അച്ചടക്ക നടപടി പിന്‍വലിക്കണം; തെളിവ് സഹിതം കോടിയേരിയെ കണ്ട് എസ്.രാജേന്ദ്രന്‍

അച്ചടക്ക നടപടിക്കെതിരേ അപ്പീല്‍ നല്‍കി ദേവികുളം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രന്‍. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ നേരില്‍ കണ്ടാണ് അപ്പീല്‍ നല്‍കിയത്. അന്വേഷണ കമ്മിഷന്റെ കണ്ടെത്തല്‍ തെറ്റാണെന്ന് തെളിയിക്കുന്ന രേഖകള്‍ നേതൃത്വത്തിന് കൈമാറി.
നിയമസഭാ തിരഞ്ഞെടുപ്പില്‍ എ.രാജയെ തോല്‍പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു രാജേന്ദ്രനെതിരെയുള്ള പ്രധാന ആരോപണം. മുന്‍ മന്ത്രി എം.എം.മണി തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും പൊതുവേദികളില്‍ അപകീര്‍ത്തിപ്പെടുത്തി സംസാരിക്കുകയും ചെയ്തുവെന്ന് രാജേന്ദ്രന്‍ ആരോപിച്ചിരുന്നു. പാര്‍ട്ടി കണ്ടെത്തലുകള്‍ ചില നേതാക്കള്‍ തന്നെ പുറത്താക്കാന്‍ കരുതിക്കൂട്ടി ഉണ്ടാക്കിയതാണെന്നാണ് രാജേന്ദ്രന്റെ വാദം.
സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നും രാജേന്ദ്രന്‍ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. താന്‍ നടത്തിയ തെരഞ്ഞെടുപ്പു പ്രചാരണങ്ങളുടെ വിഡിയോകളും വാര്‍ത്തകളും ചിത്രങ്ങളും സഹിതമാണ് കോടിയേരി ബാലകൃഷ്ണന് അച്ചടക്ക നടപടിക്കെതിരെ അപ്പീല്‍ നല്‍കിയിരിക്കുന്നത്. തോട്ടം മേഖലയില്‍ നിന്ന് നേതാക്കള്‍ ഉയര്‍ന്നു വരുന്നതിനെതിരെ എം.എം.മണി ആദ്യകാലം മുതല്‍ രംഗത്തുണ്ട്. ഇങ്ങനെ അവഗണിക്കപ്പെട്ട ചില നേതാക്കളുടെ പേരുകളും രാജേന്ദ്രന്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ദേവികുളം എംഎല്‍എ എ.രാജയെ തോല്‍പിക്കാന്‍ ശ്രമിച്ചെന്ന പാര്‍ട്ടിയുടെ അന്വേഷണ കമ്മിഷന്‍ കണ്ടെത്തലിനെ തുടര്‍ന്ന് രാജേന്ദ്രനെ ഒരു മാസം മുന്‍പാണ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്.
Story Highlights: Disciplinary action should be withdrawn; S. Rajendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here