റഷ്യയുമായുള്ള ചര്‍ച്ചയില്‍ തനിക്ക് പ്രതീക്ഷയില്ലെന്ന് സെലന്‍സ്‌കി

യുദ്ധം ലോകമെങ്ങും ആശങ്ക വിതയ്ക്കുമ്പോള്‍ ലോകരാജ്യങ്ങളെല്ലാം ഉറ്റുനോക്കുന്ന യുക്രൈന്‍- റഷ്യ ചര്‍ച്ചയ്ക്ക് മുന്നോടിയായി പ്രതികരിച്ച് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി. റഷ്യയുമായുള്ള ചര്‍ച്ചകളില്‍ തനിക്ക് കാര്യമായ പ്രതീക്ഷയില്ലെന്ന് സെലന്‍സ്‌കി പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാന്‍ താന്‍ ശ്രമിച്ചില്ലെന്ന് ഒരു പൗരനും കരുതരുതെന്ന് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. അതിര്‍ത്തി സംരക്ഷിക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുക്രൈനെ സംബന്ധിച്ച് അടുത്ത 24 മണിക്കൂര്‍ വളരെ നിര്‍ണായകമാണെന്നും സെലന്‍സ്‌കി അറിയിച്ചു. യു കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായി സെലന്‍സ്‌കി ഫോണില്‍ സംസാരിച്ചിരുന്നു. സെലന്‍സ്‌കിയുടെ നേതൃപാടവത്തെ ബോറിസ് ജോണ്‍സണ്‍ പ്രശംസിച്ചു. ഞായറാഴ്ച ദുഷ്‌കരമായ ദിവസമായിരുന്നെന്നും സെലന്‍സ്‌കി അറിയിച്ചു.
Read Also : ലഭ്യമായ മാര്‍ഗങ്ങളിലൂടെ വേഗം റഷ്യയില്‍ നിന്ന് മടങ്ങാന്‍ ഫ്രഞ്ച് പൗരന്മാര്‍ക്ക് നിര്‍ദേശം
ബെലാറസില്‍ വച്ച് ചര്‍ച്ചയ്ക്ക് തയാറെന്ന് യുക്രൈന്‍ അറിയിച്ചതായി റഷ്യയാണ് ഇന്നലെ പ്രഖ്യാപിച്ചത്. യുക്രൈന്‍ പ്രതിനിധി സംഘം ചര്‍ച്ചയ്ക്ക് തിരിച്ചതായി റിപ്പോര്‍ട്ട്. ബെലാറസില്‍ വച്ച് ചര്‍ച്ചയ്ക്ക് തയാറല്ലെന്നായിരുന്നു യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി നേരത്തെ പറഞ്ഞിരുന്നത്. വായ്‌സോ, ഇസ്താംബുള്‍,എന്നിവിടങ്ങളില്‍ എവിടെയും ചര്‍ച്ചയ്ക്ക് തയാറാണ് എന്നാല്‍ ബലാറസില്‍ വച്ചുള്ള ചര്‍ച്ചയ്ക്ക് തയാറല്ലെന്നുമാണ് യുക്രൈന്‍ അറിയിച്ചിരുന്നത്. ആക്രമണം നിര്‍ത്തുകയാണ് റഷ്യ ആദ്യം ചെയ്യേണ്ടതെന്നും ബെലാറസില്‍ നിന്ന് ആക്രമണം നടത്തുമ്പോള്‍ ചര്‍ച്ച സാധ്യമല്ലെന്നും സെലന്‍സ്‌കി പ്രതികരിച്ചിരുന്നു.
സാധാരണക്കാരെ കൊന്നൊടുക്കുന്നതിന് റഷ്യയെ വിചാരണ ചെയ്യണമെന്ന് അന്താരാഷ്ട്ര കോടതിയോട് യുക്രൈന്‍ ആവശ്യപ്പെട്ടിരുന്നു. കൂടാതെ യുഎന്‍ രക്ഷാസമിതിയില്‍ നിന്ന് റഷ്യയെ പുറത്താക്കണമെന്നും സെലെന്‍സ്‌കി ആവശ്യപ്പെട്ടിരുന്നു. യുക്രൈനിലെ റഷ്യന്‍ അധിനിവേശം കൂട്ടക്കുരുതിയാണ്. റഷ്യ തിന്മയുടെ പാത സ്വീകരിച്ചെന്നും യുഎന്‍ രക്ഷാസമിതിയില്‍ നിന്നും റഷ്യയെ പുറത്താക്കാന്‍ ലോകം ഒന്നിക്കണമെന്നും സെലെന്‍സ്‌കി വിഡിയോ സന്ദേശത്തിലൂടെ ആവശ്യപ്പെടുകയായിരുന്നു.
Story Highlights: zelensky on russia- ukraine meeting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here