‘മുമ്പ് മത്സരിച്ചവരെ മാറ്റിനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു, ഹൈക്കമാന്‍ഡ് പരിഗണിച്ചു’; സന്തോഷം അറിയിച്ച് മുരളീധരന്‍

ജെബി മേത്തറിനെ രാജ്യസഭാ സ്ഥാനാര്‍ഥിയാക്കാനായി ഹൈക്കമാന്‍ഡ് എടുത്ത തീരുമാനം ഉചിതമാണെന്ന് കെ മുരളീധരന്‍. താന്‍ മുന്നോട്ടുവച്ച രണ്ട് വിഷയങ്ങളും നേതൃത്വം പരിഗണിച്ചെന്ന് മുരളീധരന്‍ പറഞ്ഞു. മുമ്പ് മത്സരിച്ചവരെ മാറ്റിനിര്‍ത്തണമെന്നും കഴിവുള്ളവരെ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിക്കപ്പെട്ടതിലെ സന്തോഷം പങ്കുവെക്കുകയായിരുന്നു കെ മുരളീധരന്‍.
വനിതാ സ്ഥാനാര്‍ഥിയെ തെരഞ്ഞെടുത്ത തീരുമാനം ഉചിതമാണെന്ന് മുരളീധരന്‍ വിശദീകരിച്ചു. 42 വര്‍ഷങ്ങള്‍ക്കുശേഷമാണ് രാജ്യസഭയ്ക്കായി യുഡിഎഫിന് വനിതാ സ്ഥാനാര്‍ഥിയുണ്ടാകുന്നതെന്ന് മുരളീധരന്‍ ചൂണ്ടിക്കാട്ടി. ഇത്തവണ യുഡിഎഫിന് ഒരു വനിതാ എംഎല്‍എ മാത്രമേയുള്ളൂ. കോണ്‍ഗ്രസിന് വനിതാ എംഎല്‍എ ഇല്ല. ഈ കുറവുകളെല്ലാം പരിഹരിക്കാന്‍ ജെബി മേത്തറിന്റെ സ്ഥാനാര്‍ഥിത്വം സഹായിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥി, വനിത, കൂടാതെ ചെറുപ്പം ഈ മൂന്ന് ഘടകങ്ങളും പരിഗണിച്ചാണ് ജെബിയെ സ്ഥാനാര്‍ഥിയായി തീരുമാനിച്ചതെന്നാണ് മനസിലാക്കുന്നതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
Read Also : കല്ലുകള്‍ പിഴുതാല്‍ വികസനം തടയാനാകില്ലെന്ന് കോടിയേരി
ജെബിയുടെ സ്ഥാനാര്‍ഥിത്വത്തില്‍ ആര്‍ക്കും നിരാശയുണ്ടാകേണ്ടതില്ലെന്നും മുരളീധരന്‍ പറഞ്ഞു. താന്‍ കെപിസിസി പ്രസിഡന്റായിരുന്നപ്പോള്‍ തന്റെ നിര്‍ദേശങ്ങള്‍ ഹൈക്കമാന്‍ഡ് പാലിക്കാതിരുന്നിട്ടുണ്ട്. മാറ്റങ്ങള്‍ വരുത്താനുള്ള അധികാരം ഹൈക്കമാന്‍ഡിനുണ്ട്. കോണ്‍ഗ്രസ് ഒന്നിച്ചുനീങ്ങേണ്ട കാലഘട്ടമാണിതെന്നും മുരളീധരന്‍ ഓര്‍മിപ്പിച്ചു.
Story Highlights: k muraleedharan rajyasabha high command
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here