രഞ്ജി: രണ്ടാം ഇന്നിംഗ്സിലും സെഞ്ചുറിയടിച്ച് രോഹൻ കുന്നുമ്മൽ; കേരളത്തിന് തുടർച്ചയായ രണ്ടാം ജയം

രഞ്ജി ട്രോഫി എലീറ്റ് ഗ്രൂപ്പ് എയിൽ ഗുജറാത്തിനെതിരെ തകർപ്പൻ ജയവുമായി കേരളം. 8 വിക്കറ്റിനാണ് കേരളം ഗുജറാത്തിനെ കീഴടക്കിയത്. ആദ്യ മത്സരത്തിൽ മേഘാലയക്കെതിരെ കേരളം ഇന്നിംഗ്സ് ജയം കുറിച്ചിരുന്നു. മധ്യപ്രദേശിനെതിരെ നടക്കുന്ന അടുത്ത മത്സരത്തിൽ വിജയിച്ചാൽ കേരളത്തിന് രണ്ടാം റൗണ്ടിലേക്ക് മുന്നേറാം. ഓപ്പണർ രോഹൻ കുന്നുമ്മൽ കേരളത്തിനായി രണ്ടാം ഇന്നിംഗ്സിലും സെഞ്ചുറി നേടി. 106 റൺസ് നേടിയ താരം പുറത്താവാതെ നിന്നു. മേഘാലയക്കെതിരെയും സെഞ്ചുറിയടിച്ച താരം തുടരെ മൂന്ന് സെഞ്ചുറി നേടുന്ന ആദ്യ കേരള താരമെന്ന റെക്കോർഡും കുറിച്ചു. ക്യാപ്റ്റൻ സച്ചിൻ ബേബി 62 റൺസെടുത്തു.
51 റൺസിൻ്റെ ലീഡാണ് കേരളം ആദ്യ ഇന്നിംഗ്സിൽ നേടിയത്. രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് 5 വിക്കറ്റ് നഷ്ടത്തിൽ 84 റൺസെന്ന നിലയിൽ പതറിയെങ്കിലും കരൻ പി പട്ടേൽ (81), ഉമങ് (70) എന്നിവരുടെ ഇന്നിംഗ്സുകൾ അവരെ മാന്യമായ സ്കോറിലേക്ക് നയിച്ചു. രണ്ടാം ഇന്നിംഗ്സിൽ 264 റൺസെടുത്ത് അവർ ഓൾഔട്ടായി. 214 റൺസായിരുന്നു കേരളത്തിൻ്റെ വിജയലക്ഷ്യം. പൊന്നം രാഹുൽ (7) വേഗം മടങ്ങിയെങ്കിലും രോഹനും സച്ചിനും ചേർന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് കേരളത്തെ വിജയത്തിനരികെയെത്തിച്ചു. 143 റൺസാണ് ഈ സഖ്യം രണ്ടാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. 62 റൺസെടുത്ത് സച്ചിൻ പുറത്തായെങ്കിലും നാലാം നമ്പറിലെത്തിയ സൽമാൻ നിസാർ (28) രോഹനൊപ്പം ചേർന്ന് കേരളത്തിന് അനായാസ ജയം സമ്മാനിച്ചു. സൽമാനൊപ്പം ടി-20 ശൈലിയിൽ ബാറ്റ് വീശിയ രോഹൻ 87 പന്തിൽ 12 ബൗണ്ടറിയും 3 സിക്സറും അടക്കം 106 റൺസ് നേടി പുറത്താവാതെ നിന്നു.
Story Highlights: kerala won gujarat ranji trophy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here