കൊച്ചുകുട്ടികളെപ്പോലും ആക്രമിച്ച പൊലീസിനെതിരെ കേസെടുക്കണമെന്ന് കെ. സുരേന്ദ്രൻ

പെൺകുട്ടികളെയും കൊച്ചുകുട്ടികളെയും ആക്രമിച്ച പൊലീസുകാർക്കെതിരെ മനുഷ്യാവകാശ കമ്മിഷനും ബാലാവകാശ കമ്മിഷനും കേസെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. കെ-റെയിൽ സർവേ കല്ലിടലിനെതിരെ പ്രതിഷേധം നടക്കുന്ന കോട്ടയം മാടപ്പള്ളിയിലെത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വനിതാ കമ്മിഷൻ എന്തുകൊണ്ടാണ് ഈ വിഷയത്തിൽ ഇടപെടാൻ തയ്യാറാകാത്തത്. മൂന്നും നാലും സെന്റ് സ്ഥലത്ത് വീടുവെച്ചു കഴിയുന്ന പാവപ്പെട്ടവരെ ഇക്കാര്യം പറഞ്ഞ് ഉപദ്രവിക്കുന്നത് ദൗർഭാഗ്യകരമാണ്. പൊലീസിനെ ഉപയോഗിച്ച് കല്ലിടാനും ഭൂമി ഒഴിപ്പിക്കാനുമുള്ള നീക്കമാണ് മുഖ്യമന്ത്രി നടത്തുന്നത്. കക്ഷിരാഷ്ട്രീയമില്ലാതെ എല്ലാവരും ചേർന്ന് വലിയ രീതിയിലുള്ള ബഹുജന സമരം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ത്രീകൾക്ക് ജീവിക്കാൻ കഴിയാത്ത സംസ്ഥാനമായി കേരളം മാറിയെന്നും വീട്ടിന് മുറ്റത്ത് നിൽക്കുന്ന വനിതകളെ ഉൾപ്പടെ പൊലീസ് ഗുണ്ടകൾ ആക്രമിക്കുകയാണെന്നും ആരോപിച്ച് കേന്ദ്രസഹമന്ത്രി വി. മുരളീധരൻ നേരത്തേ രംഗത്തെത്തിയിരുന്നു. സ്ത്രീകളെ അറസ്റ്റ് ചെയ്യേണ്ടത് വനിതാ പൊലീസുകാരാണ്. ആളറിയാതിരിക്കാൻ സ്വന്തം നയിം ബാഡ്ജ് ഉൾപ്പടെ അഴിച്ച് മാറ്റിയ ശേഷം ഹെൽമറ്റ് വെച്ചാണ് പൊലീസുകാർ സ്ത്രീകൾക്കെതിരെ അക്രമം അഴിച്ചുവിടുന്നത്. വനിതാമതിൽ കെട്ടിയ മാർക്സിസ്റ്റ് പാർട്ടിയിലെ വനിതാ നേതാക്കൾ പൊലീസിന്റെ അതിക്രമത്തെപ്പറ്റി ഒന്നും പ്രതികരിക്കാത്തതെന്താണെന്നും അദ്ദേഹം ചോദിച്ചു.
Read Also : ജിജിയെ കോൺഗ്രസ് ചേർത്ത് പിടിക്കുമെന്ന് വി.ഡി. സതീശൻ
സില്‍വര്‍ലൈനിനായി അശാസ്ത്രീയമായ സര്‍വേ നടപടികളാണ് കേരളത്തില്‍ നടക്കുന്നതെന്ന് പ്രാഥമിക സാധ്യതാപഠനം നടത്തിയ സംഘത്തലവന്‍ അലോക് കുമാര്‍ വര്‍മ്മ നേരത്തേ പ്രതികരിച്ചിരുന്നു. പദ്ധതിക്കായി സര്‍വേക്കല്ലുകള്‍ സ്ഥാപിക്കുന്നത് അനാവശ്യമാണ്. ലിഡാര്‍ സര്‍വേ നടന്ന സ്ഥലങ്ങളില്‍ സര്‍വേക്കല്ല് സ്ഥാപിക്കേണ്ട ആവശ്യമില്ല. സംസ്ഥാന സര്‍ക്കാരിനെ ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അലോക് കുമാര്‍ വര്‍മ 24നോട് വ്യക്തമാക്കിയിരുന്നു.
സില്‍വര്‍ലൈന്‍ വിരുദ്ധ സമരങ്ങളെ പിന്തുണച്ച പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തി. കേരളത്തെ കലാപഭൂമിയാക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നുവെന്ന നിലപാടാണ് സിപിഐഎം ആവര്‍ത്തിക്കുന്നത്. സര്‍വേക്കല്ല് വാരിക്കൊണ്ടുപോയാല്‍ പദ്ധതി തടയാനാകില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
Story Highlights: K Surendran wants case registered against police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here