Advertisement

മലിംഗ രാജസ്ഥാനിലെത്തിയതിൽ മുംബൈയ്ക്ക് അതൃപ്തി? മറുപടിയുമായി സംഗക്കാര

March 17, 2022
Google News 3 minutes Read

ട്വിസ്റ്റുകളുടെ ഘോഷയാത്രയാണ് ഐപിഎൽ 15-ാം സീസണിൻ്റെ തുടക്കം മുതൽ സംഭവിച്ചത്. അതിൽ ഒന്നാണ് ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം ലസിത് മലിംഗയുടെ കൂടുമാറ്റം. മുംബൈ ഇന്ത്യൻസുമായുള്ള 12 വർഷത്തെ ബന്ധം അവസാനിപ്പിച്ച് താരം രാജസ്ഥാൻ റോയൽസിലേക്ക് ചേക്കേറിയിരുന്നു. ബൗളിംഗ് പരിശീലകനായി ഇനി രാജസ്ഥാനൊപ്പം മലിംഗ ഉണ്ടാകും. താരത്തിൻ്റെ തീരുമാനത്തിൽ എംഐ ക്യാമ്പ് കടുത്ത നിരാശയിലുമാണ്.

വിഷയത്തിൽ പ്രതികരണവുമായി രാജസ്ഥാൻ റോയൽസ് ക്രിക്കറ്റ് ഡയറക്ടർ കുമാർ സംഗക്കാര രംഗത്തെത്തി. “മലിംഗയുടെ കാര്യത്തിൽ മുംബൈ ഇന്ത്യൻസ് അസ്വസ്ഥതപ്പെടേണ്ട കാര്യമില്ല. മുംബൈയ്ക്ക് ഒരു സമ്പൂർണ്ണ കോച്ചിംഗ് യൂണിറ്റ് ഉണ്ട്. മലിംഗയ്ക്ക് ലഭിച്ച പുതിയ അവസരത്തിൽ മഹേല ജയവർധന സന്തോഷവാനാണെന്ന് ഞാൻ കരുതുന്നു. ശ്രീലങ്കൻ താരം രാജസ്ഥാൻ റോയൽസിലേക്ക് വരാൻ തീരുമാനിച്ചത് ഞങ്ങളുടെ ഭാഗ്യമാണ്” – സംഗക്കാര പറയുന്നു.

“ടൂർണമെന്റിൽ ഫ്രാഞ്ചൈസിയെ വിജയിപ്പിക്കുകയാണ് എൻ്റെ ജോലി. ടീം മൂല്യം വർധിപ്പിക്കാനും, സഹതാരങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താനും കഴിവുള്ള ആളുകളെ മാത്രമേ ഞാൻ ശുപാർശ ചെയ്യാറുള്ളു. മലിംഗയുടെ നിലവാരം എല്ലാവർക്കും അറിയാവുന്നതാണ്. മുംബൈയുടെ വിജയത്തിന് പിന്നിലെ പ്രധാന ശക്തികളിൽ ഒരാളാണ് അദ്ദേഹം. രാജസ്ഥാന് വേണ്ടിയുള്ള മലിംഗയുടെ നിർദ്ദേശങ്ങൾ ടീമിന് പുത്തൻ ഉണർവ് നൽകുന്നതാണ്.”- സംഗക്കാര കൂട്ടിച്ചേർത്തു.

2008-ൽ മുംബൈ ഇന്ത്യൻസിനൊപ്പം ഐപിഎൽ കരിയർ ആരംഭിച്ച മലിംഗ, 2020-ൽ വിരമിക്കുന്നതുവരെ എംഐയുടെ ഭാഗമായിരുന്നു. 12 വർഷത്തെ കരിയറിൽ 48.22 കോടി രൂപയാണ് എംഐ പ്രതിഫലമായി താരത്തിന് നൽകിയത്. ഐപിഎല്ലിൽ 122 മത്സരങ്ങൾ കളിച്ച ലസിത് മലിംഗ 170 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ഐപിഎൽ ചരിത്രത്തിലെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരനും ലസിത് മലിംഗയാണ്.

മാർച്ച് 29ന് എംസിഎ സ്റ്റേഡിയത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയാണ് രാജസ്ഥാൻ റോയൽസിന്റെ ആദ്യ മത്സരം.

Story Highlights: are-mumbai-indians-upset-after-lasith-malinga-joins-rajasthan-royals

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here