തോൽവിക്കണക്കിൽ മുരളീധരൻ മുന്നിലെന്ന് മറുപക്ഷം; ലിജുവിൻ്റെ തോൽവികൾ നിരത്തി കെ മുരളീധരൻ

രാജ്യസഭ തെരഞ്ഞെടുപ്പിൽ എം ലിജു സ്ഥാനാർത്ഥിയായി വരുന്നത് തടയാൻ തോൽവികൾ ആയുധമാക്കി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. സ്ഥിരമായി തോൽക്കുന്നവരെ സ്ഥാനാർത്ഥിയാക്കരുതെന്ന് ഹൈക്കമാൻഡിന് നൽകിയ കത്തിൽ കെ മുരളീധരൻ ആവശ്യപ്പെട്ടു. മൂന്ന് തെരഞ്ഞെടുപ്പുകളിൽ എം ലിജു മത്സരിച്ചിട്ടുണ്ട്. മൂന്നിടത്തും തോറ്റു. 2006ൽ കായംകുളത്തും 2011ലും 2021ലും അമ്പലപ്പുഴയിലും എം ലിജു മത്സരിച്ചെങ്കിലും വിജയിക്കാനായില്ല.
സ്ഥാനാർത്ഥിയാകാൻ ഹൈക്കമാണ്ട് പരിഗണിക്കുന്ന സതീശൻ പാച്ചേനി മത്സരിച്ചത് അഞ്ചു തവണ.അഞ്ചു വട്ടവും പരാജയപ്പെട്ടു. 1996ൽ തളിപ്പറമ്പിലും 2001ലും 2006ലും വി എസ് അച്ചുതാനന്ദനെതിരെ മലമ്പുഴയിലും 2016ൽ കണ്ണൂരിലും ജയിക്കാനായില്ല. 2009ൽ പാലക്കാട് നിന്നും ലോക്സഭയിലേക്കും സതീശൻ പാച്ചേനി മത്സരിച്ചിട്ടുണ്ട്.
തോൽവിക്കണക്കിൽ എം ലിജു, സതീശൻ പാച്ചേനി എന്നിവരേക്കാൾ മുന്നിലാണ് കെ മുരളീധരൻ. ആറു തവണ മുരളീധരൻ തോറ്റിട്ടുണ്ട്. പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ 1996 ൽ കോഴിക്കോട്ടും 98ൽ തൃശൂരും 2009ൽ വയനാട്ടിലും മത്സരിച്ചു തോറ്റു. നിയമസഭയിലേക്ക് 2004ൽ വടക്കാഞ്ചേരിയിലും 2006ൽ കൊടുവള്ളിയിലും 2021ൽ നേമത്തും കെ മുരളീധരൻ മത്സരിച്ചെങ്കിലും പരാജയമായിരുന്നു ഫലം.
Story Highlights: rajyasabha election m liju k muraleedharan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here