Advertisement

ഇടതുപക്ഷ സാംസ്‌കാരിക പ്രവര്‍ത്തനം ദുര്‍ബലപ്പെടുന്നു; സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കണമെന്നും സിപിഐഎം പ്രവര്‍ത്തന റിപ്പോര്‍ട്ട്

February 28, 2022
1 minute Read

ഇടതുപക്ഷ സാംസ്‌കാരിക പ്രവര്‍ത്തനം ദുര്‍ബലപ്പെടുന്നുവെന്ന് സിപിഐഎം പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിമര്‍ശനം. ബിജെപി വേദിയില്‍ പോലും പോയി പ്രസംഗിക്കാന്‍ സംസ്‌കാരിക നായകര്‍ക്കും എഴുത്തുകാര്‍ക്കുമടിയില്ലാത്ത നിലയാണ് കേരളത്തിലുള്ളത്. കേരളത്തിലെ വലുതപക്ഷ സാംസ്‌കാരിക മുന്നേറ്റം കരുത്താര്‍ജിക്കുന്ന സ്ഥിതിയാണ്. ഈ സാഹചര്യത്തില്‍ കേരളത്തിലെ വലുതപക്ഷ സാംസ്‌കാരിക മുന്നേറ്റത്തിനെതിരേ പ്രതിരോധം വേണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. നാളെ ആരംഭിക്കുന്ന സിപിഐഎം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ള പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ ട്വിന്റി ഫോറിന് ലഭിച്ചു.

രണ്ടാം പിണറായി സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ സില്‍വര്‍ലൈന് പദ്ധതിയ്‌ക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളില്‍ രൂക്ഷ വിമര്‍ശനമാണ് റിപ്പോര്‍ട്ടിലുള്ളത്. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരേ ഉയരുന്നത് ഊതി വീര്‍പ്പിച്ച പ്രശ്‌നങ്ങളാണ്. ജനങ്ങളുടെ ആശങ്ക നീക്കി പദ്ധതി നടപ്പാക്കണം. പദ്ധതിക്കായി ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് ഒരുതരത്തിലുള്ള പ്രയാസവും ഉണ്ടാകില്ലെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

പാര്‍ട്ടിയില്‍ നിന്ന് അകന്ന ദളിത് വിഭാഗങ്ങള്‍ തിരിച്ചുവന്നു. ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കാന്‍ ശ്രമമുണ്ടാകണം. പാര്‍ട്ടിയുടെ ശക്തിയായ ദളിത് വിഭാഗം സ്വത്വ രാഷ്ട്രീയത്തോട് ആഭിമുഖ്യം കാണിക്കുന്നു. ഹിന്ദുത്വ വര്‍ഗീയതയെ എതിര്‍ക്കുന്നതോടൊപ്പം ജമാഅത്തെ ഇസ്‌ലാമിയേയും എസ്ഡിപിഐയേയും ശക്തമായി എതിര്‍ക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Read Also : വളർത്തുമൃഗങ്ങളെ കൊണ്ടുപോകാൻ അനുമതി; തകരുന്ന ജീവിതങ്ങൾക്കിടയിലും തങ്ങളുടെ പൊന്നോമനകളെ ചേർത്തുപിടിച്ച് ജനങ്ങൾ…

അതേസമയം, സിപിഐഎം സംസ്ഥാന സമ്മേളനത്തിന് നാളെ എറണാകുളം മറൈന്‍ ഡ്രൈവില്‍ തുടക്കമാകും. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. മുതിര്‍ന്ന പ്രതിനിധി എന്ന നിലയില്‍ സെക്രട്ടറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ പതാക ഉയര്‍ത്തും.

തുടര്‍ഭരണത്തിന്റെ തുടര്‍ച്ച ലക്ഷ്യമിട്ടുള്ള ചര്‍ച്ചകളാണ് സമ്മേളനത്തില്‍ പ്രധാനമായും ഉയര്‍ന്നുവരാന്‍ പോകുന്നത്. കോടിയേരി ബാലകൃഷ്ണന്‍ തന്നെ സെക്രട്ടറിയായി തുടരാനാണ് സാധ്യത. 37 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എറണാകുളം സിപിഐഎമ്മിന്റെ സംസ്ഥാന സമ്മേളനങ്ങള്‍ക്ക് വേദിയാകുന്നത്. 14 ജില്ലാ സമ്മേളനങ്ങളും തര്‍ക്കങ്ങളില്ലാതെ പൂര്‍ത്തിയാക്കിയ സിപിഐഎമ്മിന്സംസ്ഥാന സമ്മേളനത്തിലേക്ക് എത്തുമ്പോള്‍ വിഭാഗീയത പൂര്‍ണമായും തുടച്ച് നീക്കിയെന്ന ആത്മ വിശ്വാസമുണ്ട്. വിവിധ ജില്ലകളില്‍ നിന്നും തെരഞ്ഞെടുത്ത 400ഓളം പ്രതിനിധികളാണ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടനത്തിന് ശേഷംസംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഭാവി കേരളത്തെക്കുറിച്ചുള്ള പ്രത്യേക രേഖ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിക്കും. 75 വയസ് പ്രായപരിധി കര്‍ശനമാക്കിയതിനാല്‍ സംസ്ഥാന സെക്രട്ടേറിയിറ്റിലും സംസ്ഥാന സമിതിയിലും നിരവധി പുതുമുഖങ്ങള്‍ വരും.

Story Highlights: cpim political report

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top