന് പിന്തുണയായി 350 മില്യൺ ഡോളർ കൂടി അനുവദിക്കാൻ പ്രസിഡന്റ് ജോ ബൈഡൻ ബ്ലിങ്കനോട് നിർദ്ദേശിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചിരുന്നു. മാരകമായ പ്രതിരോധ ആയുധങ്ങൾ വാങ്ങിക്കുന്നതിനായി യുക്രൈന് സാമ്പത്തിക സഹായം നൽകാൻ ആഗ്രഹിക്കുന്നതായി യുഎസ് ജനപ്രതിനിധി സഭ സപീക്കർ നാൻസി പെലോസി അറിയിച്ചിരുന്നു. റഷ്യയ്‌ക്ക് മേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്താനാണ് അമേരിക്ക അടക്കമുള്ള പാശ്ചാത്യരാജ്യങ്ങളുടെ തീരുമാനം. അമേരിക്കയിലുള്ള റഷ്യൻ സമ്പത്തുകൾ മരവിപ്പിക്കും. നാല് റഷ്യൻ ബാങ്കുകൾക്ക് കൂടി അമേരിക്കയിൽ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.
Story Highlights: germany-to-send-ukraine-missiles-and-weapons