യുദ്ധമുഖത്ത് കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിതമായി റഷ്യയിലെത്തിക്കാമെന്ന വാഗ്ദാനം തള്ളി യുക്രൈന്‍

യുക്രൈനില്‍ യുദ്ധമുഖത്ത് കുടുങ്ങിക്കിടക്കുന്ന സാധാരണക്കാരെ സുരക്ഷിത മാര്‍ഗത്തിലൂടെ റഷ്യയിലെത്തിക്കാമെന്ന റഷ്യയുടെ വാഗ്ദാനം തള്ളി യുക്രൈന്‍. ഈ വാഗ്ദാനത്തെ മാനുഷിക ഇടനാഴിയെന്ന് പറയാന്‍ കഴിയില്ലെന്നും ഈ നീക്കം റഷ്യയുടെ പ്രചാരണത്തിന്റെ ഭാഗമാണെന്നും സൂചിപ്പിച്ചാണ് യുക്രൈന്‍ ഈ വാഗ്ദാനം അംഗീകരിക്കാതിരുന്നത്. റഷ്യയ്ക്ക് പുറമേ ബെലാറസിലേക്കും സാധാരണക്കാരെ സുരക്ഷിതമായി എത്തിക്കുമെന്നായിരുന്നു റഷ്യയുടെ വാഗ്ദാനം.
യുക്രൈനില്‍ നിന്ന് റഷ്യയിലേക്കും ബെലാറസിലേക്കും ആളുകളെ കൊണ്ടുപോകാമെന്ന വാഗ്ദാനം ദുരുദ്ദേശപരമാണെന്നാണ് യുക്രൈന്‍ അറിയിച്ചത്. ലോകരാജ്യങ്ങളെ മുഴുവന്‍ കബളിപ്പിക്കാമെന്നാണ് റഷ്യ വിചാരിക്കുന്നത്. ഇത്തരമൊരു സുരക്ഷിതപാത സജ്ജമാക്കാന്‍ റഷ്യയെ പ്രേരിപ്പിക്കുന്നത് മനുഷ്യത്വപരമായ കരുതല്‍ അല്ലെന്ന് വ്യക്തമാണെന്നും യുക്രൈന്‍ പറഞ്ഞു.
റഷ്യ-യുക്രൈന്‍ മൂന്നാംവട്ട സമാധാന ചര്‍ച്ച ബെലാറസില്‍ പൂര്‍ത്തിയായി. ചര്‍ച്ചയില്‍ നിര്‍ണായക തീരുമാനങ്ങള്‍ ഇല്ലെന്നാണ് സൂചന. വെടിനിര്‍ത്തല്‍, മാനുഷിക ഇടനാഴി, സാധാരണക്കാരുടെ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സാധാരണക്കാരുടെ സുരക്ഷ പ്രഥമ പരിഗണനയാണെന്ന് ഇരുരാജ്യങ്ങളും വ്യക്തമാക്കി. എന്നിരിക്കിലും യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനങ്ങളൊന്നും ഈ ചര്‍ച്ചയിലൂടെയും ഉണ്ടായിട്ടില്ലെന്ന് യുക്രൈന്‍ വക്താവ് മൈഖൈലോ പോഡോല്യ അറിയിച്ചു.
റഷ്യ-യുക്രൈന്‍ വിദേശകാര്യമന്ത്രിമാര്‍ വ്യാഴാഴ്ച ചര്‍ച്ച നടത്തും. തുര്‍ക്കിയിലെ അന്താലിയയില്‍ വച്ചാകും ചര്‍ച്ച. റഷ്യന്‍ അധിനിവേശം ആരംഭിച്ചതുമുതല്‍ യുക്രൈനില്‍ നിന്ന് ഏതാണ്ട് ഒന്നര ലക്ഷത്തിലധികം ആളുകള്‍ പലായനം ചെയ്തതായി ഐക്യരാഷ്ട്രസഭ ചൂണ്ടിക്കാട്ടുന്നു.
അതിനിടെ യുക്രൈനിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുടിന്‍ സഹായം വാഗ്ദാനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് പുടിന്റെ പ്രതികരണം. ഇരുനേതാക്കളും യുക്രൈന്‍ സാഹചര്യം വിലയിരുത്തി. അതേസമയം സൂമിയില്‍ നിന്ന് ഇന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുറപ്പെടാനായില്ല. അഞ്ചുബസുകളില്‍ വിദ്യാര്‍ഥികളെ കയറ്റിയെങ്കിലും സുരക്ഷിതമല്ലെന്ന് കണ്ട് യാത്ര വേണ്ടെന്ന് വെയ്ക്കുകയായിരുന്നു.
Story Highlights: Ukraine rejects humanitarian corridors that lead to Russia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here