പൊലീസിന്റെ ലാത്തി കൊണ്ടുള്ള അടി, കാല്‍പാദത്തില്‍ തോക്കിന്റെ ബയണറ്റ് ആഞ്ഞുകുത്തി; വി എസും പുന്നപ്ര വയലാര്‍ സമരവും

ജന്മിത്തത്തിനും നാടുവാഴിത്തത്തിനുമെതിരായ കേരള ചരിത്രത്തിലെ ഏറ്റവും വലിയ പോരാട്ടങ്ങളിലൊന്നായ പുന്നപ്ര വയലാര്‍ സമരമാണ് വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദനിലെ പോരാട്ടവീര്യത്തെ പുറത്തുകൊണ്ടുവന്നത്. തുടര്‍ന്നിങ്ങോട്ട് അന്ത്യശ്വാസം വരെ ആ പോരാട്ടവീര്യം സഖാവ് വി.എസ് എന്ന കമ്യൂണിസ്റ്റുകാരനെ ജ്വലിപ്പിച്ചു നിര്‍ത്തി.ജന്മിമാരുടെ ചൂഷണത്തിനെതിരെ പ്രതിഷേധമുയര്‍ത്തിയ കര്‍ഷക തൊഴിലാളികള്‍ക്കെതിരെ അതിക്രൂരമായ അടിച്ചമര്‍ത്തലാണ് സര്‍ സി.പി.രാമസ്വാമി അയ്യരുടെ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത്.
1946 ഒക്ടോബര്‍ 24
ഗത്യന്തരമില്ലാതെ നൂറുകണക്കിന് തൊഴിലാളികള്‍ പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമിച്ചു. 29 പേര്‍ പൊലീസിന്റെ വെടിയേറ്റു മരിച്ചു. ഒക്‌ടോബര്‍ 26ന് വയലാറിലേക്കുള്ള പട്ടാള മുന്നേറ്റം തടയാന്‍ മാരാരിക്കുളത്തെ തടിപ്പാലം പൊളിച്ച തൊഴിലാളികള്‍ക്ക് നേരെ നടന്ന വെടിവെപ്പിൽ ആറ് തൊഴിലാളികള്‍ മരിച്ചു. തുടര്‍ന്ന് ഒക്ടോബര്‍ 27ന് പുന്നപ്രയിലും വയലാറിലും പട്ടാളം കൂട്ടക്കൊല നടത്തി. ആയിരത്തിലധികം പേരാണ് അന്ന് മരിച്ചത്.
ഈ കൊടിയ പീഡനങ്ങള്‍ക്കിടയിലും തളരാതെ പോരാടാന്‍ തൊഴിലാളികള്‍ക്ക് പ്രചോദനം ഇരുപത്തിമൂന്നുകാരനായ വി.എസ്സായിരുന്നു. സമരത്തിന്റെ മുഖ്യകണ്ണിയും സൂത്രധാരനുമായ വി.എസിനെ പൊലീസ് പിന്‍തുടര്‍ന്നു. പൂഞ്ഞാറിലെ ഒരു ബീഡി തൊഴിലാളിയുടെ വീട്ടില്‍ നിന്നും ഒക്ടോബര്‍ 28ന് പാലാ പൊലീസ് വിഎസിനെ അറസ്റ്റ് ചെയ്തു. ലോക്കപ്പില്‍ വെച്ച് ഭീകരമായ മര്‍ദനം. അഴികള്‍ക്കിടയിലൂടെ രണ്ടുകാലുകളും പുറത്തെടുത്ത് പാദങ്ങള്‍ക്ക് മുകളിലും താഴെയും രണ്ട് ലാത്തികള്‍ കയറുകൊണ്ട് കെട്ടിയ ശേഷം കാല്‍വെള്ളയില്‍ ലാത്തി കൊണ്ടുള്ള അടി. കാല്‍പാദത്തില്‍ തോക്കിന്റെ ബയണറ്റ് കുത്തിക്കയറ്റി. മര്‍ദനത്തിനൊടുവില്‍ വി.എസ് മരിച്ചെന്ന് കരുതി, മൃതദേഹം കൊണ്ടുപോയി മറവ് ചെയ്യാന്‍ സഹതടവുകാരെ ഏല്‍പ്പിച്ചതാണ്. അന്ന് കള്ളന്‍ കോരപ്പന്‍ എന്ന തടവുകാരനാണ് വി.എസ്സിന് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞ് ആശുപത്രിയിലെത്തിച്ചത്. പിന്നീട് രാജ്യം സ്വാതന്ത്ര്യത്തിന്റെ പൊന്‍പുലരിയിലേയ്ക്ക് മിഴി തുറക്കും വരെ ഒളിവിലായിരുന്നു വി.എസ്. തുടര്‍ന്ന് സ്വതന്ത്ര ഇന്ത്യയിലെ ഏഴ് പതിറ്റാണ്ട് നീണ്ട വി.എസ് എന്ന രാഷ്ട്രീയ അതികായന്റെ സംഭവ ബഹുലമായ രാഷ്ട്രീയ ജീവിതത്തില്‍ പിന്നീടുള്ള പോരാട്ടങ്ങളെല്ലാം താരതമ്യേന നിസാരമായിരുന്നു.
Story Highlights : VS and the Punnapra Vayalar protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here