Advertisement

ഷെയ്ന്‍ വോണ്‍: വിരലുകളില്‍ മാന്ത്രികത ഒളിപ്പിച്ച സ്പിന്നര്‍

March 4, 2022
Google News 1 minute Read

വിരലുകളിലെ മാന്ത്രികത കൊണ്ട് കളിക്കളത്തിലെ കരുത്തരുടെ പോലും കാലിടറിപ്പിച്ച ഇതിഹാസ സ്പിന്നര്‍ ഷെയ്ന്‍ വോണിന്റെ അപ്രതീക്ഷിത വിയോഗം അല്‍പ സമയത്തിന് മുന്‍പ് ഞെട്ടലോടെയാണ് കായിക ലോകം കേട്ടത്. സ്പിന്നിംഗ് ഇതിഹാസത്തിന്റെ കരിയറിലെ സുവര്‍ണകാലത്ത് വിസ്മത്തോടെയല്ലാതെ ക്രിക്കറ്റ് പ്രേമികള്‍ക്ക് തന്റെ പ്രകടനം നോക്കിനില്‍ക്കാന്‍ ഒരിക്കലും അവസരം കൊടുത്തിട്ടില്ലാത്ത വോണ്‍ ഞെട്ടിപ്പിച്ചുകൊണ്ടുതന്നെയാണ് അപ്രതീക്ഷിതമായി ലോകത്തുനിന്ന് വിടപറഞ്ഞത്.

വിക്കറ്റ് നേട്ടത്തില്‍ മുത്തയ്യ മുരളീധരന്റെ തൊട്ടുപിന്നിലാണ് ഷെയ്ന്‍ വോണിന്റെ സ്ഥാനം. 148 ടെസ്റ്റുകളില്‍ നിന്ന് 708 വിക്കറ്റുകള്‍ നേടിയ അത്ഭുതാവഹമായ പ്രകടനമാണ് തന്റെ കരിയറില്‍ ഷെയ്ന്‍ വോണ്‍ കാഴ്ച വെച്ചിരുന്നത്. വോണിന്റെ വിരലുകളുടെ മാന്ത്രികത അവിടെയും ഒതുങ്ങുന്നതല്ല. 3154 റണ്‍സ് നേട്ടമുണ്ടാക്കിയ വോണിന്റേതായി 12 അര്‍ധ സെഞ്ച്വറികളുമുണ്ട്. 194 ഏകദിനങ്ങളില്‍ നിന്ന് 293 വിക്കറ്റുകള്‍ വീഴ്ത്തിയ വോണ്‍ ഓസ്‌ട്രേലിയയിലെ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴത്തിയ മൂന്നാമത്തെ കളിക്കാരനായി.

1992ല്‍ ഇന്ത്യയ്‌ക്കെതിരെയാണ് വോണിന്റെ അന്താരാഷ്ട്ര അരങ്ങേറ്റം. 1993ല്‍ ന്യൂസിലന്‍ഡിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ കന്നി ഏകദിനം. 1994ല്‍, ഇംഗ്ലണ്ടിന്റെ ഫില്‍ ഡിഫ്രീറ്റാസ്, ഡാരന്‍ ഗോഫ്, ഡെവോണ്‍ മാല്‍ക്കം എന്നിവരെ തുടര്‍ച്ചയായ പന്തുകളില്‍ പുറത്താക്കിക്കൊണ്ട് അദ്ദേഹം ടെസ്റ്റ് ഹാട്രിക് നേടി. ടെസ്റ്റ് ചരിത്രത്തിലെ വെറും 46 ഹാട്രിക്കുകളില്‍ ഒന്നാണിത് എന്നത് ഷെയ്ന്‍ വോണിന്റെ മഹത്വം തെളിയിക്കുന്നതാണ്.

വോണിന്റെ കരിയറിലെ 708 വിക്കറ്റുകളില്‍ 1993ലെ ഓസ്‌ട്രേലിയ- ഇംഗ്ലണ്ട് ആഷസ് പരമ്പരയിലെ മൈക്ക് ഗാറ്റിങ്ങിന്റെ സ്റ്റമ്പ് പിഴുതെടുത്ത വിസ്മയമാണ് ക്രിക്കറ്റ് പ്രേമികള്‍ക്ക് ഇന്നും ഏറ്റവും പ്രിയപ്പെട്ടത്. നൂറ്റാണ്ടിന്റെ പന്ത് എന്നറിയപ്പെട്ട ആ സ്പിന്നില്‍ മാറിമറിഞ്ഞത് വോണിന്റെ തലവര കൂടിയായിരുന്നു. ഒട്ടും അപകടകരമല്ലെന്ന് എല്ലാവരും കണക്കുകൂട്ടിയ ആ പന്ത് സാക്ഷാല്‍ മൈക്ക് ഗാറ്റിങ്ങിന്റെ സ്റ്റമ്പ് പിഴുതത് കണ്‍കെട്ട് വിദ്യകള്‍ കാണിക്കുന്ന മാന്ത്രികന്റെ വഴക്കത്തോടെയായിരുന്നു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം കമന്റേറ്റര്‍ എന്ന നിലയിലും ഷെയ്ന്‍ തിളങ്ങിയിരുന്നു. 20 വര്‍ഷത്തോളം ക്രിക്കറ്റ് ലോകം ഷെയിന്റെ പ്രകടനം വാനോളം ആസ്വദിച്ചിട്ടുണ്ട്. 1992ല്‍ ഇന്ത്യക്കെതിരെ സിഡ്‌നി ടെസ്റ്റിലൂടെ ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ഷെയ്ന്‍ 2007ലാണ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നത്. ഓസ്‌ട്രേലിയ കണ്ട ഏറ്റവും മികച്ച ബൗളര്‍ കൂടിയാണ് ഷെയിന്‍.

Story Highlights: shane warner greatest spinner of all time

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here