മുംബൈക്കും ബ്ലാസ്റ്റേഴ്സിനും ജയം അനിവാര്യം; ഐഎസ്എലിൽ ഇന്ന് ആവേശപ്പോര്

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സും മുംബൈ സിറ്റി എഫ്സിയും തമ്മിൽ ഏറ്റുമുട്ടും. വൈകിട്ട് ഏഴരയ്ക്ക് ഗോവയിലെ തിലക് മൈതാനിലാണ് മത്സരം. ഇരു ടീമുകളും ജയം മാത്രം ലക്ഷ്യമാക്കിയാണ് ഇന്ന് ഇറങ്ങുന്നത്. അതുകൊണ്ട് തന്നെ ഇന്നത്തെ പോരാട്ടം ആവേശമാവും.
പോയിൻ്റ് പട്ടികയിൽ മുംബൈയും ബ്ലാസ്റ്റേഴ്സും യഥാക്രമം നാല്, അഞ്ച് സ്ഥാനങ്ങളിലാണ്. മുംബൈക്ക് 31ഉം ബ്ലാസ്റ്റേഴ്സിന് 30ഉം പോയിൻ്റുണ്ട്. 34 പോയിൻ്റെങ്കിലും നേടിയെങ്കിലേ നാലാം സ്ഥാനത്തെങ്കിലും പ്ലേ ഓഫ് ഉറപ്പിക്കാനാവൂ. ഇരു ടീമുകൾക്കും ഇനി അവശേഷിക്കുന്നത് ഇന്നത്തേതുൾപ്പെടെ രണ്ട് മത്സരങ്ങൾ. ഈ രണ്ട് മത്സരങ്ങളും വിജയിച്ചാൽ ആ ടീം ഉറപ്പായും പ്ലേ ഓഫ് യോഗ്യത നേടും.
ഇന്ന് തോൽക്കുകയാണെങ്കിൽ മുബൈക്ക് അടുത്ത മത്സരത്തിൽ ജയം അനിവാര്യമാവും. പക്ഷേ, അവരുടെ അടുത്ത എതിരാളികൾ കരുത്തരായ ഹൈദരാബാദാണ്. ഇന്ന് മുംബൈ ജയിച്ചാൽ അവർക്ക് 34 പോയിൻ്റാവും. അങ്ങനെയെങ്കിൽ ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് അസാധ്യമാവും. അടുത്ത മത്സരത്തിൽ മുംബൈ തോറ്റ് ബ്ലാസ്റ്റേഴ്സ് വിജയിച്ചാലും ബ്ലാസ്റ്റേഴ്സിന് 33ഉം മുംബൈക്ക് 34ഉം പോയിൻ്റാണ് ഉണ്ടാവുക.
ഇനി ഇന്ന് ബ്ലാസ്റ്റേഴ്സ് വിജയിച്ച് അടുത്ത മത്സരത്തിൽ സമനിലയാവുകയും മുംബൈ അടുത്ത മത്സരത്തിൽ വിജയിക്കുകയും ചെയ്താൽ ഇരു ടീമുകൾക്കും ആകെ 34 പോയിൻ്റാവും. അങ്ങനെയെങ്കിൽ ഗോൾ വ്യത്യാസം നിർണായകമാവും.
Story Highlights: mumbai city kerala blasters isl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here