മതനിരപേക്ഷ-ജനാധിപത്യ രാഷ്ട്രീയത്തിന് തങ്ങളുടെ നിര്യാണം വലിയ നഷ്ടമെന്ന് സ്‌പീക്കർ

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എം ബി രാജേഷ് അനുശോചിച്ചു. കേരള രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യമായിരുന്നു അദ്ദേഹം. മതനിരപേക്ഷ-ജനാധിപത്യ രാഷ്ട്രീയത്തിന് അദ്ദേഹത്തിന്റെ നിര്യാണം വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ സ്പീക്കറും പങ്കുചേർന്നു.
മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് മന്ത്രി വി ശിവന്‍കുട്ടിയും ആദരാഞ്ജലികൾ അര്‍പ്പിച്ചു. രാഷ്ട്രീയ – മത വേദികളിലെ സൗമ്യ മുഖമായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. കുടുംബത്തിന്റെയും പാർട്ടി പ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നെന്ന് വിദ്യാഭ്യാസ മന്ത്രി പ്രതികരിച്ചു.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കം നാളെ രാവിലെ 9 മണിക്ക് പാണക്കാട് പള്ളിയിൽ നടക്കും. ഇന്ന് വൈകീട്ട് 5 മണിക്ക് മലപ്പുറം ടൗൺ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും.
ഇന്ന് ഉച്ചയോടെയാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ വിടവാങ്ങിയത്. അങ്കമാലി ലിറ്റിൽ ഫഌവർ ആശുപത്രിയിൽ അർബുദ ബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. ഒരു വർഷക്കാലമായി പാണക്കാട് തങ്ങൾ ചികിത്സയിലായിരുന്നുവെങ്കിലും കഴിഞ്ഞ ആറ് മാസക്കാലമായാണ് ആരോഗ്യനില മോശമായത്.
ആരോഗ്യ നില ഇടക്കാലത്ത് മെച്ചപ്പെട്ടിരുന്നുവെങ്കിലും കഴിഞ്ഞ ഒരാഴ്ചയായി വീണ്ടും ആരോഗ്യനില വളരെ മോശമാവുകയായിരുന്നു. മലപ്പുറത്ത് ചികിത്സയിലായിരുന്ന തങ്ങളെ അങ്ങനെയാണ് എറണാകുളത്തേക്ക് ചികിത്സയ്ക്കായി കൊണ്ടുവരുന്നത്.
Story Highlights:speaker-m-b-rajesh-remembers-sayed-hyderali-shihab-thangal-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here