കീവില്‍ ഉഗ്ര സ്‌ഫോടനം

കീവില്‍ ഉഗ്ര സ്‌ഫോടനം നടന്നെന്ന് റിപ്പോര്‍ട്ട്. കീവ് സിറ്റി സെന്ററില്‍ യുക്രൈന്‍ സമയം തിങ്കളാഴ്ച വൈകുന്നേരം 6.40നാണ് സ്‌ഫോടനമുണ്ടായതെന്നും അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്നുണ്ടായതില്‍ വച്ച് ഏറ്റവും വലിയ സ്‌ഫോടനമാണ് കീവിലുണ്ടായത്. ഇതേതുടര്‍ന്ന് ജനങ്ങള്‍ ബങ്കറിലേക്ക് മാറണമെന്ന് യുക്രൈന്‍ നിര്‍ദേശിച്ചു.
അതേസമയം റഷ്യയും യുക്രൈനും അടിയന്തരമായി വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. ജനവാസ മേഖലകളില്‍ റഷ്യ ആക്രമണം നടത്തുന്നതിന്റെ തെളിവുകളുണ്ട്. മേഖലയില്‍ എത്രയും വേഗം സമാധാനം പുലരണമെന്ന് യുഎന്‍ ആഹ്വാനം ചെയ്തു. ഈ യുദ്ധം തുടര്‍ന്നാല്‍ ദശാബ്ദങ്ങള്‍ക്ക് ശേഷമുള്ള വലിയ പ്രതിസന്ധിയായിരിക്കുമെന്ന് യുഎന്‍ വിലയിരുത്തി.
യുഎന്‍ പൊതുസഭാ സമ്മേളനം ജനീവയില്‍ പുരോഗമിക്കുകയാണ്. ബെലാറസില്‍ നടക്കുന്ന സമാധാന ചര്‍ച്ചയെയും യുഎന്‍ സ്വാഗതം ചെയ്തു. ‘യുദ്ധം ഒന്നിനും പരിഹാരമല്ല. യുദ്ധം മരണവും നാശനഷ്ടവും മാത്രമാണ് കൊണ്ടുവരുന്നത്. ലോകരാജ്യങ്ങള്‍ യുക്രൈന്‍ ജനതയെ കൈവിടില്ലെന്ന് യുഎന്‍ പൊതുസഭയില്‍ അംഗരാജ്യങ്ങള്‍ ഉറപ്പുനല്‍കി. യുക്രൈന്റെ നിലവിലെ അവസ്ഥയില്‍ യുഎന്‍ ആശങ്ക അറിയിച്ചു.
യുദ്ധം തുടങ്ങിവെച്ചത് റഷ്യയാണെന്ന് യുഎന്‍ പൊതുസഭയിലെ യുക്രൈന്‍ പ്രതിനിധി കുറ്റപ്പെടുത്തി. മധ്യ യൂറോപ്പിലെ നിലവിലെ സാഹചര്യം രണ്ടാം ലോകമഹായുദ്ധ കാലത്തേത്തിന് സമാനമാണ്. സ്‌കൂളുകള്‍ക്കും കുട്ടികള്‍ക്കും നേരെ വരെ റഷ്യന്‍ സൈന്യം ആക്രമണം നടത്തുന്നുണ്ട്. റഷ്യയുടെ നടപടിക്കെതിരെ ലോകരാഷ്ട്രങ്ങള്‍ പ്രതികരിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് പ്രതിനിധി ചൂണ്ടിക്കാട്ടി.
എന്നാല്‍ യുക്രൈന്‍ പിടിച്ചടക്കാനല്ല ഇപ്പോഴത്തെ ആക്രമണമെന്ന് റഷ്യ യുഎന്‍ പൊതുസഭയില്‍ വ്യക്തമാക്കി. യുക്രൈനിലെ ആക്രമണം ഡോണ്‍ബാസിലെ ജനതയെ സംരക്ഷിക്കാനാണെന്ന് യുഎന്നിലെ റഷ്യന്‍ പ്രതിനിധി വ്യക്തമാക്കി. യുദ്ധം സംബന്ധിച്ച് പ്രചരിക്കുന്നതെല്ലാം വ്യാജവാര്‍ത്തകളാണെന്നും റഷ്യന്‍ പ്രതിനിധി വാദിച്ചു. യുക്രൈന് ആയുധങ്ങള്‍ നല്‍കുന്നതില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് നേരെയും റഷ്യ വിമര്‍ശനമുന്നയിച്ചു. അമേരിക്കയെയും പൊതുസഭയില്‍ കുറ്റപ്പെടുത്തിയ യുഎന്‍ റഷ്യക്കെതിരായ രാജ്യമാക്കി യുക്രൈനെ മാറ്റുകയാണ് യുഎസിന്റെ ലക്ഷ്യമെന്ന് വിമര്‍ശിച്ചു.
Story Highlights: Explosions heard near Kyiv
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here