Advertisement

ചൂട് കൂടുന്നു; ആരോഗ്യമുള്ള ചര്‍മത്തിനായി ശ്രദ്ധിക്കാം ഈ ആറ് കാര്യങ്ങള്‍

March 17, 2022
1 minute Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സൂര്യാഘാതം പോലുള്ള ഗുരുതര പ്രശ്‌നങ്ങള്‍ മുതല്‍ അമിത വിയര്‍പ്പ് കൊണ്ടുള്ള ചൊറിച്ചില്‍ വരെയുള്ള ബുദ്ധിമുട്ടുകളുടെ കൂടി കാലമാണ് ഉഷ്ണകാലം. തണുപ്പ് കാലത്ത് എങ്ങനെയെങ്കിലും ചൂട് കാലം വരണേ എന്ന് ആഗ്രഹിച്ചിരുന്ന പലര്‍ക്കും സൂര്യന്‍ സര്‍വ ശക്തിയുമെടുത്ത് ആറാടിയപ്പോള്‍ തണുപ്പ് കാലം തിരിച്ചുകിട്ടിയാല്‍ മതിയെന്നായി. ഉഷ്ണവും വിയര്‍പ്പും കഠിനമായ വെയിലും തളര്‍ത്തുമ്പോള്‍ ചര്‍മ പരിപാലനം വളരെ ബുദ്ധിമുട്ടാകുന്നുവെന്നാണ് പലരുടേയും പരാതി. ചര്‍മത്തിന് പ്രത്യേക പരിപാലനം ആവശ്യമായ സമയമാണ് ചൂട് കാലമെന്ന് അറിയാമെങ്കിലും എന്തെല്ലാമാണ് ചര്‍മത്തിനായി ചെയേണ്ടതെന്ന് പലര്‍ക്കും ശരിയായ ധാരണയില്ല. ഉഷ്ണകാലത്തും ആരോഗ്യമുള്ള ചര്‍മത്തിനായുള്ള ആറ് ടിപ്പുകള്‍ ഇതാ…

ഒരു തവണ മതിയാകില്ല, ഇടക്കിടെ സണ്‍സ്‌ക്രീന്‍ ലോഷന്‍ പുരട്ടാം

അതികഠിനമായ വെയിലും ചൂടുമുള്ളപ്പോള്‍ ഒരൊറ്റ തവണ മാത്രം സണ്‍സ്‌ക്രീന്‍ ലോഷണ്‍ ഉപയോഗിച്ചതുകൊണ്ട് മതിയാകില്ലെന്നാണ് വിദഗ്ധരുടെ പക്ഷം. വെയിലത്തിറങ്ങുമ്പോള്‍ സണ്‍ പ്രൊട്ടക്ഷന്‍ ലോഷനോ ക്രീമുകളോ ഉപയോഗിക്കണമെന്ന് അറിയുന്നവര്‍ക്ക് പോലും രണ്ട് മണിക്കൂര്‍ കൂടുമ്പോള്‍ സണ്‍സ്‌ക്രീന്‍ ലോഷന്‍ റീ അപ്ലൈ ചെയ്യണമെന്ന് അറിയില്ല. എസ് പി എഫ് 30 എങ്കിലുമുള്ള ക്രീമുകളാണ് ചൂടുകാലത്ത് അനുയോജ്യം.

മറക്കരുത് മോയ്ച്യുറൈസിംഗ്

മഞ്ഞുകാലത്തേതു പോലെ വേനല്‍ക്കാലത്ത് ചര്‍മ്മം വരണ്ടുണങ്ങാത്തതിനാല്‍ പലരും ചൂട് കാലത്ത് മോയ്ച്യുറൈസിംഗ് ക്രീം ഒഴിവാക്കാറുണ്ട്. എന്നാല്‍ വേനല്‍ക്കാലത്തും മോയ്ച്യുറൈസിംഗ് അത്യാവശ്യമാണ്. ലൈറ്റ്‌വെയ്റ്റായ മോയ്ച്യുറൈസിംഗ് ക്രീമുകളാണ് വേനല്‍ക്കാലത്ത് അനുയോജ്യം.

