അപ്രതീക്ഷിത തിരിച്ചടി; രാഹുൽ ദ്രാവിഡ് രാജസ്ഥാൻ റോയൽസ് വിട്ടു, സഞ്ജു സാംസൺ ടീമിൽ തുടരും

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026-ലെ സീസൺ ആരംഭിക്കാനിരിക്കെ രാജസ്ഥാൻ റോയൽസിൽ ഒരു പ്രധാന മാറ്റം. ടീമിന്റെ മുഖ്യ പരിശീലകനായിരുന്ന രാഹുൽ ദ്രാവിഡ് സ്ഥാനമൊഴിഞ്ഞു. നായകൻ സഞ്ജു സാംസൺ രാജസ്ഥാൻ വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായതിന് പിന്നാലെയാണ് ദ്രാവിഡിന്റെ ഈ അപ്രതീക്ഷിത തീരുമാനം. ഇന്ത്യയെ ടി20 ലോകകപ്പ് ജേതാക്കളാക്കിയ ശേഷം രാജസ്ഥാന്റെ പരിശീലകനായി ചുമതലയേറ്റ ദ്രാവിഡിന് കീഴിൽ ടീമിന്റെ പ്രകടനം നിരാശാജനകമായിരുന്നു.
അവസാന സീസണിൽ കളിച്ച 14 മത്സരങ്ങളിൽ 4 എണ്ണത്തിൽ മാത്രമാണ് രാജസ്ഥാൻ ജയിച്ചത്. 10 മത്സരങ്ങളിൽ തോറ്റ് ഒമ്പതാം സ്ഥാനക്കാരായാണ് ടീം ഫിനിഷ് ചെയ്തത്. ഈ മോശം പ്രകടനത്തിന് പിന്നാലെ ദ്രാവിഡിനെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നത്. ദ്രാവിഡ് എടുത്ത പല പ്രധാന തീരുമാനങ്ങളും വിവാദങ്ങൾക്ക് വഴിവെക്കുകയും ആരാധകരുടെ പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തിരുന്നു.
സഞ്ജു സാംസണെ വളർത്തിയെടുത്ത പരിശീലകനാണ് ദ്രാവിഡെങ്കിലും രാജസ്ഥാൻ പരിശീലകനായി അദ്ദേഹം തിരിച്ചെത്തിയ ശേഷം ഇരുവരും തമ്മിലുള്ള ബന്ധം മോശമായിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ജോസ് ബട്ട്ലർ, ട്രെൻ്റ് ബോൾട്ട്, യുസ്വേന്ദ്ര ചഹൽ തുടങ്ങിയ പ്രമുഖ താരങ്ങളെ ഒഴിവാക്കാനുള്ള ദ്രാവിഡിന്റെ തീരുമാനങ്ങൾ സഞ്ജുവിൻ്റെ അഭിപ്രായം പരിഗണിക്കാതെയാണെന്ന് ആരോപണമുയർന്നിരുന്നു. ഈ അതൃപ്തികൾ കാരണം സഞ്ജു ടീം വിടാൻ ആലോചിച്ചിരുന്നതായും സൂചനകളുണ്ടായിരുന്നു.
Read Also: ഒടുവില്‍ ആശ്വാസം; ബെംഗളൂരു ദുരന്തത്തില്‍ ആര്‍സിബിയുടെ മനസുമാറ്റിയത് നിയമനടപടി
എന്നാൽ ഇപ്പോൾ ദ്രാവിഡ് ടീം വിട്ടതോടെ സഞ്ജുവിന് രാജസ്ഥാനിൽ തുടരാൻ കൂടുതൽ സാധ്യതയേറി. സഞ്ജുവിനോട് വലിയ ആത്മബന്ധം സൂക്ഷിക്കുന്ന താരങ്ങളാണ് നിലവിൽ ടീമിലുള്ളത്. അതിനാൽ നായകനായി സഞ്ജു തുടരുന്നത് ടീമിന് ഗുണകരമാവുകയും അടുത്ത സീസണിൽ ശക്തമായി തിരിച്ചുവരാൻ സഹായിക്കുകയും ചെയ്യും.
ഇന്ത്യൻ ക്രിക്കറ്റ് കണ്ട മികച്ച പരിശീലകരിലൊരാളായി അറിയപ്പെടുന്ന ദ്രാവിഡിന് ഐപിഎല്ലിലെ ആദ്യ സീസൺ അത്ര മികച്ചതായിരുന്നില്ല. താരങ്ങളെ നിലനിർത്തുന്നതിലെ പാളിച്ചകളും ടീം കോമ്പിനേഷനിലെ പിഴവുകളും ടീമിന്റെ തകർച്ചയ്ക്ക് കാരണമായി. രാജസ്ഥാൻ റോയൽസ് തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് ദ്രാവിഡിന്റെ പടിയിറങ്ങുന്ന വിവരം പുറത്തുവിട്ടത്. ഫ്രാഞ്ചൈസിയുടെ വിപുലീകരണത്തിന്റെ ഭാഗമായി ഉയർന്നൊരു പദവി വാഗ്ദാനം ചെയ്തിട്ടും ദ്രാവിഡ് അത് സ്വീകരിക്കാൻ തയ്യാറായില്ല.
പിങ്ക് സിറ്റിയിലേക്ക് രണ്ടാം വരവ് നടത്തിയ ദ്രാവിഡിന് സന്തോഷകരമായ ഓർമ്മകളൊന്നും സമ്മാനിക്കാൻ കഴിഞ്ഞില്ല. ടി20 ലോകകപ്പ് ജേതാക്കളാക്കിയതിൻ്റെ തലയെടുപ്പുമായി എത്തിയ ഗ്രേറ്റ് വാൾ, ഒടുവിൽ തലകുനിച്ചാണ് ടീമിൽ നിന്ന് മടങ്ങുന്നത്.
Story Highlights : Unexpected setback; Rahul Dravid leaves Rajasthan Royals, Sanju Samson to remain in the team
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here