Advertisement

വില്ലനോ രക്ഷകനോ? അലക്ഷ്യമായി വലിച്ചെറിയുന്ന ഓരോ മാസ്കും വിളിച്ചു വരുത്തുന്നത് വിപത്തുകൾ…

March 7, 2022
Google News 2 minutes Read

ഇപ്പോഴും കൊവിഡ് പിടിയിലാണ് നമ്മൾ. അപ്രതീക്ഷിതമായി കടന്നു വന്ന കൊവിഡ് നമ്മുടെ ജീവിതത്തെ അടിമുടി മാറ്റി മറിച്ചു. രണ്ട് വർഷത്തിനിപ്പറവും തിരിച്ച് പൂർവ്വസ്ഥിതിയിലേക്ക് മടങ്ങിയെന്ന് പറയാനാകുന്ന അവസ്ഥയിൽ അല്ല നമ്മൾ. കൊവിഡിനൊപ്പം ജീവിത രീതികളിലും മാറ്റങ്ങൾ വന്നു. വർക്ക് ഫ്രം ഹോമും സാമൂഹിക അകലവും ഒത്തുചേരലുകളിൽ നിന്ന് വിട്ടുനിൽക്കുന്നതുമെല്ലാം നമ്മുടെ ജീവിതരീതിയുടെ ഭാഗമായി. ഒപ്പം സാനിറ്റൈസറും മാസ്കും നമുക്കൊപ്പം കൂടി. മാസ്കില്ലാത്ത മുഖങ്ങളിലേക്ക് നമ്മൾ എന്ന് തിരിച്ചുപോകും എന്നതിന് ഇന്നും കൃത്യമായ ഉത്തരമില്ല. എന്നാൽ കൊവിഡിനോളം തന്നെ നമ്മൾ ഗൗരവമായി ചർച്ച ചെയ്യേണ്ട വിഷയമുണ്ട്. ഉപയോഗിച്ച മാസ്കുകൾ നമ്മൾ എന്താണ് ചെയ്യുന്നത് എന്നത്? നമ്മൾ ചെയ്യുന്ന ഈ പ്രവൃത്തിയുടെ വിപത്തിനെ കുറിച്ച് നമ്മൾ ബോധവാന്മാരാണോ?

ഉപയോഗിച്ച മാസ്കുകൾ അലക്ഷ്യമായി വലിച്ചെറിയുന്നത് പ്രകൃതിയ്ക്ക് വരുത്തുന്ന വിപത്തുകൾ വളരെ വലുതാണ്. കൊവിഡിന് മുന്നേ പ്ലാസ്റ്റിക് കാർന്നു തിന്നിരുന്ന ഭൂമിയ്ക്ക് ഇപ്പോൾ മാസ്ക് ആണ് വില്ലൻ. അലക്ഷ്യമായി വലിച്ചെറിയുന്ന ഓരോ മാസ്കും  വിളിച്ചു വരുത്തുന്നത് വലിയൊരു വിപത്തിനെയാണ്.  

ഡിസ്പോസിബിൾ ഫെയ്സ് മാസ്കുകൾ പരിസ്ഥിതിയിലേക്ക് രാസമാലിന്യങ്ങളും നാനോ പ്ലാസ്റ്റിക്കുകളും പുറത്തുവിടുമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ വിഷയത്തിൽ മികച്ച നിയന്ത്രണങ്ങളും കൂടുതൽ ഗവേഷണങ്ങളും നടത്തേണ്ടതുണ്ടെന്നും ശാസ്ത്രജ്ഞർ പറഞ്ഞു. സ്വാൻസീ യൂണിവേഴ്‌സിറ്റി ഗവേഷക സംഘം നടത്തിയ പരിശോധനയിൽ വെള്ളത്തിൽ പുറന്തള്ളുന്ന മാസ്കുകളിൽ നിന്ന്   ഘനലോഹങ്ങളും പ്ലാസ്റ്റിക് നാരുകളും പുറത്തുവരുന്നത് കണ്ടെത്തി.

“പാൻഡെമിക്കിന് മുമ്പ്, പ്ലാസ്റ്റിക് സ്ട്രോകളുടെ ഉപയോഗം കുറയ്ക്കാനും പ്ലാസ്റ്റിക് പാക്കേജുകൾ ഒഴിവാക്കാനുമാണ് ഞങ്ങൾ ശ്രമിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഞങ്ങൾ ശ്രമിക്കുന്നത് ഈ ഭൂമിയ്ക്ക് ദോഷം ചെയ്യുന്ന ആയിരക്കണക്കിന് മാസ്‌ക്കുകൾ നീക്കം ചെയ്യാനാണ് എന്ന് യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ പ്രോജക്റ്റ് ലീഡർ ഡോ സർപ്പർ സാർപ്പ് പറഞ്ഞു.  

