മുർഷിദാബാദിൽ സഹപ്രവർത്തകനെ കൊലപ്പെടുത്തി ബിഎസ്എഫ് ജവാൻ സ്വയം വെടിവച്ചു
തിങ്കളാഴ്ച പശ്ചിമ ബംഗാളിലെ അതിർത്തി പട്ടണമായ മുർഷിദാബാദിലെ ഒരു ക്യാമ്പിൽ സഹപ്രവർത്തകനെ കൊലപ്പെടുത്തിയ ശേഷം അതിർത്തി രക്ഷാ സേന (ബിഎസ്എഫ്) ജവാൻ സ്വയം വെടിവച്ചു. കക്മാരിച്ചാർ ബിഎസ്എഫ് ക്യാമ്പിൽ രാവിലെ 6:45 ഓടെയാണ് സംഭവം. സംസ്ഥാന തലസ്ഥാനമായ കൊൽക്കത്തയിൽ നിന്ന് 230 കിലോമീറ്റർ അകലെയുള്ള അർദ്ധസൈനിക വിഭാഗത്തിന്റെ ബെർഹാംപൂർ സെക്ടറിന് കീഴിലാണ് ക്യാമ്പ് സ്ഥിതി ചെയ്യുന്നത്.
ഹെഡ് കോൺസ്റ്റബിൾ ജോൺസൺ ടോപ്പോ തന്റെ അസോസിയേറ്റ് ഹെഡ് കോൺസ്റ്റബിളായ എസ് ജി ശേഖറിനെ സർവീസ് റൈഫിൾ ഉപയോഗിച്ച് വെടിവെച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. സേനയുടെ 117-ാം ബറ്റാലിയനിൽ നിന്നുള്ളവരാണ് ഇരുവരും. അതിർത്തിയിലെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് തിരികെ പോസ്‌റ്റിലേക്ക് വരുമ്പോഴായിരുന്നു സംഭവം.
തിങ്കളാഴ്ച രാവിലെ 10 മണിക്ക് രാംനഗർ സ്‌റ്റേഷനിൽ ഹാജരാകാൻ പൊലീസ് സമൻസ് അയച്ചിരുന്നുവെന്നും ഇതിനെ തുടർന്ന് രണ്ട് സൈനികരും തമ്മിൽ ഏറ്റുമുട്ടലുണ്ടായെന്നും, തുടർന്ന് ടോപ്പോ ശേഖറിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ വർഷം അതിർത്തിയിൽ ഒരു കർഷകനെ തടഞ്ഞുവച്ചതുമായി ബന്ധപ്പെട്ടതാണ് പൊലീസ് കേസ്. സംഭവത്തിന്റെ കാരണം കണ്ടെത്താൻ ബിഎസ്എഫ് അന്വേഷണത്തിന് ഉത്തരവിട്ടതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
മുതിർന്ന ബിഎസ്എഫും പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു. പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഞായറാഴ്ച അമൃത്സറിലും സമാനമായ സംഭവം ഉണ്ടായി. പഞ്ചാബിലെ അതിർത്തി പട്ടണമായ അമൃത്സറിലെ ബിഎസ്എഫ് ക്യാമ്പിന് നേരെ ഒരു ജവാൻ വെടിയുതിർക്കുകയും നാല് പേർ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇതിനിടെ വെടിയുതിർത്ത ജവാനും മരിച്ചു. ഇന്ത്യ-പാകിസ്താൻ അന്താരാഷ്ട്ര അതിർത്തിക്കടുത്തുള്ള അട്ടാരി-വാഗ അതിർത്തി പോസ്റ്റിൽ നിന്ന് 12-13 കിലോമീറ്റർ അകലെ ഖാസ മേഖലയിലെ 144-ാം ബറ്റാലിയന്റെ പരിസരത്താണ് സംഭവം.
Story Highlights: a-bsf-jawan-shot-himself-dead-after-killing-his-colleague
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here