Advertisement

‘നമുക്ക് നേരിട്ട് സംസാരിക്കാം’; പുടിനോട് സെലൻസ്കി

March 3, 2022
Google News 2 minutes Read
Volodymyr Zelenskyy Vladimir Putin

ഒരു മേശക്കിരുവശവുമിരുന്ന് നമുക്ക് നേരിട്ട് സംസാരിക്കാമെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിനോട് വ്ലാദിമിർ സെലൻസ്കി. നേരിട്ട് സംസാരിച്ചെങ്കിൽ മാത്രമേ ഈ യുദ്ധം അവസാനിപ്പിക്കാനാവൂ എന്ന് സെലൻസ്കി പറഞ്ഞു. റഷ്യയുടെ ഒരാഴ്ചക്കാലമായി തുടരുന്ന യുക്രൈൻ അധിനിവേശത്തിൽ കൊല്ലപ്പെട്ടത് 249 സാധാരണക്കാരാണെന്നാണ് യുഎൻ അറിയിച്ചിരിക്കുന്നത്. (Volodymyr Zelenskyy Vladimir Putin)

“ഞങ്ങൾ കഴിഞ്ഞാൽ ലാത്വിയ, ലിത്വാനിയ, ഇസ്റ്റോണിയ ഒക്കെയാവും അടുത്തത്. നമുക്ക് നേരിട്ട് സംസാരിക്കാം. അങ്ങനെയെങ്കിൽ മാത്രമേ ഈ യുദ്ധം അവസാനിപ്പിക്കാനാവൂ. ഞങ്ങൾ റഷ്യയെ ആക്രമിക്കുന്നില്ല. ആക്രമിക്കണമെന്നുമില്ല. ഞങ്ങളിൽ നിന്ന് നിങ്ങൾക്കെന്താണ് വേണ്ടത്? ഞങ്ങളുടെ നാട്ടിൽ നിന്ന് പോകണം. ഞാനുമായി നേരിട്ട് സംസാരിക്കൂ.”- വാർത്താസമ്മേളനത്തിൽ സെലൻസ്കി പറഞ്ഞു.

Read Also : ഒരാഴ്ചത്തെ യുക്രൈൻ അധിനിവേശം; കൊല്ലപ്പെട്ടത് 249 സാധാരണക്കാരെന്ന് യുഎൻ

അതേസമയം, ഖാർകീവിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളെ പുറത്തെത്തിക്കാൻ നിർണായക ഇടപെടലുമായി പ്രതിരോധ മന്ത്രാലയം രംഗത്തെത്തി. 10 പേരുള്ള സംഘങ്ങളായി തിരിയണമെന്നാണ് വിദ്യാർത്ഥികൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ഓരോ സംഘത്തിലും കോർഡിനേറ്റർ ഉണ്ടാവണം. വിദ്യാർത്ഥികൾ നിൽക്കുന്ന ലൊക്കേഷൻ പ്രതിരോധ മന്ത്രാലയത്തിൻ്റെ കൺട്രോൾ റൂമിൽ അറിയിക്കണം. ഇന്ത്യൻ വിദ്യാർത്ഥിയാണ്, പോരാളിയല്ല, സഹായിക്കണം എന്നീ റഷ്യൻ വാക്കുകൾ പഠിക്കണമെന്ന് പ്രതിരോധ മന്ത്രാലയത്തിൻ്റെ നിർദ്ദേശത്തിൽ പറയുന്നു. റഷ്യൻ അതിർത്തിയിലേക്ക് വിദ്യാർത്ഥികളെ എത്തിച്ച് അവിടെനിന്ന് രക്ഷിക്കാനാണ് ഇന്ത്യയുടെ ശ്രമം. ഓപ്പറേഷൻ ഗംഗ വഴിയുള്ള രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണ്.

ലഭിക്കുന്ന വിവരങ്ങൾ ഒപമുള്ളവരുമായി പങ്കുവെക്കണം. പരിഭ്രാന്തരാവരുത്. ഓരോ 8 മണിക്കൂറിലും പ്രതിരോധ മന്ത്രാലയത്തിൻ്റെ കൺട്രോൾ റൂമിൽ ബന്ധപ്പെടണം. കോർഡിനേറ്ററോ സഹായിയോ ആവണം വിളിക്കേണ്ടത് എന്നും വിദ്യാർത്ഥികൾക്ക് നൽകിയ നിർദ്ദേശത്തിൽ പറയുന്നു.

അതേസമയം, യുക്രൈനിലെ സുമി നഗരത്തിൽ റഷ്യ കനത്ത ഷെല്ലാക്രമണം നടത്തുകയാണ്. സുമിയിൽ മലയാളി വിദ്യാർത്ഥികൾ താമസിക്കുന്ന ബെയിസ്‌മെന്റിന് സമീപം ഫാക്ടറിയിലാണ് ഷെല്ലാക്രമണമുണ്ടായതെന്ന് മലയാളി വിദ്യാർത്ഥി അഞ്ജു പറഞ്ഞു. എങ്ങനെയെങ്കിലും ഇവിടെ നിന്ന് രക്ഷപെടുത്തണം. എത്രയെന്ന് വച്ച് സഹിക്കും, വൈദ്യുതിയും വെള്ളവും പോലുമില്ലാത്ത അവസ്ഥയാണെന്നും സുമിയിൽ കുടുങ്ങി കിടക്കുന്ന വിദ്യാർത്ഥികൾ പറയുന്നു. ഷെല്ലാക്രമണം രൂക്ഷമായതോടെയാണ് ബെയിസ്‌മെന്റിലേക്ക് മാറിയത്. എത്രയും പെട്ടെന്ന് രക്ഷാപ്രവർത്തനം ആരംഭിക്കണമെന്നും മാത്രമേ പറയാനുള്ളു. എട്ടു ദിവസമായി ഇങ്ങനെ കഴിയുകയാണ്. എംബസിയോ ഗവൺമെന്റോ എന്തെങ്കിലും ചെയ്തില്ലെങ്കിൽ എത്ര പേർ ഇനിയുണ്ടാകുമെന്നറിയില്ലെന്നും വിദ്യാർത്ഥികൾ പറയുന്നു.

Story Highlights: Volodymyr Zelenskyy Direct Talks Vladimir Putin

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here