വോട്ടിംഗ് മെഷീൻ പരിശോധന; സമാജ്‌വാദി പാർട്ടി പ്രവർത്തകർക്കെതിരെ കേസ്

ഉത്തർ പ്രദേശിൽ വോട്ടിംഗ് മെഷീനുകൾ പരിശോധിച്ച സമാജ്‌വാദി പാർട്ടി പ്രവർത്തകർക്കെതിരെ കേസ്. മാർച്ച് 9ന് രാത്രി വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് വോട്ടിംഗ് മെഷീനുകൾ കൊണ്ടുവന്ന വാഹനം പരിശോധിച്ച പ്രവർത്തകർക്കതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വാരണാസിയിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് വോട്ടിംഗ് മെഷീനുകൾ മോഷണം പോയെന്ന് വോട്ടെണ്ണലിനു രണ്ട് ദിവസം മുൻപ് സമാജ്‌വാദി പാർട്ടി പ്രസിഡൻ്റ് അഖിലേഷ് യാദവ് ആരോപിച്ചിരുന്നു. വോട്ടിംഗ് മെഷീനുകൾക്ക് കാവൽ നിൽക്കണമെന്ന് പ്രവർത്തകരോട് അഖിലേഷ് യാദവ് ആവശ്യപ്പെടുകയും ചെയ്തു. ഇതിനു പിന്നാലെയാണ് പ്രവർത്തകർ വോട്ടിംഗ് മെഷീനുകൾ കൊണ്ടുവന്ന വാഹനം പരിശോധിച്ചത്.
100ലധികം പാർട്ടി പ്രവർത്തകർക്കെതിരെ 7 വ്യത്യസ്ത കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇത് കള്ളക്കേസാണെന്നാണ് പാർട്ടിയുടെ ആരോപണം. പ്രവർത്തകരെ കള്ളക്കേസുകളിൽ കുടുക്കുന്നത് നിർത്തണമെന്നും അല്ലെങ്കിൽ പ്രതിഷേധിക്കുമെന്നും ജില്ലാ മജിസ്ട്രേറ്റിനോട് ആവശ്യപ്പെട്ടതായി പാർട്ടി നേതാവ് മഹേന്ദ്ര നാഥ് യാദവ് അറിയിച്ചു.
യുപിയിൽ യോഗി ആദിത്യനാഥ് ഉൾപ്പെടെ ബിജെപി മന്ത്രിസഭയിലെ എല്ലാ അംഗങ്ങളും വിജയിച്ചിരുന്നു. ബിജെപി സംസ്ഥാനത്ത് കോൺഗ്രസിനേയും ബിഎസ്പിയേയും നാമാവശേഷമാക്കി. തുടക്കം മുതൽ തന്നെ വ്യക്തമായ ലീഡ് നിലനിർത്തിയിരുന്നു ബിജെപി. കോൺഗ്രസിന്റെ പരമ്പരാഗത കേന്ദ്രങ്ങളിലെല്ലാം ബിജെപിയുടെ തേരോട്ടമാണ് നടന്നത്.
Story Highlights: Samajwadi Party Workers EVMs Cases
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here