പോത്തൻകോട് സുധീഷ് കൊലപാതകം; കുറ്റപത്രം അപൂർണം, നിർണായക രേഖകൾ കുറ്റപത്രത്തിനൊപ്പമില്ലെന്ന് കണ്ടെത്തൽ

പോത്തൻകോട് സുധീഷ് കൊലപാതകത്തിൽ അന്വേഷണ സംഘത്തിന് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ. കേസിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് വലിയ വീഴ്ച സംഭവിച്ചത്. കുറ്റപത്രം അപൂർണം, നിർണായക രേഖകൾ കുറ്റപത്രത്തിനൊപ്പമില്ലെന്ന് കണ്ടെത്തൽ. പ്രതികൾ തെളിവുകൾ നശിപ്പിച്ചത്തിന്റയും ഗുണ്ടാ സംഘം എത്തിയ വാഹനങ്ങളുടെ വിവരങ്ങളുമില്ലെന്നും കണ്ടെത്തി. കുറ്റപത്രം പരിശോധിച്ച കോടതി ജീവനക്കാരാണ് വീഴ്ച കണ്ടെത്തിയത്. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിലുള്ള കുറ്റപത്രം തള്ളാനാണ് സാധ്യത.
പോത്തൻകോട് സുധീഷ് വധക്കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു.11 പ്രതികൾക്കെതിരെയാണ് കുറ്റപത്രം. പ്രതികൾ അറസ്റ്റിലായി 90 ദിവസമാകാൻ 4 ദിവസം ബാക്കി നിൽക്കേയാണ് കുറ്റപത്രം നൽകിയത്. തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് നെടുമങ്ങാട് ഡിവൈഎസ്പി എം കെ സുൽഫിക്കർ കുറ്റപത്രം നൽകിയത്.
ഡിസംബർ പതിനൊന്നിനാണ് പാണൻ വിളയിലെത്തിയ പതിനൊന്നംഗ സംഘം സുധീഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. സുധീഷിന്റെ വെട്ടിയെടുത്ത കാൽ സമീപത്തെ റോഡിൽ വലിച്ചെറിഞ്ഞത് ഒന്നാം പ്രതിയായ സുധീഷ് ഉണ്ണിയായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞത്. പ്രധാന പ്രതികളിലൊരാളായ ഗുണ്ടാ തലവന്‍ രാജേഷിനെ സംഭവം നടന്ന് പത്ത് ദിവസത്തിന് ശേഷമാണ് പിടികൂടാനായത്. ഇതിനിടെ രാജേഷിനെ അന്വേഷിച്ച് പോയ പൊലീസുദ്യോഗസ്ഥന്‍ മുങ്ങി മരിക്കുകയും ചെയ്തിരുന്നു. പ്രതികളെത്തിയ ഓട്ടോറിക്ഷയും രണ്ടു ബൈക്കുകളും കൊലയ്ക്കുപയോഗിച്ച ആയുധങ്ങളും നേരത്തേ കണ്ടെത്തിയിരുന്നു.
Read Also : പോത്തൻകോട് ഗുണ്ടാ കൊലപാതകം : ഒന്നാം പ്രതി സുധീഷ് ഉണ്ണി; മൂന്നാം പ്രതി ഭാര്യാ സഹോദരൻ
പട്ടാപ്പകൽ സുധീഷിന്‍റെ കാല്‍ വെട്ടിയെടുത്ത് കൊലപ്പെടുത്തിയ സംഭവത്തിലേക്ക് നയിച്ചത് കഞ്ചാവ് വിൽപ്പനയെ ചൊല്ലിയുളള തർക്കമായിരുന്നു. കഞ്ചാവ് വിൽപ്പന സംബന്ധിച്ചുണ്ടായ തർക്കത്തെ തുടർന്ന് പ്രതികളിലൊരാളായ ഉണ്ണിയെയും രണ്ടു സുഹൃത്തുക്കളെയും കൊല്ലപ്പെട്ട സുധീഷ് നേരത്തെ ആക്രമിച്ചിരുന്നു. ഇതിന് പ്രതികാരം തീർക്കാനായിരുന്നു സുധീഷിനെ ആക്രമിച്ചത്. കൊലയാളി സംഘത്തിൽ സുധീഷിന്റെ സഹോദരി ഭർത്താവും ഉൾപ്പെട്ടിട്ടുണ്ട്.
Story Highlights: Charge sheet Pothencode Sudheesh murder case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here