Advertisement

ഓപറേഷന്‍ ഗംഗ രക്ഷാദൗത്യം അവസാന ഘട്ടത്തിലേക്ക്; 2000 ത്തിലേറെ മലയാളി വിദ്യാർത്ഥികള്‍ തിരികെയെത്തിയെന്ന് മുഖ്യമന്ത്രി

March 6, 2022
Google News 2 minutes Read

യുക്രൈനില്‍ കുടുങ്ങിക്കിടന്ന പകുതിയിലേറെ മലയാളി വിദ്യാര്‍ത്ഥികള്‍ നാട്ടിലേക്കു തിരികെ എത്തിയിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുവരെയുള്ള കണക്കുപ്രകാരം രണ്ടായിരത്തിലേറെ മലയാളി വിദ്യാര്‍ഥികള്‍ കേരളത്തില്‍ എത്തിക്കഴിഞ്ഞു. യുക്രൈനിൽ നിന്നുള്ള ഇന്ത്യക്കാരെ നാട്ടിലേക്കു കൊണ്ടുവരുന്ന ഓപറേഷന്‍ ഗംഗ രക്ഷാദൗത്യം അവസാന ഘട്ടത്തിലേക്കു പ്രവേശിക്കുകയാണെന്നാണു ഹംഗറിയിലേയും യുക്രൈനിലേയും ഇന്ത്യന്‍ എംബസിയുടെ അറിയിപ്പ്. ഇതു മുന്‍നിര്‍ത്തി ഇനിയും ആരെങ്കിലും രക്ഷാദൗത്യത്തിന്‍റെ ഭാഗമാകാന്‍ രജിസ്റ്റര്‍ ചെയ്യാനുണ്ടെങ്കില്‍ ഉടന്‍ അതു പൂര്‍ത്തിയാക്കണമെന്നും എംബസി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

യുക്രൈനില്‍ ഇനിയും കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ വിവരങ്ങള്‍ നോര്‍ക്ക റൂട്സ് ഇതിനോടം ശേഖരിച്ചിട്ടുണ്ട്. ഈ വിവരങ്ങൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനു കൈമാറിക്കഴിഞ്ഞു. ഇനിയും ആരെങ്കിലും നോര്‍ക്ക രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാനുണ്ടെങ്കില്‍ അടിയന്തരമായി അതു ചെയ്യണം. മലയാളികളുടെ വിവരങ്ങള്‍ കേന്ദ്രത്തിനു കൈമാറുന്നതിലേയ്ക്കാണിത്. ഇതിനു പുറമേ എംബസികള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ സദാ ശ്രദ്ധിക്കുകയും കൃത്യമായി അവ പാലിക്കുകയും ചെയ്യണം. രക്ഷാദൗത്യം അവസാന ഘട്ടത്തിലാണെങ്കിലും മലയാളികളടക്കം നിരവധി പേര്‍ ഇപ്പോഴും യുക്രൈനിൽ കുടുങ്ങിക്കിടക്കുന്നതായാണു റിപ്പോര്‍ട്ടുകള്‍. മലയാളികള്‍ ഏറെയുള്ള സുമിയില്‍നിന്നുള്ളവരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് അടിയന്തര ശ്രദ്ധ നല്‍കണമെന്നു വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്ന മുഴുവന്‍ പേരെയും ഉടന്‍ നാട്ടിലെത്തിക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്നു വൈകിട്ടു വരെയുള്ള കണക്കു പ്രകാരം,യുക്രൈനില്‍ നിന്നു ഡല്‍ഹിയിലും മുംബൈയിലുമെത്തിയ 2082 മലയാളികളെ സംസ്ഥാന സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ കേരളത്തിലേക്കു കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. ഡല്‍ഹിയില്‍നിന്ന് ഇന്നു പുലര്‍ച്ചെ നാലിനു കൊച്ചിയിലെത്തിയ ചാര്‍ട്ടേഡ് വിമാനത്തില്‍ 174 പേരും വൈകിട്ട് 6.45ന് എത്തിയ വിമാനത്തില്‍ 180 പേരും ഉണ്ടായിരുന്നു. മുംബൈ വിമാനത്താവളത്തില്‍ എത്തിയ 132 പേരെ ഇന്നു കേരളത്തിലേക്ക് എത്തിച്ചു. ഇതില്‍ 22 പേര്‍ കോഴിക്കോട് വിമാനത്താവളത്തിലും 21 പേര്‍ കണ്ണൂരിലും 89 പേര്‍ കൊച്ചിയിലുമാണ് എത്തിയത്.

Read Also : കീഴടങ്ങിയ റഷ്യൻ സൈനികർക്ക് ഭക്ഷണം നൽകി, അമ്മയുമായി സംസാരിക്കാൻ അവസരവും ഒരുക്കി; യുദ്ധഭൂമിയിലെ ഹൃദ്യമായ കാഴ്ചകൾ…

ഇന്നു രാത്രിയും ഡല്‍ഹിയില്‍നിന്നു കൊച്ചിയിലേക്കു ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാത്രി 10 മണിക്ക് പുറപ്പെട്ട വിമാനത്തിൽ 178 പേരുണ്ടായിരുന്നു. രാത്രി 11 മണിക്കുള്ള വിമാനത്തിൽ 180 പേർ പുറപ്പെടും. 82 പേർ ഇന്ന് കേരള ഹൗസിൽ താമസിക്കും. മുംബൈയില്‍ എത്തുന്ന വിദ്യാര്‍ത്ഥികളെ നാട്ടിലേക്കുള്ള ടിക്കറ്റ് ലഭ്യതയനുസരിച്ച് അടിയന്തരമായി യാത്രയാക്കാനുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി ഇരു വിമാനത്താവളങ്ങളിലും സംസ്ഥാന സര്‍ക്കാരിന്‍റെ പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ 24 മണിക്കൂറും ഡ്യൂട്ടിക്കു നിയോഗിച്ചിട്ടുണ്ട്. ഇത് വരെ 12 എയർ ഏഷ്യ ചാർട്ടേഡ് വിമാനങ്ങൾ കേരളത്തിൽ എത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Story Highlights: Pinarayi vijayan says more than 2000 Malayalee students have returned

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here