ഒരിക്കല്‍ കെജ്രിവാള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് എഎപി

ഡല്‍ഹിക്ക് പുറമേ പഞ്ചാബും കൈയ്യടക്കിയതോടെ ദേശീയ പാര്‍ട്ടിയായി ആംആദ്മി മാറിയെന്ന് എഎപി വക്താവ് രാഘവ് ഛദ്ദ പറഞ്ഞു. ഇന്ത്യയില്‍ കോണ്‍ഗ്രസിന്റെ സ്ഥാനത്തേക്ക് പാര്‍ട്ടി എത്തിയിരിക്കുകയാണ്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഒരിക്കല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
‘രാഷ്ട്രീയപാര്‍ട്ടി എന്ന നിലയില്‍ എഎപിക്ക് ഇത് മനോഹര ദിനമാണ്. ഞങ്ങള്‍ ഇനി ഒരു പ്രാദേശിക പാര്‍ട്ടിയല്ല, ദേശീയ പാര്‍ട്ടിയായി മാറിയിരിക്കുന്നു. ദൈവം ഞങ്ങളെയും അരവിന്ദ് കേജ്രിവാളിനെയും അനുഗ്രഹിക്കട്ടെ. ഒരിക്കല്‍ അദ്ദേഹം രാജ്യത്തെ നയിക്കും.’ രാഘവ് ഛദ്ദ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് ഫലം ഏകദേശം വ്യക്തമായതോടെ പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയുടെ തേരോട്ടമാണ് ദൃശ്യമാകുന്നത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 91ല്‍ അധികം സീറ്റുകളിലും ആം ആദ്മി പാര്‍ട്ടി ലീഡ് ചെയ്യുകയാണ്. കോണ്‍ഗ്രസ് 17 സീറ്റിലും ബി.ജെ.പി രണ്ടിടത്തും മാത്രമാണ് ലീഡ് ചെയ്യുന്നത്. എഴ് ഇടത്ത് മറ്റ് ചെറു കക്ഷികളാണ് മുന്നിട്ട് നില്‍ക്കുന്നത്.
Read Also : പഞ്ചാബില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്; ഉശിരോടെ ആം ആദ്മി
മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് വന്‍ തോല്‍വിയാണ് നേരിട്ടത്. പുതുതായി രൂപീകരിച്ച പഞ്ചാബ് ലോക് കോണ്‍ഗ്രസ് നേതാവ് കൂടിയായ അമരീന്ദര്‍ സിംഗ് ആം ആദ്മിയുടെ അജിത് പാല് സിംഗ് കോലിക്ക് മുന്നിലാണ് തോറ്റത്. അമരീന്ദര്‍ സിംഗിന് 20,105 വോട്ടുകള്‍ ലഭിച്ചപ്പോള്‍ കോലിക്ക് ലഭിച്ചത് 33,142 വോട്ടുകളാണ്. ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ തട്ടകമായിരുന്ന പട്യാലയില്‍ ഇത്തരമൊരു തോല്‍വി ആരും പ്രതീക്ഷിച്ചിരുന്നില്ല. 2002, 2007, 2012, 2017 വര്‍ഷങ്ങളിലും പട്യാലയില്‍ നിന്ന് വിജയിച്ചിട്ടുള്ള വ്യക്തിയാണ് അമരീന്ദര്‍ സിംഗ്.
പഞ്ചാബില്‍ ചന്നിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിക്കൊണ്ട് ദളിത് വോട്ടുകളെ ഒപ്പം നിര്‍ത്താനുള്ള കോണ്‍ഗ്രസിന്റെ നീക്കത്തെ മറികടക്കാന്‍ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുമെന്ന വാഗ്ദാനത്തിലൂന്നി നടത്തിയ പ്രചരണത്തിലൂടെ ആം ആദ്മി പാര്‍ട്ടിക്ക് സാധിച്ചു. സ്ഥാനാര്‍ഥികളെ പാര്‍ട്ടി തെരഞ്ഞെടുത്തതല്ല പകരം ജനങ്ങള്‍ തെരഞ്ഞെടുത്തതാണ് എന്ന തരത്തിലുള്ള പ്രചരണവും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഭഗവത് മന്നിനെ പ്രഖ്യാപിച്ചതും നേട്ടമായി.
പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി നേടിയ അട്ടിമറി വിജയം ബിജെപിക്ക് രാഷ്ട്രീയ ബദലാകാനുള്ള വിശാല പ്രതിപക്ഷത്തെ അരവിന്ദ് കെജ്രിവാള്‍ നയിക്കുമെന്ന തോന്നലുണ്ടാക്കിയിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ സാരഥി മമത ബാനര്‍ജി കൊതിച്ചിരുന്ന ഈ സ്ഥാനത്തേക്ക് കെജ്രിവാള്‍ ഉയര്‍ന്നുവരുന്നു എന്നതാണ് ഏറെ നിര്‍ണായകം.
Story Highlights: AAP says Kejriwal will be India’s next prime minister
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here