സഹൽ ഗോളടിച്ചു; സെമി ആദ്യ പാദം ബ്ലാസ്റ്റേഴ്സിന്

ഐഎസ്എൽ ആദ്യ സെമിയിലെ ആദ്യ പാദത്തിൽ കേരള ബ്ലാസ്റ്റേഴ്സിനു ജയം. ഗോവ ഫറ്റോർഡ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് വിജയിച്ചത്. മലയാളി താരം സഹൽ അബ്ദുൽ സമദ് കേരളത്തിൻ്റെ വിജയ ഗോൾ നേടി. പ്രതിരോധത്തിൽ നിറഞ്ഞുനിന്ന യുവതാരം റുയിവ ഹോർമിപാം ആണ് കളിയിലെ താരം.
കൊണ്ടും കൊടുത്തുമാണ് കളി ആരംഭിച്ചത്. തുടക്കത്തിൽ ഡാനിയൽ ചീമയ്ക്ക് രണ്ട് സുവർണാവസരങ്ങൾ ലഭിച്ചെങ്കിലും സ്കോർ നേടാൻ കഴിയാത്തത് അവർക്ക് കനത്ത തിരിച്ചടിയായി. പിന്നീട് മെല്ലെ കളിയിലേക്ക് തിരികെവന്ന ബ്ലാസ്റ്റേഴ്സ് രഹനേഷിനെ പരീക്ഷിക്കാൻ തുടങ്ങി. ലോങ് ബോളുകളിലൂടെ ജംഷഡ്പൂർ പ്രതിരോധത്തിൻ്റെ നില തെറ്റിക്കാനാണ് ബ്ലാസ്റ്റേഴ്സ് ശ്രമിച്ചത്. 38ആം മിനിട്ടിൽ ഈ തന്ത്രം ഫലം കണ്ടു. മധ്യനിരയിൽ നിന്ന് ആൽവാരോ വാസ്കസ് ഉയർത്തിനൽകിയ പന്ത് പിടിച്ച് അഡ്വാൻസ് ചെയ്ത ഗോൾ കീപ്പർ ടിപി രഹനേഷിനെ കബളിപ്പിച്ച് ഒരു ചിപ് ഷോട്ടിലൂടെ സഹൽ ബ്ലാസ്റ്റേഴ്സിനു ലീഡ് നൽകി.
രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്സ് ആക്രമണം കനപ്പിച്ചു. എന്നാൽ, ജംഷഡ്പൂർ സമനില പിടിക്കാൻ കിണഞ്ഞുശ്രമിച്ചതോടെ കളി പരുക്കനാവാൻ തുടങ്ങി. ഇരു ഭാഗത്തും ഫൗളുകൾ പിറന്നു. 59ആം മിനിട്ടിൽ ബ്ലാസ്റ്റേഴ്സിന് അനുകൂലമായ ഫ്രീ കിക്ക്. ബോക്സിനു പുറത്ത് ഇടതുവശത്ത് ലഭിച്ച ഫ്രീ കിക്ക് എടുത്ത ലൂണ പന്ത് മഴവില്ലു പോലെ വലയുടെ വലത്തേ മൂലയിലേക്ക് പായിച്ചു. എന്നാൽ, ഇഞ്ചുകളുടെ വ്യത്യാസത്തിൽ പന്ത് പോസ്റ്റിലിടിച്ചു. വീണ്ടും പരുക്കൻ കളി തുടർന്ന ടീമുകൾ ഇടക്കിടെ അവസരങ്ങൾ തുറന്നെടുത്തെങ്കിലും ഒന്നും ഗോളായില്ല.
Story Highlights: isl kerala blasters won jamshedpur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here