യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ശുഭവാര്‍ത്ത; പോളണ്ട് അതിര്‍ത്തി കടക്കാന്‍ വിസ വേണ്ട
യുദ്ധഭീതിയിലും അനശ്ചിതാവസ്ഥയിലും യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍ക്ക് ശുഭവാര്‍ത്തയുമായി എംബസി. യുക്രൈനില്‍ നിന്ന് നാട്ടിലെത്താന്‍ ശ്രമിക്കുന്ന ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പോളണ്ട് അതിര്‍ത്തി കടക്കാന്‍ വിസ ആവശ്യമില്ലെന്ന് ഇന്ത്യയിലെ പോളണ്ട് അംബാസഡര്‍ ആദം ബുരാക്കോവ്‌സ്‌കി അറിയിച്ചു. അതിര്‍ത്തിയിലൂടെ പോളണ്ട് വഴി രക്ഷാദൗത്യത്തിന്റെ ഭാഗമാകാന്‍ ശ്രമിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിസയുമായി ബന്ധപ്പെട്ട് ആശങ്കകള്‍ ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് അനിശ്ചിതത്വം അവസാനിപ്പിച്ച് സുപ്രധാന പ്രഖ്യാപനമെത്തുന്നത്.
രക്ഷാദൗത്യത്തിന് മോള്‍ഡോവയുടെ സഹായവും ഇന്ത്യ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. മാള്‍ഡോവ വിദേശകാര്യ മന്ത്രിയെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഫോണില്‍ ബന്ധപ്പെട്ടു. മോള്‍ഡോവന്‍ അതിര്‍ത്തിയിലൂടെ ഇന്ത്യക്കാര്‍ക്ക് പ്രവേശിക്കാന്‍ അവസരം ഒരുക്കണമെന്ന് എസ് ജയശങ്കര്‍ ആവശ്യപ്പെട്ടു. വിദേശകാര്യ മന്ത്രാലയ പ്രതിനിധികള്‍ നാളെ മോള്‍ഡോവയിലെത്തുമെന്ന് അദ്ദേഹം അറിയിച്ചു.
ഇതിനിടെ രക്ഷാദൗത്യത്തിന് യുക്രൈന്റെ സഹായം ലഭിക്കുന്നുണ്ടെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. ഇന്ത്യക്കാര്‍ക്ക് കീവില്‍ നിന്ന് പ്രത്യേക ട്രെയിന്‍ സര്‍വീസുണ്ടാകുമെന്ന് ഇന്ത്യന്‍ എംബസിയുടെ പുതിയ നിര്‍ദേശം. കീവില്‍ നിന്ന് ഇന്ത്യക്കാരെ ട്രെയിനില്‍ അതിര്‍ത്തിയില്‍ എത്തിക്കുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.
കീവിലെ സംഘര്‍ഷ മേഖലകളില്‍ നിന്ന് പടിഞ്ഞാറന്‍ മേഖലയിലേക്ക് ഇന്ത്യക്കാര്‍ പോകണമെന്നാണ് നിര്‍ദേശം. ഇക്കാര്യം നിര്‍ബന്ധമായും ഇന്ത്യക്കാര്‍ പാലിക്കണമെന്ന് എംബസി അറിയിച്ചു.കീവില്‍ നിന്നുള്ള ട്രെയിന്‍ സര്‍വീസ് സൗജന്യമായിരിക്കും. റെയില്‍വേ സ്റ്റേഷനുകളില്‍ ആദ്യമെത്തുന്നവര്‍ക്കാണ് മുന്‍ഗണന ലഭിക്കുക.
Story Highlights: indian students can enter poland without visa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here