പുതിയ സിനിമയിലെ ഗാനം ചിത്രീകരിച്ചത് യുക്രൈനിലെന്ന് രാജമൗലി

സൂപ്പര്‍ഹിറ്റ് സംവിധായകന്‍ എസ്.എസ്. രാജമൗലി ബാഹുബലിക്ക് ശേഷം അണിയിച്ചൊരുക്കുന്ന ആര്‍.ആര്‍.ആറിലെ ‘നാട്ടു നാട്ടു’ എന്ന ഗാനം ചിത്രീകരിച്ചത് യുക്രൈനിലായിരുന്നുവെന്ന് സംവിധായകന്റെ വെളിപ്പെടുത്തൽ. അവിടുത്തെ ജനങ്ങളുടെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. റഷ്യയുടെ ഉക്രൈന്‍ അധിനിവേഷം 21 ദിവസം പിന്നിട്ടിരിക്കുകയും ആക്രമണങ്ങള്‍ തുടരുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് രാജമൗലിയുടെ പ്രതികരണം.
”കഴിഞ്ഞവര്‍ഷമാണ് ആര്‍.ആര്‍.ആർ എന്ന ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനം ഉക്രൈനിൽ ചിത്രീകരിച്ചത്. കുറച്ച് നിര്‍ണായകമായ സീനുകളെടുക്കാനാണ് അവിടേക്ക് പോയത്. ഇന്ന് യുദ്ധത്തിലേക്ക് നയിച്ച സംഭവങ്ങളെക്കുറിച്ച് അന്ന് ഷൂട്ടിങ്ങ് നടക്കുമ്പോള്‍ എനിക്ക് അറിയില്ലായിരുന്നു. ഇപ്പോഴാണ് പ്രശ്‌നങ്ങളുടെ ഗൗരവം മനസിലായത്. അന്ന് യുക്രൈനിലെ ഷൂട്ടിങ് സമയത്ത് ഒരുമിച്ച് വര്‍ക്ക് ചെയ്തവരുടെ സുഖവിവരങ്ങള്‍ വിളിച്ച് തിരക്കാറുണ്ട്. ചിലരൊക്കെ പ്രശ്‌നങ്ങളില്ലാതെ സുഖമായിരിക്കുന്നു. ചിലരെ ഇതുവരെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. വൈകാതെ ഇവരെ ബന്ധപ്പെടാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.” – അദ്ദേഹം വ്യക്തമാക്കി.
ജൂനിയര്‍ എന്‍.ടി.ആര്‍, രാംചരണ്‍ തേജ, ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്ന ചിത്രം ഇന്ത്യന്‍ ഭാഷകള്‍ക്ക് പുറമേ ഇംഗ്ലീഷ്, ടര്‍ക്കിഷ്, സ്പാനിഷ്, കൊറിയന്‍ ഭാഷകളിലും പുറത്തിറങ്ങുന്നുണ്ട്. മാര്‍ച്ച് 25നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
Story Highlights: Rajamouli says song in new movie was shot in Ukraine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here