Advertisement

‘മരിച്ചു കിടക്കുന്ന മനുഷ്യനോട് പോലും സഹതാപമില്ല’; കരിവെള്ളൂരിലെ ജാതി പ്രശ്നത്തെ കുറിച്ച് ശരണ്യ

March 17, 2022
1 minute Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മകൻ ഇതരമതസ്ഥയെ വിവാഹം കഴിച്ചതിന് കണ്ണൂരിൽ പൂരക്കളി മറത്തുകളി കലാകാരനെ ക്ഷേത്രക്കമ്മിറ്റി വിലക്കിയെന്ന വാർത്ത പുറത്ത് വന്നതോടെയാണ് പാർട്ടി ഗ്രാമമായ കരിവെള്ളൂരിൽ പുറംലോകമറിയാതെ മൂടികിടന്ന ജാതി പ്രശ്‌നം കേരളം അറിയുന്നത്. കരിവെള്ളൂരിലെ ജാതിപ്രശ്‌നം അന്യമതസ്ഥരെ വിവാഹം ചെയ്യുന്നവർ മാത്രമല്ല നേരിടുന്നത്, കീഴ് ജാതിയിൽപ്പെട്ടവരെ വിവാഹം ചെയ്തവർക്കും അപ്രഖ്യാപിത ഭ്രഷ്ടും വിലക്കുമാണ് പ്രദേശത്തെ ക്ഷേത്രങ്ങളിൽ. മതിർന്നവർ മാത്രമല്ല, കുട്ടികളും ഈ വിലക്കിന് ഇരകളാണ്. ഇതലൊരാളാണ് കരിവെള്ളൂർ സ്വദേശിയും മാധ്യമപ്രവർത്തകയുമായ ശരണ്യ എം ചാരു എന്ന യുവതിയും. താൻ നേരിട്ട ജാതി വിവേചനത്തെ കുറിച്ച് തുറന്നെഴുതുകയാണ് ശരണ്യ.

കരിവെള്ളൂരിലെ ജാതിക്കോമരങ്ങൾ, രണ്ടാം ഭാഗം.

ഏളത്ത് കയറാത്ത വീടുകൾ…!

കണ്ണൂർ കാസർകോട് ജില്ലകളിലെ തീയ, വാണിയ സമുദായക്കാരുടെ ക്ഷേത്രങ്ങളിൽ ആചാരവുമായി ബന്ധപ്പെട്ട് ചില പ്രത്യേക ആളുകൾക്ക് നൽകിപ്പോരുന്ന ഒരു അവകാശമാണ് ഏളത്ത് എഴുന്നള്ളത്. പെട്ടെന്നൊരു ദിവസം ദൈവവിളി ഉണ്ടാകുന്ന ആളുകളെ ആണ് മിക്കവാറും ഇതിന് തിരഞ്ഞെടുക്കുന്നത്. ക്ഷേത്രങ്ങളിൽ തെയ്യം നടക്കുന്നതിന് മുന്നോടിയായി പട്ടുടുത്ത്, ഒരു കയ്യിൽ വാളും മറ്റൊരു കയ്യിൽ ചിലമ്പും പിടിച്ച ഏളത്ത് ക്ഷേത്ര ഭാരവാഹികൾക്ക് ഒപ്പം പ്രസ്തുത ക്ഷേത്രത്തിൽ കൂടേണ്ട ആളുകളുടെ വീട്ടിൽ ചെല്ലുകയും, തെയ്യം നടക്കുന്ന വിവരം അറിയിക്കുകയും ചെയ്യുക എന്നതാണ് ഏളത്ത് എഴുന്നള്ളത്തു കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്.

തീയ സമുദായക്കാരുടെ ക്ഷേത്രമായ കരിവെള്ളൂർ സോമേശ്വരി ക്ഷേത്രത്തിലെ ഏളത്ത് പക്ഷെ എഴുന്നള്ളത്ത് നടത്തുമ്പോൾ ചില വീടുകളിൽ കയറില്ല. ഏത് വീടുകളിൽ ആണെന്നല്ലേ… അന്യ ജാതിയിലോ മതത്തിലോ പെട്ട ആളുകളെ വിവാഹം ചെയ്ത് കൊണ്ട് വന്ന വീടുകൾ ആണ് ഈ ചില വീടുകൾ. ഈ ക്ഷേത്രത്തിൽ കൂടേണ്ട വീടുകളിലെ പുരുഷൻമാർ മറ്റ് ജാതിയിലോ മതത്തിലോപെട്ട സ്ത്രീകളെ വിവാഹം ചെയ്താൽ പിന്നീട് ആ വീട്ടിലേക്ക് ഏളത്ത് വരാത്ത അവസ്ഥ ഇന്നും കരിവെള്ളൂരിലുണ്ട്.

