കല്ലുകള്‍ പിഴുതാല്‍ വികസനം തടയാനാകില്ലെന്ന് കോടിയേരി

സില്‍വര്‍ലൈന്‍ വിരുദ്ധ സമരങ്ങളെ പിന്തുണച്ച പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വികസന പ്രവര്‍ത്തനങ്ങളെ തടയാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് കോടിയേരി പറഞ്ഞു. സില്‍വര്‍ലൈനില്‍ തെറ്റിദ്ധാരണ പരത്തി സംഘര്‍ഷമുണ്ടാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി.
കേരളത്തെ കലാപഭൂമിയാക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നുവെന്ന നിലപാടാണ് സിപിഐഎം ആവര്‍ത്തിക്കുന്നത്. സര്‍വേക്കല്ല് വാരിക്കൊണ്ടുപോയാല്‍ പദ്ധതി തടയാനാകില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. കല്ലിടല്‍ സ്ഥലത്തുനിന്നും കോണ്‍ഗ്രസുകാര്‍ കല്ല് വാരിക്കൊണ്ടുപോകുന്നു. അവര്‍ക്ക് കല്ല് വേണമെങ്കില്‍ നമ്മുക്ക് എവിടെനിന്നെങ്കിലും ഒപ്പിച്ചുകൊടുക്കാം. ഈ കല്ലുകള്‍ കൊണ്ടുപോകേണ്ട കാര്യമുണ്ടോ? കോടിയേരി പരിഹസിച്ചു. നശീകരണ രീതിയിലാണ് കേരളത്തിലെ പ്രതിപക്ഷം ചിന്തിക്കുന്നതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായി ജനാധിപത്യ കേരളത്തെ ഒന്നിച്ചുനിര്‍ത്തുമെന്നാണ് ഇന്നലെ പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചത്. സില്‍വര്‍ലൈന്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ക്ക് പുതിയ രൂപവും ഭാവവും കൈവന്നു. സ്ത്രീകളും കുട്ടികളും ജനകീയ പ്രക്ഷോഭത്തിന്റെ ശക്തി എന്തെന്ന് സര്‍ക്കാരിനെ ബോധ്യപ്പെടുത്തി. എന്നാല്‍ യാതൊരു അക്രമത്തിനും മുതിരാതിരുന്ന ഈ ജനതയോട് പൊലീസ് ക്രൂരത കാണിച്ചു. സ്ത്രീകളെ പൊലീസ് ടാറിട്ട റോഡിലൂടെ വലിച്ചിഴച്ചു. നൊട്ടോറിയസായ ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് സില്‍വര്‍ലൈന്‍ വിരുദ്ധ സമരത്തെ ക്രൂരമായി അടിച്ചമര്‍ത്താനുള്ള നീക്കങ്ങള്‍ നടന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
Story Highlights: kodiyeri balakrishnan slams opposition
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here