ഭജ്ജി രാജ്യസഭയിലേക്ക്; ഹർഭജൻ സിംഗ് എഎപി സ്ഥാനാർത്ഥി ?

ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് രാജ്യസഭയിലേക്ക്. ഹർഭജൻ ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ സ്ഥാനാർത്ഥിയായേക്കുമെന്ന് റിപ്പോർട്ട്. ഭഗവന്ത് മാൻ പഞ്ചാബ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം പ്രഖ്യാപനം ഉണ്ടായേക്കും. അദ്ദേഹത്തെ കായിക സർവകലാശാലയുടെ തലവനാക്കാനുള്ള ചർച്ചകളും ഊർജിതമാക്കിയതായി വൃത്തങ്ങൾ അറിയിച്ചു.
കായികരംഗത്ത് സമൂല മാറ്റം കൊണ്ടുവരുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഭഗവന്ത് മാൻ പ്രഖ്യാപിച്ചിരുന്നു. ജലന്ധറിൽ കായിക സർവകലാശാല സ്ഥാപിക്കുമെന്നും വാഗ്ദാനം നൽകി. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഭഗവന്ത് മാനെ അഭിനന്ദിച്ച് ഹർഭജൻ സിംഗ് ട്വീറ്റ് ചെയ്തിരുന്നു. കഴിഞ്ഞ വർഷം ഡിസംബർ മുതൽ താരത്തിൻ്റെ രാഷ്ട്രീയ പ്രവേശന ചർച്ചകൾ സജീവമായിരുന്നു. ഹർഭജൻ ബിജെപിയിൽ ചേരുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
പിന്നീട് ഹർഭജൻ തന്നെ രംഗത്തെത്തി. ബിജെപിയിൽ ചേരുമെന്ന ചർച്ചകൾ തള്ളിയ അദ്ദേഹം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും കൂട്ടിച്ചേർത്തു. 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഹർഭജൻ കോൺഗ്രസിൽ ചേരുമെന്ന ചർച്ചകളും ശക്തമായിരുന്നു. എന്നാൽ അങ്ങനെയും സംഭവിച്ചില്ല. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ച ശേഷം, പഞ്ചാബിനെ സേവിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഹർഭജൻ പറഞ്ഞിരുന്നു.
Story Highlights: harbhajan-singh-may-be-named-for-rajya-sabha-from-punjab-by-aap
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here