വിദേശികളുടെ വിസ നിരക്കുകൾ കുറച്ച് ഒമാൻ

ഒമാനിൽ വിദേശികളുടെ വിസ നിരക്ക് കുറച്ചു. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ ത്വരിഖിന്റെ നിർദേശപ്രകാരമാണ് വിസ നിരക്കുകൾ കുറച്ചത്. അൽ അഹ്ലാം കൊട്ടാരത്തിൽ മസ്കത്ത്, തെക്കൻ ബാത്തിന, മുസന്തം എന്നീ ഗവർണറേറ്റിലെ ശൈഖുമാരുമായി നടത്തിയ കുടിക്കാഴ്ചയിലാണ് ഇത് സംബന്ധമായ നിർദേശം സുൽത്താൻ നൽകിയത്. ഇതനുസരിച്ച് പുതുതായി തൊഴിൽ വിസ എടുക്കുന്നതിനും പുതുക്കുന്നതിനുമുള്ള ഏറ്റവും ഉയർന്ന നിരക്ക് 301 റിയാലായിരിക്കും.
സ്വദേശിവത്കരണ തോത് പൂർണമായി നടപ്പാക്കുന്ന കമ്പനികൾക്കും സ്ഥാപനങ്ങൾക്കും 85 ശതമാനം വരെ വിസ ഫീസിൽ ഇളവുണ്ട്. ഈ വർഷം ജൂൺ ഒന്ന് മുതലാണ് പുതിയ വിസ നിരക്ക് നടപ്പിൽ വരിക. രണ്ട് വർഷമാണ് വിസ കാലാവധി.
പുതിയ നിരക്കനുസരിച്ച് ഏറ്റവും ഉയർന്ന വിഭാഗത്തിൽ ജോലി എടുക്കുന്നവരുടെ വിസ നിരക്ക് 301 റിയാലായിരിക്കും. 74 തസ്തികകളാണ് ഈ വിഭാഗത്തിൽ വരുന്നത്. സർക്കാർ നിർദേശിച്ച സ്വദേശി വത്കരണ തോത് പൂർണമായി നടപ്പാക്കിയ സ്ഥാപനങ്ങളിൽ നിന്ന് 211 റിയാലാണ് ഈടാക്കുക. ഇടത്തരം വിഭാഗത്തിൽ ജോലി ചെയ്യുന്നവരുടെ വിസ നിരക്ക് 251 ആയി കുറച്ചു. സ്പെഷ്യലൈസ്ഡ് വിഭാഗത്തിൽപെട്ടവരും സാങ്കേതിക മേഖലകളിലും ജോലി ചെയ്യുന്നവരാണ് ഇതിൽ പെടുന്നത്. കൂടാതെ സ്വദേശിവത്കരണ തോത് പൂർത്തിയാക്കിയ കമ്പനികളിൽ നിന്ന് 176 റിയാൽ മാത്രമാണ് ഈടാക്കുക.
Story Highlights: Expat visa fees reduced by 85%
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here