ഏളത്ത് എഴുന്നള്ളി വരുമ്പോൾ വീടുകളിലുള്ളവർ ഉമ്മറത്ത് വിളക്ക് കൊളുത്തി വച്ച്, അരിയെറിഞ്ഞ് വീട്ടിലേക്കെത്തുന്ന ഏളത്തു സംഘത്തെ സ്വീകരിക്കുകയാണ് പതിവ്. കഴിഞ്ഞ തെയ്യക്കാലത്തിന് മുമ്പായി മറ്റൊരു ജാതിയിൽപെട്ട കുട്ടിയെ വിവാഹം ചെയ്ത സുഹൃത്തിന്റെ വീട്ടിലേക്ക് ഏളത്ത് സംഘം കയറിയില്ല. ഇവരുടെ വിവാഹ ശേഷം ആദ്യമായി വരുന്ന ഏളത്തിനെ സ്വീകരിക്കാൻ വിളക്ക് വച്ചു കാത്തിരുന്ന വീട്ടുകാരുടെ മുന്നിലൂടെ മറ്റ് വീടുകളിലേക്ക് കയറി പോയിട്ടുണ്ട് ഈ വിശ്വാസകൂട്ടം. ഊരുവിലക്ക് സാധ്യമല്ല എന്നത് കൊണ്ട് മാത്രം ഇത്തിരി സോഫ്റ്റ് ആയി ഇത്തരം കുടുംബങ്ങളെ ഒറ്റപ്പെടുത്തുക എന്നതാണ് ആത്യന്തികമായി ഇവർ ഉദ്ദേശിക്കുന്നത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

ഈ കുടുംബത്തിൽ പിന്നീട് ആര് മരിച്ചാലും അവരുടെ ശവ ശരീരങ്ങൾ സമുദായ ശ്മശാനത്തിൽ അടക്കം ചെയ്യാൻ സമ്മതിക്കാതിരിക്കുക, പൂരക്കളിയിൽ നിന്ന് മാറ്റിനിർത്തുക, കുട്ടികളെ പൂവിടുന്നതിൽ നിന്ന് മാറ്റി നിർത്തുക, വിവാഹത്തിന് മുൻപ് ഇവർ ക്ഷേത്രത്തിലേക്ക് നൽകിപ്പോന്ന പിരിവ് വിവാഹ ശേഷം വാങ്ങാതിരിക്കുക, കാലൊറകാരൻ, കൂട്ടായി എന്നിവയിൽ നിന്ന് ഒഴിവാക്കുക തുടങ്ങിയവയാണ് മറ്റ് അഭ്യാസങ്ങൾ.

ദൈവവിശ്വാസി അല്ലാതിരുന്ന, ക്ഷേത്ര കാര്യങ്ങളിൽ പങ്കെടുക്കുകയോ, ഇടപെടുകയോ ചെയ്യുന്ന വ്യക്തി അല്ലാതിരുന്ന ഒരു മാഷിന് നേരിടേണ്ടി വന്ന ഒരനുഭവം കൂടി പറയാം. പുസ്തകങ്ങൾ, ചില്ലറ രാഷ്ട്രീയപ്രവർത്തനം, ലൈബ്രറി പ്രവർത്തനം, വായന, ജോലി തുടങ്ങിയവ ആയിരുന്നു അദ്ദേഹത്തിന്റെ മേഖല. എന്നാൽ കുടുംബത്തിലെ മറ്റെല്ലാവരും വിശ്വാസികൾ ആയിരുന്നു. അദ്ദേഹത്തിന്റെ അച്ഛൻ ഇതേ സോമേശ്വരി ക്ഷേത്രത്തെ ഇന്ന് കാണുന്ന ക്ഷേത്രമാക്കി മാറ്റാൻ മുന്നിൽ നിൽക്കുകയും മരണം വരെ അതിനോട് ചേർന്ന് നിൽക്കുകയും ചെയ്ത മനുഷ്യരിൽ ഒരാളായിരുന്നു. വിശ്വാസി അല്ലാത്തത് കൊണ്ട് തന്നെ അധ്യാപകൻ ക്ഷേത്രത്തിലേക്ക് പിരിവ് നൽകുകയോ, അവിടത്തെ മറ്റ് പരിപാടികളുടെ ഒന്നും ഭാഗമാവുകയോ ചെയ്യാറില്ല. എന്നാൽ വീട്ടിൽ മറ്റെല്ലാവരും എല്ലാ കാര്യത്തിലും ക്ഷേത്രത്തോട് ചേർന്ന് നിൽക്കുന്ന ആളുകൾ ആയിരുന്നു താനും.

ആയിടയ്ക്ക് ഇദ്ദേഹത്തിന്റെ അച്ഛൻ പ്രായാധിക്യം മൂലം മരണപെടുന്നു. സ്വാഭാവികമായും ഒരു മരണം സംഭവിച്ചാൽ അത് സമുദായ ശ്മശാനത്തിൽ അറിയിക്കുക എന്നത് സാധാരണമാണ്. അവിടെ ചിതയ്ക്കുള്ള ഒരുക്കങ്ങൾ നടത്തുകയാണ് ഉദ്ദേശം. ഈ മരണവും അത്തരത്തിൽ അറിയിച്ചു. ശരീരം കൊണ്ട് പോയി. ചിതയ്ക്കുള്ള മുഴുവൻ ഒരുക്കവും കഴിഞ്ഞ് തീ കൊളുത്തുന്നതിന് തൊട്ട് മുമ്പ് ഇതേ ക്ഷേത്രം കമ്മിറ്റി രംഗത്തു വന്നു. വിശ്വാസിയല്ലാതെ ജീവിക്കുന്ന, പിരിവ് നൽകാത്ത ഒരാളിന്റെ അച്ഛനെ സമുദായ ശ്മശാനത്തിൽ അടക്കം ചെയ്യണമെങ്കിൽ ഇദ്ദേഹം പരസ്യമായി മാപ്പ് പറയണമെന്നായിരുന്നു അവരുടെ ആവശ്യം.

