ഹോം ടീം ഹൈദരാബാദ്; ഐഎസ്എൽ ഫൈനലിൽ ബ്ലാസ്റ്റേഴ്സ് മഞ്ഞ ജഴ്സി അണിയില്ല

ഹൈദരാബാദ് എഫ്സിക്കെതിരായ ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനൽ കേരള ബ്ലാസ്റ്റേഴ്സ് മഞ്ഞ ജഴ്സി അണിയില്ല. ഇരു ടീമുകളുടെയും ഹോം ജഴ്സി മഞ്ഞ ആയതിനാൽ പോയിൻ്റ് ടേബിളിൽ മുന്നിലുള്ള ടീമിനെ ഹോം ടീമായി കണക്കാക്കുകയായിരുന്നു. പോയിൻ്റ് പട്ടികയിൽ ഹൈദരാബാദ് രണ്ടാമതും ബ്ലാസ്റ്റേഴ്സ് നാലാമതും ആയതിനാൽ ഹൈദരാബാദ് ആണ് ഹോം ടീം. അതുകൊണ്ട് തന്നെ അവർക്ക് മഞ്ഞ ജഴ്സി അണിയാം. ബ്ലാസ്റ്റേഴ്സ് കറുത്ത ജഴ്സിയാവും അണിയുക. ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ ഫേസ്ബുക്ക് പേജിൻ്റെ കവർ ഫോട്ടോയിൽ ഹൈദരാബാദ് മഞ്ഞ ജഴ്സിയിലും ബ്ലാസ്റ്റേഴ്സ് കറുത്ത ജഴ്സിയിലുമാണ്.
സെമിഫൈനലുകളിൽ ബ്ലാസ്റ്റേഴ്സ് ജംഷഡ്പൂരിനെ വീഴ്ത്തിയപ്പോൾ ഹൈദരാബാദ് എടികെയെനാണ് പരാജയപ്പെടുത്തിയത്. ജംഷഡ്പൂരിനെതിരേ ആദ്യ പാദ സെമിയിൽ 1-0നു വിജയിച്ച ബ്ലാസ്റ്റേഴ്സ്, രണ്ടാം പാദത്തിൽ 1-1ന് സമനില വഴങ്ങിയാണ് ഫൈനലിലേക്ക് മുന്നേറിയത്. എടികെയ്ക്കെതിരെ ആദ്യ പാദത്തിൽ ഹൈദരാബാദ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് വിജയിച്ചിരുന്നു. രണ്ടാം പാദത്തിൽ എതിരില്ലാത്ത ഒരു ഗോളിന് എടികെ വിജയിച്ചെങ്കിലും 3-2 എന്ന അഗ്രഗേറ്റ് സ്കോർ ഹൈദരാബാദിനെ സെമിയിലെത്തിച്ചു.
ഇതാദ്യമായാണ് ഹൈദരാബാദ് ഐഎസ്എൽ ഫൈനലിലെത്തുന്നത്. ഞായറാഴ്ചത്തെ ഫൈനലിൽ ആര് ജയിച്ചാലും ഇത്തവണ പുതിയ ചാമ്പ്യൻറെ ഉദയം കാണാം. നേരത്തേ 2014, 2016 വർഷങ്ങളിൽ ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തിയിരുന്നു. അതിനുശേഷം ഇതാദ്യമായാണ് കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിൽ പ്രവേശിക്കുന്നത്.
Story Highlights: kerala blasters isl final hydearabad jersey
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here