ലഖിംപൂര്‍ കര്‍ഷകഹത്യ; ആശിഷ് മിശ്രയുടെ ജാമ്യത്തിനെതിരെയുള്ള ഹര്‍ജി മാര്‍ച്ച് 11ന് പരിഗണിക്കും

ലഖിംപൂര്‍ കര്‍ഷക ഹത്യയുമായി ബന്ധപ്പെട്ട കേസില്‍ കര്‍ഷകരുടെ കുടുംബാംഗങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി മാര്‍ച്ച് 11ന് പരിഗണിക്കും. കേന്ദ്രമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകന്‍ ആശിഷ് മിശ്രക്ക് ജാമ്യം അനുവദിച്ച അലഹബാദ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ടാണ് കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബാംഗങ്ങള്‍ ഹര്‍ജി സമര്‍പ്പിച്ചത്.
കര്‍ഷകരുടെ കുടുംബാംഗങ്ങള്‍ക്ക് വേണ്ടി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ചിന് മുന്നില്‍ ഹര്‍ജി സമര്‍പ്പിച്ചത്. മിശ്രയ്ക്ക് ജാമ്യം അനുവദിച്ച ഉത്തരവ് ചൂണ്ടിക്കാട്ടി കേസിലെ മറ്റ് പ്രതികളും ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുന്നുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു.
Read Also : യു.പി നിയമസഭാ തെരഞ്ഞെടുപ്പ്; അവസാനഘട്ടം പ്രചാരണം ശക്തമാക്കി രാഷ്ട്രീയപാര്‍ട്ടികള്‍
ആശിഷ് മിശ്രയ്ക്ക് ഹൈക്കോടതി അനുവദിച്ച ജാമ്യഉത്തരവിനെതിരായി മറ്റൊരു ഉത്തരവ് പുറപ്പെടുവിക്കണമെന്നായിരുന്നു പ്രശാന്ത് ഭൂഷന്റെ ആവശ്യം. എന്നാല്‍ മാര്‍ച്ച് 11ന് ഹര്‍ജി പരിഗണിക്കാനായി സുപ്രീം കോടതി ലിസ്റ്റ് ചെയ്യുകയായിരുന്നു. ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ചതിനെതിരെ അപ്പീല്‍ നല്‍കാന്‍ യു.പി സര്‍ക്കാര്‍ പരാജയപ്പെട്ടതോടെയാണ് കുടുംബാംഗങ്ങള്‍ സുപ്രീം കോടതിയെ സമീപിച്ചത്.
പ്രതികള്‍ക്കെതിരെ നിരവധി തെളിവുകളുണ്ടായിട്ടും കുറ്റകൃത്യത്തിന്റെ സ്വഭാവം പരിഗണിക്കാതെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചതെന്നും പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ലഖിംപൂര്‍ കര്‍ഷക ഹത്യയുടെ അന്വേഷണം നിരീക്ഷിക്കാന്‍ പഞ്ചാബ് – ഹരിയാന ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് രാകേഷ് കുമാര്‍ ജെയ്നിനെ സുപ്രീം കോടതി ചുമതലപ്പെടുത്തിയിരുന്നു. മിശ്രയ്ക്ക് ജാമ്യം അനുവദിച്ചതിനെ ചോദ്യം ചെയ്ത് അഭിഭാഷകരായ ശിവകുമാര്‍ ത്രിപാഠിയും സി.എസ് പാണ്ഡയും മറ്റൊരു ഹര്‍ജിയും നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ലഖിംപൂര്‍ ഖേരിയില്‍ കാര്‍ ഓടിച്ചുകയറ്റിയതിനെ തുടര്‍ന്ന് നാല് കര്‍ഷകര്‍ ഉള്‍പ്പെടെ എട്ട് പേര്‍ കൊല്ലപ്പെടുന്നത്.
Story Highlights: Lakhimpur farmer massacre; Ashish Mishra’s bail plea will be heard on March 11
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here