ഉപേക്ഷിച്ച് വരാൻ ഞാൻ തയ്യാറല്ല; ജാഗ്വറിനും കരിമ്പുലിയ്ക്കും ഒപ്പം യുക്രെയ്നിൽ തുടർന്ന് ഇന്ത്യൻ ഡോക്ടർ…
ലോകം മുഴുവൻ കാതോർത്തിരിക്കുന്നത് യുക്രൈനിലേക്കാണ്. യുദ്ധഭൂമിയിൽ തങ്ങളുടെ ഉറ്റവരുടെ രക്ഷയ്ക്കായും തിരിച്ചുവരവിനായുള്ള കാത്തിരിപ്പിലുമാണ്. ആക്രമണത്തിന്റെ ഭീതിയിൽ ഉറക്കം നഷ്ടപെട്ട രാത്രികളും സമാധാനം നശിച്ച ദിവസങ്ങളുമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവിടെയുള്ളവർ കഴിഞ്ഞുപോകുന്നത്. യുക്രെയ്നിൽ റഷ്യൻ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഓരോ രാജ്യങ്ങളും അവരുടെ പൗരന്മാരെ യുദ്ധഭൂമിയിൽ നിന്ന് രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ്.ഇന്ത്യൻ പൗരമാരെ തിരിച്ചെത്തിക്കാനുള്ള നടപടികളും അതിവേഗത്തിൽ പുരോഗമിക്കുന്നുണ്ട്. എന്നാൽ തന്റെ പൊന്നോമനകൾക്കൊപ്പം യുക്രൈനിൽ തന്നെ തുടരുകയാണ് ഇന്ത്യൻ ഡോക്ടർ.
തന്റെ അരുമകളായ ജാഗ്വറിനെയും കരിമ്പുലിയെയും യുദ്ധഭൂമിയിൽ ഉപേക്ഷിച്ച് തിരിച്ചു വരില്ലെന്ന് തീരുമാനത്തിലാണ് ആന്ധ്രപ്രദേശ് സ്വദേശിയായ ഡോക്ടർ ഗിരികുമാർ പാട്ടിൽ. വളർത്തുമൃഗങ്ങളായ കരിമ്പുലിക്കും ജാഗ്വറിനുമൊപ്പം ഡോൺബാസ് മേഖലയിലെ സെവെറോഡോനെറ്റ്‌സ്കിലെ വീടിന്റെ ബേസ്മെന്റിലാണ് 40 കാരനായ ഗിരികുമാറിന്റെ താമസം. ഡോൺബാസ് മേഖല ഏറെക്കുറെ വിഘടനവാദികളുടെ നിയന്ത്രണത്തിലാണ്. എപ്പോൾ വേണമെങ്കിലും എന്ത് സംഭവിക്കാവുന്ന സാഹചര്യം. എങ്കിലും തന്റെ ജീവൻ രക്ഷിക്കാനായി ഇവരെ ഒരിക്കലും ഉപേക്ഷിക്കില്ല എന്നാണ് ഗിരികുമാർ പറയുന്നത്.
വീട്ടുകാരും ബന്ധുക്കളും നാട്ടിലേക്ക് തിരിച്ച് വരാൻ നിർബന്ധിക്കുന്നുണ്ട്. എന്നാൽ ഇവരെ ഈ യുദ്ധഭൂമിയിൽ ഉപേക്ഷിച്ചുള്ള തിരിച്ചുവരവ് എനിക്ക് സാധ്യമല്ല. എന്റെ മക്കളെപോലെയാണ് ഞാൻ ഇവരെ കാണുന്നത്. അതുകൊണ്ട് തന്നെ എന്റെ അവസാനം വരെ ഞാൻ ഇവർക്ക് സംരക്ഷണം നൽകും. 2007 ൽ മെഡിസിൻ പഠനത്തിനായാണ് അദ്ദേഹം യുക്രൈനിൽ എത്തുന്നത്. പിന്നീട് അവിടെ സ്ഥിര താമസമാക്കുകയും അവിടുത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ഓർത്തോപീഡിക്കായി സേവനമനുഷ്ഠിക്കുകയും ചെയ്തു.
Read Also : സുരക്ഷിത കരങ്ങൾ തേടി 11 വയസ്സുള്ള യുക്രൈൻ ബാലൻ ഒറ്റയ്ക്ക് സഞ്ചരിച്ചത് 1,000 കിലോമീറ്റർ…
അവിടുത്തെ ഒരു മൃഗശാലയിൽ വെച്ചാണ് ജാഗ്വറിനെ ഗിരികുമാർ കണ്ടുമുട്ടുന്നത്. അസുഖം ബാധിച്ച് അവശനായ ഒറ്റപ്പെട്ട നിലയിലായിരുന്നു ജാഗ്വർ അവിടെ താമസിച്ചിരുന്നത്. പിന്നീട് അധികാരികളുടെ അനുമതിയോടെ ഇവനെ ദത്തെടുക്കുകയായിരുന്നു. എന്നാൽ രണ്ട് മാസം മുമ്പാണ് കരിമ്പുലിയെ വീട്ടിലേക്ക് കൊണ്ടുവരുന്നത്. ഗിരികുമാർ അത്രമേൽ പ്രിയപെട്ടവരാണ് ഇവർ രണ്ടുപേരും. ജാഗ്വറിന് യാഷ എന്നും കരിമ്പുലിയ്ക്ക് സബ്രീന എന്നുമാണ് പേരിട്ടിരിക്കുന്നത്. ചുറ്റുമുള്ള ബഹളങ്ങളും നിരന്തരമായി നടക്കുന്ന ബോംബാക്രമണങ്ങളും ആകെ പേടിച്ച അവസ്ഥയിലാണ് ഇരുവരും. ഇവർക്ക് ഭക്ഷണം വാങ്ങാൻ വേണ്ടി മാത്രമാണ് ഇപ്പോൾ ബങ്കറിൽ നിന്ന് പുറത്തിറങ്ങാറുള്ളത് എന്നും ഗിരികുമാർ പറഞ്ഞു.
Story Highlights: Indian doctor refuses to leave Ukraine without his pets
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here