Advertisement

‘സാമുദായിക സൗഹാര്‍ദ്ദത്തിനായി നിലകൊണ്ട നേതാവ്’; ശിഹാബ് തങ്ങളെ അനുസ്മരിച്ച് എ കെ ആന്റണി

March 6, 2022
2 minutes Read

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വേര്‍പാടില്‍ ദുഃഖം അറിയിച്ച് എ കെ ആന്റണി. കേരളത്തിലെ സാമുദായിക സൗഹാര്‍ദ്ദത്തിനായി ശക്തമായി നിലകൊണ്ട വ്യക്തിയാണ് ഹൈദരലി ശിഹാബ് തങ്ങളെന്ന് ആന്റണി അനുസ്മരിച്ചു. പാണക്കാട് കുടുംബവുമായി തനിക്ക് ദീര്‍ഘകാലത്തെ ബന്ധമുണ്ടെന്നും ശിഹാബ് തങ്ങളുടെ വേര്‍പാട് തന്റെ വ്യക്തിപരമായ നഷ്ടമാണെന്നും ആന്റണി ട്വന്റിഫോറിനോട് പറഞ്ഞു. കരുത്തനായ നേതാവിനെയാണ് കേരളത്തിന് നഷ്ടമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസ്ലീം ലീഗിനെ കേരളത്തിലെ കരുത്തുറ്റ പ്രസ്ഥാനമാക്കി നിലനിര്‍ത്തിയതില്‍ ശിഹാബ് തങ്ങളുടെ സ്ഥാനം വളരെ വലുതാണെന്ന് ആന്റണി അനുസ്മരിച്ചു. ലീഗ് പ്രതിസന്ധി നേരിട്ട സമയത്തുപോലും ആരെയും വേദനിപ്പിക്കാതെ സൗമ്യമായി എല്ലാവരോടും ഇടപെട്ടുകൊണ്ട് തങ്ങള്‍ അഭിപ്രായവ്യത്യാസങ്ങള്‍ രമ്യതയോടെ പരിഹരിച്ചിട്ടുണ്ടെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.

Read Also : നഷ്ടമായത് ജ്യേഷ്ഠ സഹോദരനെ,തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരുന്നു ; പി.കെ കുഞ്ഞാലിക്കുട്ടി

ഇന്ന് ഉച്ചയോടെയാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ വിടവാങ്ങിയത്. അങ്കമാലി ലിറ്റില്‍ ഫല്‍വര്‍ ആശുപത്രിയില്‍ അര്‍ബുദ ബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. ഒരു വര്‍ഷക്കാലമായി പാണക്കാട് തങ്ങള്‍ ചികിത്സയിലായിരുന്നുവെങ്കിലും കഴിഞ്ഞ ആറ് മാസക്കാലമായാണ് ആരോഗ്യനില മോശമായത്. ലീഗിന്റെ ഉന്നതാധികാര സമിതിയില്‍ പോലും വന്നിരുന്നില്ല. ആരോഗ്യ നില ഇടക്കാലത്ത് മെച്ചപ്പെട്ടിരുന്നുവെങ്കിലും കഴിഞ്ഞ ഒരാഴ്ചയായി വീണ്ടും ആരോഗ്യനില വളരെ മോശമാവുകയായിരുന്നു. മലപ്പുറത്ത് ചികിത്സയിലായിരുന്ന തങ്ങളെ അങ്ങനെയാണ് എറണാകുളത്തേക്ക് ചികിത്സയ്ക്കായി കൊണ്ടുവരുന്നത്.

12 വര്‍ഷമായി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെ മൂന്നാമത്തെ മകനാണ് ഹൈദരലി. മുഹമ്മദലി ശിഹാബ് തങ്ങള്‍, ഉമറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ സഹോദരങ്ങളാണ്. സമസ്തയുടെ ഉപാധ്യക്ഷനാണ്.

18 വര്‍ഷത്തോളം മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റായിരുന്ന തങ്ങള്‍, മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണശേഷമാണ് ലീഗ് സംസ്ഥാന അധ്യക്ഷനായത്. കേരളത്തിലെ ഒരുപാട് മുസ്ലിം മഹല്ലുകളുടെ ഖാസിയായ ഇദ്ദേഹം ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി, കടമേരി റഹ്മാനിയ്യ അറബിക് കോളേജ്, നന്തി ദാറുസ്സലാം അറബിക് കോളേജ് അടങ്ങിയ ഉന്നത മതകലാലയങ്ങളുടെ അധ്യക്ഷ സ്ഥാനവും വഹിക്കുന്നുണ്ട്.

1977ല്‍ മലപ്പുറം ജില്ലയിലെ പുല്‍പ്പറ്റ പഞ്ചായത്തിലെ പൂക്കൊളത്തൂരില്‍ മഹല്ല് പള്ളി മദ്‌റസ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തു. പിതാവ് പി.എം.എസ്.എ പൂക്കോയ തങ്ങളുടെ മരണത്തോടെയാണ് രാഷ്ട്രീയ, മത രംഗത്തേക്ക് കൂടുതല്‍ സജീവമായി ഇടപെടുന്നത്. സഹോദരങ്ങളായ മുഹമ്മദലി ശിഹാബ് തങ്ങളും ഉമറലി ശിഹാബ് തങ്ങളും മരണപ്പെട്ടതോടെ അവരുടെ ഉത്തരവാദിത്വങ്ങള്‍ ഹൈദരലി തങ്ങള്‍ ഏറ്റെടുത്തു. 2008ല്‍ സമസ്ത മുശാവറ അംഗമായ തെരഞ്ഞെടുക്കപ്പെട്ട തങ്ങളെ 2010 ഒക്ടോബര്‍ രണ്ടിന് വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു. 2009ലാണ് സുന്നി യുവജനസംഘം സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തത്. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ 2009 ഓഗസ്റ്റ് ഒന്നിന് മരണപ്പെട്ടതോടെ മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റായും ഹൈദരലി ശിഹാബ് തങ്ങളെ തെരഞ്ഞെടുത്തു. ആയിരത്തിലധികം മഹല്ലുകളുടെ ഖാസി, പട്ടിക്കാട് ജാമിഅ നൂരിയ്യ അടക്കമുള്ള നൂറുകണക്കിന് മതഭൗതിക സ്ഥാപനങ്ങളുടെ പ്രസിഡന്റ്, അനാഥ അഗതി മന്ദിരങ്ങളുടെ അധ്യക്ഷന്‍, സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്റ് തുടങ്ങി ആത്മീയ, സാമൂഹ്യ, സാംസ്‌കാരിക, രംഗത്തെ നേതൃ ചുമതലകള്‍ വഹിച്ചു.

ഒരു പതിറ്റാണ്ടിലേറെ മുസ്ലിം ലീഗിനെ നയിച്ച അനിഷേധ്യ നേതാവാണ് വിടവാങ്ങിയത്. ലീഗ് രാഷ്ട്രീയ നേതാവ് എന്നതിലുപരി ഇസ്ലാം മതകാര്യങ്ങളെ നയിച്ചിരുന്ന നേതാവായിരുന്നു അദ്ദേഹം. കേരളത്തിലെ മുസ്ലിം ലീഗിനെ സംബന്ധിച്ച് വലിയ നഷ്ടമാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വേര്‍പാട്.

Story Highlights: ak antony on panakkad hyderali shihab thangal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top