രണ്ട് ആഴ്ചയില്‍ ഒരിക്കല്‍ സ്‌ക്രബ് ചെയ്യാം

വിയര്‍പ്പും ചൂടും പലപ്പോഴും നിങ്ങളുടെ ചര്‍മ്മത്തെ മോശമായി ബാധിക്കാറുണ്ട്. ചര്‍മ്മത്തിന് ഉന്മേഷം നല്‍കാനും വൃത്തിയാക്കാനും മൃതകോശങ്ങള്‍ നീക്കം ചെയ്യാനും രണ്ട് ആഴ്ചയില്‍ ഒരിക്കലെങ്കിലും സ്‌ക്രബ് ചെയ്യേണ്ടത് അത്യാവശ്യമാണ്. സ്‌ക്രബിംഗ് മഞ്ഞുകാലത്ത് ഒഴിവാക്കിയാലും വേനല്‍ക്കാലത്ത് ഒഴിവാക്കരുത്. ഇടക്കിടെ സ്‌ക്രബ് ചെയ്യുന്നതും സൂര്യാഘാതമേറ്റയുടന്‍ സ്‌ക്രബ് ചെയ്യുന്നതും ചര്‍മത്തെ ദോഷകരമായി ബാധിക്കുമെന്ന് പ്രത്യേകം ഓര്‍മിക്കണം.

വേനല്‍ക്കാലത്ത് ലൈറ്റ് മേക്കപ്പ് മതി

മേക്കപ്പ് ചെയാന്‍ ഇഷ്ടമുള്ളവര്‍ക്കെല്ലാം അത് അവരുടെ ആത്മവിശ്വാസം കൂട്ടുന്ന ഘടകമാണ്. എങ്കിലും വേനല്‍ക്കാലത്ത് അല്‍പം ലൈറ്റ് മേക്കപ്പ് ഉപയോഗിക്കുന്നതാണ് നല്ലതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഹെവി മേക്കപ്പ് അണിഞ്ഞതിനുശേഷം വിയര്‍ക്കുന്നത് നല്ലതല്ല. വേനല്‍ക്കാലത്ത് ഹെവി മേക്കപ്പിന് ഒരു ബ്രേക്ക് നല്‍കാനാണ് വിദഗ്ധരുടെ ഉപദേശം.

വെയിലില്‍ നിന്ന് മുഖം മറയ്ക്കാം

കഠിനമായ യു വി രശ്മികള്‍ ചര്‍മ്മത്തിനൊപ്പം നിങ്ങളുടെ കണ്ണുകള്‍ക്കും ദോഷകരമാകും. അതിനാല്‍ ചര്‍മ്മത്തേയും കണ്ണിനേയും വെയിലില്‍ നിന്ന് പരമാവധി മറച്ചുപിടിക്കണം. ഇതിനായി വെയിലത്തിറങ്ങുമ്പോള്‍ സണ്‍ ഗ്ലാസുകളും മുഖം മറയ്ക്കാനുള്ള തുണികളും മറ്റും ഉപയോഗിക്കാം.

മുഖം വൃത്തിയാക്കാം, പക്ഷേ എപ്പോഴും സോപ്പ് വേണ്ട

ചുട്ടുപൊള്ളുന്ന സമയത്ത് ഇടക്കിടെ തണുത്ത വെള്ളത്തില്‍ മുഖം കഴുകാന്‍ ആരാണ് ആഗ്രഹിക്കാത്തത്. വിയര്‍ത്തിരിക്കുന്നതിനാല്‍ സോപ്പോ ഫേസ്‌വാഷോ ഉപയോഗിക്കാനും അറിയാതെ ആഗ്രഹിച്ചുപോകും. എന്നാല്‍ ദിവസത്തില്‍ പരമാവധി രണ്ട് തവണ മാത്രം സോപ്പോ ഫേസ് വാഷോ ഉപയോഗിച്ചാല്‍ മതിയെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഓരോ തവണ മുഖം കഴുകുമ്പോഴും സോപ്പ് ഉപയോഗിക്കുന്നത് മോയ്ച്യുര്‍ നഷ്ടപ്പെടാനിടയാക്കും.

Story Highlights: summer skin care tips

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement