കൗതുകമായി നാലു കാലുള്ള താറാവ്

പള്ളിപ്പാട് നാലുകാലുള്ള താറാവ് താരമാകുന്നു. പള്ളിപ്പാട് ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡില്‍ കുരീത്തറ പുത്തന്‍പുരയില്‍ സാബു യോഹന്നാന്റെ താറാവ് ഫാമില്‍ മുട്ടവിരിഞ്ഞ താറാവ് കുഞ്ഞിനാണ് നാല് കാലുകളുള്ളത്. പുതുതായി വിരിഞ്ഞിറങ്ങിയ എണ്ണായിരത്തിലധികം താറാവ് കുഞ്ഞുങ്ങളില്‍ ഒരു താറാവ് കുഞ്ഞിനാണ് നാല് കാലുകളുള്ളത്.
ചെന്നിത്തല പഞ്ചായത്തിലെ മൂന്ന് തെങ്ങില്‍നിന്നുള്ള ഹാച്ചറിയില്‍ നിന്നുമാണ് കഴിഞ്ഞ 15ന് സാബു യോഹന്നാന്‍ 8,500 താറാവ് കുഞ്ഞുങ്ങളെ വാങ്ങുന്നത്. പിന്നീടാണ് കൂട്ടത്തിലൊരു താറാവു കുഞ്ഞിന് നാലു കാലുകള്‍ ഉണ്ടെന്ന് കണ്ടെത്തിയത്. താറാവ് കുഞ്ഞന് നാല് കാലുകളുണ്ടെങ്കിലും മറ്റു താറാവുകളെ പോലെ തന്നെ രണ്ട് കാലുകളില്‍ മാത്രമാണ് നടക്കുന്നത്. അധികമായി വളര്‍ന്ന രണ്ടു കാലുകള്‍ പിന്നിലേക്ക് ഇട്ട് മറ്റുള്ളവരുടെ കൂട്ടത്തില്‍ അത് നടന്നുനീങ്ങുന്നു. മറ്റുള്ള താറാവുകളുടെ കൂട്ടത്തില്‍ തന്നെയാണ് ഇതിനെയും വിട്ടിരിക്കുകയാണ്. മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാണെങ്കിലും മറ്റെല്ലാ താറാക്കുഞ്ഞുങ്ങളെ പോലെ ഈ കുഞ്ഞന്‍ താറാവ് ഭക്ഷണം കഴിക്കുകയും, വെള്ളത്തില്‍ നീന്തുകയും ചെയ്യുമെല്ലാം ചെയ്യുന്നുണ്ടെന്ന് സാബു യോഹന്നാന്‍ പറഞ്ഞു.
നാടന്‍ ചെമ്പല്ലി ഇനത്തില്‍പ്പെട്ട താറാവ് കുഞ്ഞുങ്ങളെയാണ് സാബു യോഹന്നാന്‍ വാങ്ങിയത്. 15 വര്‍ഷമായി സാബു യോഹന്നാന്‍ താറാവ് കൃഷി ചെയ്യുന്നുണ്ട്. കഴിഞ്ഞ വെള്ളപ്പൊക്കത്തില്‍ നിരവധി താറാവുകകളാണ് കൂട്ടത്തോടെ ചത്തത്. അതിന് ശേഷമുണ്ടായ പക്ഷി പനിയില്‍ എണ്ണായിരത്തിലധികം താറാവുകളില്‍ 7,500 താറാവുകളും ചത്തു. ബാക്കിയുണ്ടായിരുന്ന 504 താറാവുകളെ കൊന്നൊടുക്കി. ഇതിന് ശേഷമാണ് ഇത്തവണ 8,500 താറാവ് കുഞ്ഞുങ്ങളെ സാബു വാങ്ങിയത്. ഇതില്‍ വ്യത്യസ്തനായ നാല് കാലന്‍ താറാവ് കുഞ്ഞാണ് ഇപ്പോള്‍ നാട്ടില്‍ താരം. നാലു കാലുള്ള താറാവിനെ ഭാഗ്യമായാണ് സാബു കാണുന്നത്. ആ താറാവ് ചാകുന്നത് വരെ അതിനെ സംരക്ഷിക്കുമെന്നും സാബു പറയുന്നു.
സാബു യോഹന്നാന്റെ മരുമകള്‍ ഈ താറാക്കുഞ്ഞിന്റെ ചിത്രം സമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചു. ചിത്രം പെട്ടെന്ന് തന്നെ വൈറലായി. തുടര്‍ന്ന് നിരവധി ആളുകളാണ് വ്യത്യസ്തനായ താറാവ് കുഞ്ഞിനെ കാണുവാന്‍ സാബു യോഹന്നാന്റെ ഫാമിലെത്തുന്നത്.
Story Highlights: Curiously four-legged duck
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here