Advertisement

കീവിലെ ടി.വി ടവറിന് നേരെ റഷ്യയുടെ വ്യോമാക്രമണം

March 2, 2022
3 minutes Read

കീവിലെ ടി.വി ടവറിന് നേരെ റഷ്യ വ്യോമാക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍. ഇതോടെ യുക്രൈനിലെ ടി.വി ചാനലുകളുടെ സംപ്രേക്ഷണം മുഴുവന്‍ തടസപ്പെട്ടു. അപ്രതീക്ഷിതമായുണ്ടായ വ്യോമാക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. നേരത്തേ ഖാര്‍ക്കിവിലുണ്ടായ റഷ്യന്‍ വ്യോമാക്രമണത്തില്‍ എട്ട് പേര്‍ മരിച്ചിരുന്നു. ജനവാസ മേഖലയിലാണ് ആക്രമണം നടന്നത്.

നേരത്തേ, യുക്രൈന്‍ കീഴടങ്ങില്ലെന്ന് ആവര്‍ത്തിച്ച് പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്‌കി രംഗത്തെത്തിയിരുന്നു. യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു പ്രസിഡന്റിന്റെ പരാമര്‍ശം. ‘യുക്രൈന്‍ ശക്തരാണ്. ആര്‍ക്കും തങ്ങളെ തോല്‍പ്പിക്കാന്‍ സാധിക്കില്ല. രാജ്യത്തിന്റെ സംരക്ഷണത്തിനായി പട്ടാളക്കാര്‍ കനത്ത വില നല്‍കുന്നു. ഞങ്ങള്‍ ഈ പോരാട്ടത്തെ അതിജീവിക്കും. യുക്രൈന്‍ ജനത മുഴുവന്‍ പോരാട്ടത്തിലാണ്. ഇന്ന് യുക്രൈന് ദുരന്തദിനമാണ്. ഖാര്‍ക്കീവിലെ ഫ്രീഡം സ്‌ക്വയറിനെതിരെ ഇന്ന് രണ്ട് മിസൈല്‍ ആക്രമണമുണ്ടായി’- സെലന്‍സ്‌കി പറഞ്ഞു.

യുക്രൈന് യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം നല്‍കാന്‍ യൂറോപ്യന്‍ പാര്‍ലമെന്റ് ശുപാര്‍ശ ചെയ്തിരുന്നു. യുദ്ധത്തെ അഭിമുഖീകരിക്കുന്ന രാജ്യത്തിന് അടിയന്തര അംഗത്വം നല്‍കാനുള്ള നടപടികളാണ് ആരംഭിച്ചത്. യുക്രൈന് 70 റഷ്യന്‍ നിര്‍മ്മിത യുദ്ധ വിമാനങ്ങള്‍ നല്‍കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ നേരത്തേ അറിയിച്ചിരുന്നു. ബള്‍ഗേരിയയാണ് 16 മിഗ്-29 വിമാനങ്ങളും, 14 സു- 25 വിമാനങ്ങളും നല്‍കുക. പോളണ്ട് 28 മിഗ്-29 വിമാനങ്ങളും, സ്ലോവാക്യ 12 മിഗ് -29 വിമാനങ്ങളും നല്‍കും.

Read Also : യുക്രൈൻ പോരാട്ടത്തിൽ ‘അസോവ്’ റെജിമെന്റും; ലോകം ഭീതിയോടെ നോക്കുന്ന ഈ പ്രത്യേക സേന ആരാണ് ?

യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങള്‍ക്ക് അവരവരുടെ ഇഷ്ടപ്രകാരം പടക്കോപ്പുകളും വിമാനങ്ങളും നല്‍കാമെന്ന് യൂറോപ്യന്‍ യൂണിയന്‍ സെക്യൂരിറ്റി ചീഫ് ജോസഫ് ബോറല്‍ അറിയിച്ചിരുന്നു. യുദ്ധ വിമാനങ്ങള്‍ക്ക് പുറമെ, ആന്റി-ആര്‍മര്‍ റോക്കറ്റുകള്‍, മെഷീന്‍ ഗണ്‍ എന്നിവയും നല്‍കും.

റഷ്യന്‍ ആക്രമണത്തില്‍ യുക്രൈനില്‍ വലിയ നാശനഷ്ടമാണുണ്ടായത്. ഖാര്‍ക്കിവില്‍ മാത്രം കഴിഞ്ഞ ദിവസം മൂന്ന് കുട്ടികളടക്കം ഒന്‍പത് പേരാണ് കൊല്ലപ്പെട്ടത്. റഷ്യ- യുക്രൈന്‍ യുദ്ധം ആറാം ദിവസത്തില്‍ എത്തി നില്‍ക്കേ രണ്ടാം ഘട്ട ചര്‍ച്ചകള്‍ ഇന്ന് നടക്കും. റഷ്യന്‍ മാധ്യമങ്ങളാണ് രണ്ടാംഘട്ട ചര്‍ച്ചയുടെ കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ബെലാറൂസ്- പോളണ്ട് അതിര്‍ത്തിയിലാണ് ചര്‍ച്ച നടക്കുന്നത്.

ചര്‍ച്ചയില്‍ റഷ്യക്ക് മുന്നില്‍ യുക്രൈന്‍ വെയ്ക്കുന്ന പ്രധാന ആവശ്യം സൈനിക പിന്‍മാറ്റമാണ്. യുക്രൈനിലൂടെ കിഴക്കന്‍ യൂറോപ്യന്‍ മേഖലയിലേക്കുള്ള അമേരിക്കന്‍ വേരോട്ടം തടയലാണ് റഷ്യ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. ആദ്യ റൗണ്ട് ചര്‍ച്ച ഇന്നലെ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാം ഘട്ട ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങുന്നത്.

Read Also : യുക്രൈന് യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം നല്‍കാന്‍ യൂറോപ്യന്‍ പാര്‍ലമെന്റിന്റെ ശുപാര്‍ശ

സമാധാനം നിലനിര്‍ത്താനായി എന്ത് നടപടി വേണമെങ്കിലും കൈക്കൊള്ളാമെന്നാണ് ചര്‍ച്ചയ്ക്ക് വേദിയാകുന്ന ബെലാറൂസ് കൈക്കൊണ്ടിരിക്കുന്ന നിലപാട്. യുക്രൈനെതിരെ ബെലാറൂസിന്റെ ഭാഗത്ത് നിന്നും ഒരാക്രമണം ഉണ്ടാകില്ലെന്ന ഉറപ്പുകൂടിയാണ് അവര്‍ നല്‍കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

Story Highlights: Russian airstrikes on TV tower in Kiev

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top