574ന് ഡിക്ലയർ ചെയ്ത് ഇന്ത്യ; ശ്രീലങ്കയ്ക്ക് 4 വിക്കറ്റ് നഷ്ടം

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ ശ്രീലങ്കയ്ക്ക് 4 വിക്കറ്റ് നഷ്ടം. ഇന്ത്യയുടെ 574/8 എന്ന സ്കോറിനു മറുപടിയുമായി ഇറങ്ങിയ ലങ്ക രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 108 റൺസെന്ന നിലയിലാണ്. ഇന്ത്യക്കായി ആർ അശ്വിൻ 2 വിക്കറ്റ് വീഴ്ത്തിയപ്പോൾ ജസ്പ്രീത് ബുംറയും രവീന്ദ്ര ജഡേജയും ഒരോ വിക്കറ്റ് വീതം സ്വന്തമാക്കി. പാത്തും നിസ്സങ്ക (26), ചരിത് അസലങ്ക (1) എന്നിവരാണ് ക്രീസിൽ.
കൂറ്റൻ സ്കോറിലേക്ക് പാഡ് കെട്ടിയിറങ്ങിയ ശ്രീലങ്കയ്ക്ക് നിശ്ചിത ഇടവേളകളിൽ വിക്കറ്റ് നഷ്ടമായിക്കൊണ്ടിരുന്നു. ഓപ്പണർമാർ ചേർന്ന് 48 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയെങ്കിലും ലഹിരു തിരിമന്നയെ (17) വിക്കറ്റിനു മുന്നിൽ കുരുക്കിയ അശ്വിൻ ഇന്ത്യക്ക് ആദ്യ ബ്രേക്ക്‌ത്രൂ നൽകി. തുടർന്ന് ക്യാപ്റ്റൻ ദിമുത് കരുണരത്നെയെ (28) ജഡേജ വിക്കറ്റിനു മുന്നിൽ കുരുക്കി. ആഞ്ജലോ മാത്യൂസ് (22), ധനഞ്ജയ ഡിസിൽവ (1) എന്നിവരെ യഥാക്രമം ബുംറയും അശ്വിനും വിക്കറ്റിനു മുന്നിൽ കുരുക്കി.
ഇന്ത്യക്കായി 175 റൺസ് നേടി പുറത്താവാതെ നിന്ന രവീന്ദ്ര ജഡേജയാണ് ടോപ്പ് സ്കോററായത്. ജയന്ത് യാദവ് (2) ബാക്കിയെല്ലാ താരങ്ങൾക്കും തുടക്കം കിട്ടിയിരുന്നു. ഋഷഭ് പന്ത് (96), ആർ അശ്വിൻ (61) എന്നിവരും ഇന്ത്യക്കായി തിളങ്ങി.
Story Highlights: srilanka lost 4 wickets india test
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here