വിദ്യാർത്ഥികൾ കരയുമ്പോൾ മോദി ഗംഗാ തീരത്ത് ഡമരു വായിക്കുന്നു; ശിവസേന

യുക്രൈനിൽ ഒറ്റപ്പെട്ട ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള കേന്ദ്രസർക്കാർ ശ്രമങ്ങളെ രൂക്ഷമായി വിമർശിച്ച് ശിവസേന. വിദ്യാർത്ഥികൾ കുടുങ്ങി കിടക്കുമ്പോൾ പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് റാലികളിൽ മുഴുകിയിരിക്കുകയാണ്. സുമി, കീവ്, ഖാർകിവ് എന്നിവിടങ്ങളിൽ വിദ്യാർത്ഥികൾ പ്രതിഷേധിക്കുമ്പോൾ, വാരണാസിയിലെ പ്രചാരണ റാലിയിൽ ഗംഗാ നദിയുടെ തീരത്ത് ഡമരു വായിക്കുകയാണ് മോദി. ഓപ്പറേഷൻ ഗംഗയുടെ അർത്ഥം ഇതാണെങ്കിൽ ബിജെപിയെ നമിക്കുന്നു, ശിവസേന മുഖപത്രമായ സാമ്‌ന കുറ്റപ്പെടുത്തി.
“ഞങ്ങളും നിങ്ങളെ പ്രശംസിച്ച് മുദ്രാവാക്യങ്ങൾ ഉയർത്തും, പക്ഷേ രാഷ്ട്രീയം തൽക്കാലം മാറ്റി നിർത്തുക.” യുപിയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിഷയം രാഷ്ട്രീയവത്കരിക്കുന്നതിൽ സർക്കാരിനെ ആക്ഷേപിച്ചുകൊണ്ട് എഡിറ്റോറിയൽ അഭിപ്രായപ്പെട്ടു. ഓപ്പറേഷൻ ഗംഗ, ഓപ്പറേഷൻ വന്ദേ ഭാരത്, ഓപ്പറേഷൻ ദേവി ശക്തി, തുടങ്ങിയ സമീപകാല ഒഴിപ്പിക്കൽ ശ്രമങ്ങളെക്കുറിച്ച് മിർസാപൂരിൽ നടന്ന റാലിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയ്ക്കുള്ള മറുപടിയായാണ് ശിവസേന മുഖപത്രത്തിലെ പരാമർശം.
സുമിയിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെ തിരികെ കൊണ്ടുവരിക, സാമ്‌നയുടെ എഡിറ്റോറിയൽ ആവശ്യപ്പെട്ടു. അതേസമയം യുക്രൈനിലെ ഇന്ത്യൻ എംബസി സുമിയിൽ കുടുങ്ങിയ വിദ്യാർത്ഥികളോട് തയ്യാറാകണമെന്ന് നിർദ്ദേശിച്ചിരുന്നു. വിദ്യാർത്ഥികളെ പോൾട്ടാവ വഴി പടിഞ്ഞാറൻ അതിർത്തികളിലേക്ക് സുരക്ഷിതമായി എത്തിക്കുന്നത് ഏകോപിപ്പിക്കുന്നതിനായി ഇന്ത്യൻ എംബസിയിൽ നിന്നുള്ള സംഘം പോൾട്ടാവ നഗരത്തിൽ നിലയുറപ്പിച്ചിട്ടുണ്ട്. സ്ഥിരീകരിച്ച സമയവും തീയതിയും ഉടൻ പുറപ്പെടുവിക്കും. ഫെബ്രുവരി 22 ന് ആരംഭിച്ച പ്രത്യേക വിമാനങ്ങൾ വഴി ഏകദേശം 15,900 ഇന്ത്യക്കാരെ യുക്രൈനിൽ നിന്ന് തിരികെ കൊണ്ടുവന്നതായി മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
Story Highlights: saamna-demands-evacuation-of-students-from-ukrainian
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here