‘പ്രതിസന്ധി ഘട്ടത്തില്‍ കുടുംബാധിപത്യ പാര്‍ട്ടികള്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തി’; വിമര്‍ശിച്ച് പ്രധാനമന്ത്രി

കുടുംബാധിപത്യ പാര്‍ട്ടികളെ ഉത്തര്‍ പ്രദേശിലെ ജനങ്ങള്‍ തള്ളിക്കളയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാന പ്രതിപക്ഷ പാര്‍ട്ടികളായ സമാജ്‌വാദി പാര്‍ട്ടിയേയും കോണ്‍ഗ്രസിനേയും പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശനങ്ങള്‍. പ്രതിസന്ധി ഘട്ടങ്ങളില്‍ രാജ്യം ഒന്നിച്ചുനില്‍ക്കുമ്പോള്‍ അതിനിടയില്‍ സ്വന്തം രാഷ്ട്രീയം തിരുകിക്കയറ്റി മുതലെടുപ്പ് നടത്താനാണ് കുടുംബാധിപത്യ പാര്‍ട്ടികള്‍ ശ്രമിച്ചതെന്ന് മോദി കുറ്റപ്പെടുത്തി. മഹാമാരിക്കാലത്തെ അനുഭവങ്ങള്‍ എല്ലാവര്‍ക്കും മുന്നിലുണ്ടെന്നും അദ്ദേഹം ആഞ്ഞടിച്ചു. ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ ഒരു തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഞ്ച് വര്‍ഷത്തെ ഭരണനേട്ടത്തെ അടിസ്ഥാനമാക്കിയുള്ള അനുഗ്രഹമാണ് ജനങ്ങളില്‍ നിന്നും തങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രതിസന്ധിയെ രാജ്യം അഭിമുഖീകരിക്കുമ്പോള്‍ സ്ഥിതിഗതികളെ കൂടുതല്‍ വഷളാക്കുന്ന പ്രതിപക്ഷത്തിന്റെ സമീപനം കൊവിഡ് മഹാമാരി തീവ്ര വ്യാപന ഘട്ടത്തിനുശേഷം ഇപ്പോള്‍ യുക്രൈന്‍ പ്രതിസന്ധിയിലും ജനങ്ങള്‍ കാണുന്നുണ്ടെന്ന് പ്രധാനമന്ത്രി വിമര്‍ശിച്ചു. സ്വന്തം കുടുംബത്തിനായി ഭരിക്കുന്നവരെ തള്ളിക്കളഞ്ഞ് ബിജെപിയെ ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ വീണ്ടും അധികാരത്തിലേറ്റുമെന്നും മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Read Also : മണിപ്പൂര്‍ അവസാന ഘട്ട വോട്ടെടുപ്പ് തുടങ്ങി
യു പിയിലെ ഒമ്പത് ജില്ലകളിലെ 54 നിയമസഭാ മണ്ഡലങ്ങളിലുള്ളവരാണ് അവസാനഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്താനായി ബൂത്തില്‍ എത്തുക. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിനിധീകരിക്കുന്ന വാരണാസി ഉള്‍പ്പെടെയുള്ള മേഖലകളിലുള്ളവര്‍ മാര്‍ച്ച് ഏഴിന് ബൂത്തിലെത്തും. പ്രചാരണ പരിപാടികളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി, മന്ത്രി അമിത് ഷാ, ബി.ജെ.പി അദ്ധ്യക്ഷന്‍ ജെപി നദ്ദ തുടങ്ങിയ നേതാക്കള്‍ റാലികളിലും റോഡ് ഷോ അടക്കമുള്ള പ്രചാരണ പരിപാടികളിലും പങ്കെടുക്കുകയാണ്.
അഖിലേഷ് യാദവിന്റെ നേതൃത്വത്തില്‍ സമാജ് വാദി പാര്‍ട്ടിയും വിപുലമായ പ്രചാരണ പരിപാടികളാണ് അവസാനഘട്ടത്തില്‍ നടത്തുന്നത്. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോകള്‍ വിവിധ മണ്ഡലങ്ങളില്‍ നടന്നുവരികയാണ്. ഏഴാം ഘട്ട തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. മാര്‍ച്ച് 10നാണ് ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായാ മമതാ ബാനര്‍ജി, എസ്പി പ്രസിഡന്റ് അഖിലേഷ് യാദവ്, ആര്‍എല്‍ഡി നേതാവ് ജയന്ത് ചൗധരി എന്നിവരും ക്ഷേത്രനഗരിയില്‍ റാലികള്‍ നടത്തുകയാണ്.
Story Highlights: pm modi in varanasi uttar pradsh election 2022
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here