സംഭവം പ്രശ്നമാവുകയും ഉന്തിലും തള്ളിലും ഒക്കെ കലാശിക്കുകയും ചെയ്തു എന്നതല്ലാതെ കമ്മിറ്റിക്കാർ അവരുടെ ആവശ്യത്തിൽ നിന്ന് പിന്മാറിയില്ല. ഒന്ന് ചിന്തിച്ച് നോക്കണം, ഒരു മനുഷ്യന്റെ ശരീരം മുന്നിൽ നിർത്തിയാണ് ഈ വിലപേശൽ. അതും ഒരു ജീവിതകാലം മൊത്തം ആ ക്ഷേത്രത്തിന് വേണ്ടി ജീവിച്ചു മരിച്ച ഒരാളെ ആണ് മകൻ പിരിവ് നൽകിയില്ലെന്ന് പറഞ്ഞ് സമുദായ ശ്മശാനത്തിൽ നിന്ന് പുറത്താക്കാൻ ശ്രമിക്കുന്നത്. ഒടുക്കം കമ്മിറ്റിക്കാരുടെ ഈ തിട്ടൂരത്തിന് മുന്നിൽ തോൽവി സമ്മതിക്കേണ്ടി വന്നു ആ കുടുംബത്തിനും മാഷിനും. എന്തുകൊണ്ട് പൊതു ശ്മശാനത്തിലേക്ക് പോയില്ല, അതായിരുന്നില്ലേ വേണ്ടിയിരുന്നത് എന്ന ചോദ്യം തീർച്ചയായും ഉണ്ടാകും എന്നറിയാം, ഒരാൾ മാത്രം വിശ്വാസി അല്ലാതിരിക്കുകയും, കുടുംബത്തിലെ മറ്റെല്ലാവരും ക്ഷേത്രത്തോട് ചേർന്നും വിശ്വാസിച്ചും ജീവിക്കുന്നവരാവുകയും ചെയ്യുമ്പോൾ ഒറ്റയ്ക്ക് നിന്ന് എതിർക്കുന്നതിന് അദ്ദേഹത്തിന് പരിമിതികൾ ഒരുപാട് ഉണ്ടായിരുന്നു എന്ന് മാത്രമാണ് ഉത്തരം. ഏറ്റവും കുറഞ്ഞത് മരണം അറിയിക്കുമ്പോൾ എങ്കിലും ഈ പ്രശ്നം പറയാൻ കമ്മറ്റിക്കാർ തയ്യാറായിരുന്നുവെങ്കിൽ ഒരുപക്ഷേ ഇതൊന്നും അവിടെ നടക്കില്ലായിരുന്നു.

മരിച്ചു കിടക്കുന്ന ഒരു മനുഷ്യനോട് പോലും സഹതാപമോ, അനുകമ്പയോ തോന്നാത്ത മനുഷ്യത്വമില്ലായ്മ്മ മാത്രം ഉള്ളിൽ കൊണ്ടുനടക്കുന്ന ചിലർ ഭരിക്കുന്ന ക്ഷേത്രമാണത്. പിരിവ് നൽകാത്ത മാഷിനെ പുറത്താക്കാൻ ഒരുപക്ഷേ അവർക്ക് ശ്രമിക്കാം, എന്തിനാണിവർ അദ്ദേഹത്തിന്റെ വിശ്വാസിയായ അച്ഛന്റെ അന്ത്യ കർമ്മങ്ങളെ വിലക്കുന്നത് എന്നതാണ് ചോദ്യം?

ഇത് നടക്കുന്നതും കരിവെള്ളൂരിലെ ഒരു ക്ഷേത്രത്തിൽ തന്നെയാണ്. എല്ലാ പാർട്ടിയിൽപ്പെട്ട ആളുകളും മെമ്പർമാരായിട്ടുള്ള കമ്മിറ്റികൾ ആണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. ഇക്കൂട്ടരും വളരെ കൃത്യമായി ശിക്ഷ അർഹിക്കുന്ന ക്രൈം ആണ് മനുഷ്യരോട് ചെയ്യുന്നത്. ഈ 21 ആം നൂറ്റാണ്ടിലും ഇനിയുമെത്ര പ്രതിഷേധ സംഗമങ്ങൾ നടത്തേണ്ടി വരും കരിവെള്ളൂരിൽ എന്ന് മാത്രമാണ് ഞാൻ ചിന്തിക്കുന്നത് …!

തുടരും…..

Story Highlights: Caste issues in Karivellur- Part Two

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement