Advertisement

അന്ന് ചടുലമായ ചുവടുകള്‍ വച്ച് വിസ്മയിപ്പിച്ചു, ഇന്ന് ചെറുത്തുനില്‍പ്പ് കൊണ്ടും;കാണാം സെലന്‍സ്‌കിയുടെ ഡാന്‍സ്-വിഡിയോ

February 27, 2022
Google News 2 minutes Read

ലോകത്തെയാകെ ഭീതിയിലാക്കി റഷ്യ യുക്രൈന്‍ അധിനിവേശം ശക്തമാക്കി വരുന്ന പശ്ചാത്തലത്തില്‍ വൊളോദിമിര്‍ സെലന്‍സ്‌കി എന്ന നേതാവിന്റെ ചെറുത്തുനില്‍പ്പും ധീരതയും ലോകരാജ്യങ്ങള്‍ പ്രശംസിക്കുകയാണ്. കൂടെ ആരുമില്ല ഒറ്റയ്ക്കാണ് ഈ പോരാട്ടം എന്നും താനാണ് അക്രമികളുടെ ആദ്യ ലക്ഷ്യം എന്നും വൈകാരികമായി പ്രഖ്യാപിച്ചുകൊണ്ട് സെലന്‍സ്‌കി രംഗത്തെത്തുന്നതും പിന്നീട് തലസ്ഥാന നഗരിയെ റഷ്യയ്ക്ക് വിട്ടുകൊടുക്കില്ലെന്നും നാടുവിടില്ലെന്നും അദ്ദേഹം സധൈര്യം പറയുന്നതും ലോകം കണ്ടു. എന്നും സമാധാനമാണ് തങ്ങള്‍ ആഗ്രഹിച്ചിരുന്നത് എന്നാല്‍ ഇപ്പോള്‍ നിശബ്ദരായാല്‍ നമ്മുക്ക് നാട് നഷ്ടമാകുമെന്ന് സെലന്‍സ്‌കി ആഹ്വാനം ചെയ്തത് അനുസരിച്ച് യുക്രൈന്‍ ജനത ആയുധമെടുത്ത് യുദ്ധമുഖത്തെത്തുകയാണ്. ലോകമെങ്ങും സെലന്‍സ്‌കിയുടെ ആഹ്വാനങ്ങളും ചെറുത്തുനില്‍പ്പും ചര്‍ച്ചയാകുന്ന പശ്ചാത്തലത്തില്‍ സെലന്‍സ്‌കിയുടെ പഴയ ചില നൃത്തവിഡിയോകളും ശ്രദ്ധ നേടുന്നുണ്ട്. ടെലിവിഷന്‍ ഷോയിലെ സെലന്‍സ്‌കിയുടെ ചടുലമായ നൃത്തച്ചുവടുകള്‍ പ്രതിസന്ധിക്കാലത്ത് ട്വിറ്ററില്‍ വീണ്ടും ട്രെന്‍ഡിംഗാകുന്നുണ്ട്.

ഡാന്‍സിംഗ് വിത്ത് ദി സ്റ്റാറിന്റെ യുക്രൈനിയന്‍ പതിപ്പായ ഒരു ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുത്ത് 2006 ല്‍ സെലന്‍സ്‌കി ചെയ്ത നൃത്തമാണ് ശ്രദ്ധ നേടുന്നത്. പരിപാടിയിലെ വിവധ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ വിഡിയോ പോസ്റ്റ് ചെയ്ത് ഒരു മണിക്കൂറിനുള്ളില്‍ 21000 പേരിലധികം വിഡിയോ ലൈക്ക് ചെയ്യുകയായിരുന്നു.

യുക്രൈന്റെ നിലനില്‍പ്പിനെ പരുങ്ങലിലാക്കിക്കൊണ്ട് റഷ്യ വലിയ തോതിലുള്ള അധിനിവേശം നടത്തിവരുന്നതിനാല്‍ യുക്രൈന്‍ സൈന്യത്തെ സഹായിച്ച് നിര്‍ണായക ഘട്ടത്തില്‍ രാജ്യത്തിനൊപ്പം നില്‍ക്കുകയാണ് യുക്രൈന്‍ ജനത. റഷ്യന്‍ ആക്രമണത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനായി ആയുധമെടുത്ത് പോരാടി യുദ്ധമുഖത്ത് യുക്രൈന്‍ ജനത നിലയുറപ്പിക്കുകയാണ്. സ്ത്രീകള്‍ ഉള്‍പ്പെടെ പലരും യുദ്ധത്തില്‍ പങ്കാളികളാകുന്നു. പതിനെണ്ണായിരം തോക്കുകളാണ് സര്‍ക്കാര്‍ സാധാരണക്കാര്‍ക്ക് നല്‍കിയിരിക്കുന്നത്. മിക്ക വീടുകളിലും തോക്ക് ഉള്‍പ്പടെയുള്ള മാരകായുധങ്ങള്‍ എത്തിച്ചിട്ടുണ്ട്. ഇതിനിടെ, പെട്രോള്‍ ബോംബ് ഉണ്ടാക്കാന്‍ സര്‍ക്കാര്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു. നിര്‍മാണം എങ്ങനെയെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

യുക്രൈന്‍ ജനത സകലശക്തിയുമെടുത്ത പോരാടുകയാണ്. ഏതുവിധേനയും റഷ്യന്‍ അധിനിവേശത്തെ ചെറുക്കാനും സ്വാഭിമാനം ഉയര്‍ത്തിപ്പിടിക്കാനും ഒരു ജനത ഒറ്റയ്ക്ക് പോരാടുന്നതിന്റെ ദൃശ്യങ്ങളാണ് യുക്രൈനില്‍ എങ്ങും. തോക്ക് എന്താണെന്ന് അറിയാത്തവര്‍ പോലും തോക്കെടുത്ത്, തെരുവിലിറങ്ങി പോരാടുന്നു. റഷ്യന്‍ ആക്രമണം ശക്തമായ യുക്രൈന്‍ നഗരങ്ങളിലാണ് സൈനികമുന്നേറ്റം തടയാന്‍ ജനങ്ങള്‍ ആയുധമെടുത്തിരിക്കുന്നത്.

Story Highlights: zelensky dance video trending twitter

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here