ഈ ഒരു വിപത്തിനെ നേരിടാൻ നമുക്ക് നമ്മുടെ മുൻഗണകൾ നിശ്ചയിക്കേണ്ടതുണ്ട്. ഒന്നാമതായി മാസ്കുകൾ നമ്മുടെ ജീവിതത്തിനെ ഭാഗമായതിന് പിന്നിലെ ലക്ഷ്യത്തെ കുറിച്ച് ആലോചിക്കുക. പകർച്ചവ്യാധിയെ മറികടക്കുക, രോഗപകർച്ചയിൽ നിന്ന് പരസ്പരം സംരക്ഷണം നൽകുക, പൊതുജനാരോഗ്യം സംരക്ഷിക്കുക. പക്ഷെ ഇതിനോടൊപ്പം തന്നെ നമ്മൾ ഓർക്കേണ്ട ഒരു കാര്യമുണ്ട്. ഇത്ര തന്നെ പ്രാധാന്യം പരിസ്ഥിതി സംരക്ഷണത്തിനും നൽകണം. ഭൂമിയ്ക്ക് നമ്മൾ ഏൽപ്പിക്കുന്ന ഓരോ പ്രഹരവും നമുക്ക് തന്നെ തിരിച്ചടിയാകും.

കൊവിഡിന് മുമ്പ് വരെ നമ്മുടെ പരിസ്ഥിതിയെ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ആഘാതത്തിൽ നിന്ന് കരകയറ്റുന്നതിനെ പറ്റിയാണ് നമ്മൾ ചിന്തിച്ചത്. കാരണം ഭൂമിയ്ക്ക് അത്രമേൽ പ്രഹരം ഏൽപ്പിക്കാൻ കരുത്തുള്ള ഒന്നാണ് പ്ലാസ്റ്റിക്കുകൾ. എന്നാൽ മാലിന്യങ്ങളിൽ മാസ്കുകൾ പരിശോധിച്ചപ്പോൾ മാസ്കുകളിൽ നിന്ന് കൂടുതൽ രാസമാലിന്യങ്ങളിൽ കണ്ടെത്തി.  തെക്കൻ ഏഷ്യയിലും പ്രത്യേകിച്ച് ചൈനയിലും നിർമ്മിച്ച മാസ്കുകളിൽ ഉപയോഗിക്കുന്ന ചായങ്ങളിൽ നിന്നും പ്രകൃതി മലിനീകരണത്തിന് കാരണമാകുന്ന ലെഡ്, ആന്റിമണി, കാഡ്മിയം എന്നിവയുടെ അംശങ്ങളാണ് സംഘം കണ്ടെത്തിയത്.

Read Also : പ്രതിമാസം 13000 കോടി മാസ്കുകൾ, മിനുട്ടിൽ മൂന്ന് ലക്ഷം; വലിച്ചെറിയപ്പെടുന്ന മാസ്കുകൾ വിരൽ ചൂണ്ടുന്നത്

ഈ മാസ്കുകൾ ഉപയോഗ ശേഷം അലക്ഷ്യമായി വലിച്ചെറിയുമ്പോൾ ഈ രാസവസ്തുക്കളെല്ലാം പ്രകൃതിയിലേക്കാണ് എത്തിച്ചേരുന്നത്. മാസ്കുകളിൽ കണ്ടെത്തിയ ഘനലോഹങ്ങൾ “ബയോ-അക്യുമുലേറ്റീവ്” ആണെന്നും ഗവേഷകർ പറയുന്നുണ്ട്. അതിനർത്ഥം അവ ജലാശയങ്ങളിൽ എത്തിച്ചേരുമ്പോൾ ഈ വസ്തുക്കൾ നീക്കം ചെയ്യപ്പെടുന്നില്ല. ഓരോ മാസ്‌കും വെള്ളത്തിനടിയിലാകുമ്പോൾ ചോർന്ന രാസവസ്തുക്കൾ പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വസ്തുതകളാണ്. ഇന്ന് ഇത് നമുക്ക് വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടില്ലായിരിക്കാം. പക്ഷെ ഭാവിയിൽ ഇത് നമ്മൾ അഭിമുഖീകരിക്കുന്ന വലിയ പ്രശ്നങ്ങളിൽ ഒന്നാകും .

“നിലവിൽ നമുക്ക് മാസ്കുകൾ കൂടിയേ തീരു. മാസ്‌കുകൾ ധരിക്കുന്നതിന്റെ പ്രയോജനങ്ങൾ വളരെ വലുതാണ്. അതുകൊണ്ട് തന്നെ അവ ധരിക്കുന്നത് തുടരേണ്ടതുണ്ട്. എന്നാൽ മാസ്‌കുകളുടെ ഉപയോഗവും നിലവാരവും പരിശോധിക്കപ്പെടേണ്ടതുണ്ട്. “അവ എങ്ങനെ ഉൽപ്പാദിപ്പിക്കപ്പെടുന്നു. അവയുടെ ഗുണനിലവാരവും പരിശോധിക്കപ്പെടണം. അലക്ഷ്യമായി വലിച്ചെറിയുന്നതിന് പകരം ശാസ്ത്രീയമായ സംസ്കരണത്തെ കുറിച്ച് ആളുകളെ ബോധവാന്മാരാക്കണം.”  

Story Highlights: Disposable masks ‘causing enormous plastic waste’

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here