അഴിമതി നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കേസ്; ട്വന്റിഫോര്‍ പരമ്പര ‘തദ്ദേശക്കൊള്ള’ ഇംപാക്ട്

ട്വന്റിഫോര്‍ പരമ്പര ‘തദ്ദേശക്കൊള്ള’ വാര്‍ത്തകളോട് പ്രതികരിച്ച് തദ്ദേശ വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍. അഴിമതി നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കും. അഴിമതി ക്രിമിനല്‍ കുറ്റമായി പരിഗണിച്ച് ശക്തമായ നടപടിയുണ്ടാകും. തദ്ദേശ വകുപ്പിലെ പരാതികള്‍ ജനങ്ങള്‍ക്ക് നേരിട്ട് മന്ത്രിയെ അറിയിക്കാമെന്നും ഇതിനായി പ്രത്യേക സൗകര്യമൊരുക്കുമെന്നും എംവി ഗോവിന്ദന്‍ ട്വന്റിഫോറിനോട് പ്രതികരിച്ചു.
‘വകുപ്പ് തല സസ്‌പെന്‍ഷനൊന്നും കുറേക്കാലം തുടര്‍ന്ന് കൊണ്ടുപോകാന്‍ കഴിയില്ല. ആറുമാസം കഴിയുമ്പോള്‍ ഇതേ അഴിമതിക്കാര്‍ക്ക് ശമ്പളം പൂര്‍ണമായും കൊടുക്കണം, അഴിമതിക്കാര്‍ ജോലി ചെയ്യാതെ ശമ്പളം വാങ്ങാനുള്ള അവസരമാക്കി മാറ്റുകയാണ് സസ്‌പെന്‍ഷന്‍ കാലാവധി. നല്ലപോലെ അഴിമതി നടത്തിയ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍ ഒരു പ്രശ്‌നമേയല്ല. അങ്ങനെ കേസുകള്‍ വന്നാല്‍ ക്രിമിനല്‍ കുറ്റമായി കണക്കാക്കി കേസെടുക്കും’. മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു.
തദ്ദേശ വകുപ്പിലെ അഴിമതിയും സാമ്പത്തിക ക്രമക്കേടുകളും സംബന്ധിച്ചായിരുന്നു ട്വന്റിഫോര്‍ വാര്‍ത്താപരമ്പര. സസ്‌പെന്‍ഷന്‍ അടക്കമുള്ള പരമ്പരാഗത ശിക്ഷാ രീതികളെ ഒഴിവാക്കി ക്രിമിനല്‍ നടപടികളിലേക്ക് കടക്കാനാണ് തദ്ദേശവകുപ്പ് മന്ത്രിയുടെ നിര്‍ദേശം.
തദ്ദേശക്കൊള്ളയില്‍ പിടിവീഴുന്ന ഉദ്യോഗസ്ഥര്‍ക്ക് പ്രോത്സാഹനമായി കേരള സര്‍വീസ് റൂളിലെ ചില പഴുതുകളുണ്ട്. സസ്‌പെന്‍ഷന്‍ കാലയളവില്‍ ഭൂരിപക്ഷം പേര്‍ക്കും കയ്യില്‍ കിട്ടുന്നത് നിലവില്‍ വാങ്ങുന്നതിനെക്കാള്‍ കൂടുതല്‍ തുകയാണ്. സാമ്പത്തിക ക്രമക്കേടില്‍ നടപടി നേരിട്ട പലരും മുന്‍കാല അഴിമതിക്കാര്‍ തന്നെയാണെന്നത് വകുപ്പിലെ വീഴ്ചകള്‍ ബലപ്പെടുത്തുന്നു. സാമ്പത്തിക ക്രമക്കേടുകള്‍ ഉള്‍പ്പെടെനടത്തുന്ന ഉദ്യോഗസ്ഥരെ ഇത് ശ്രദ്ധയില്‍പ്പെട്ടാലുടന്‍ വകുപ്പ്തല നടപടികളുടെ ഭാഗമായി സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയാണ് പതിവ്.
Read Also : സാമ്പത്തിക തട്ടിപ്പ്; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി; 24 ഇംപാക്ട്
എന്നാല്‍ കേരള സര്‍വീസ് റൂള്‍ ഭാഗം 1 ചട്ടം 55 പ്രകാരം ഈ കാലയളവില്‍ ഉദ്യോഗസ്ഥര്‍ക്ക് നിശ്ചിത ശതമാനം ഉപജീവനപ്പടിയായി ലഭിക്കും. ഇത് അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനമാണ്. ഇതിന് പുറമേ ടിഎയും മറ്റ് ആനുകൂല്യങ്ങളും അക്കൗണ്ടിലെത്തും. ശമ്പളത്തില്‍ നിന്ന് വിവിധ ഇനങ്ങളിലുള്ള റിക്കവറികള്‍ കുറച്ച് വളരെ ചെറിയ തുക കയ്യില്‍ വാങ്ങുന്ന ഉദ്യോഗസ്ഥര്‍ക്ക് യാതൊരു പിടിത്തവുമില്ലാതെ അടിസ്ഥാന ശമ്പളത്തിന്റെ നിശ്ചിത ശതമാനം കയ്യില്‍ കിട്ടുന്നതിനാല്‍ പലപ്പോഴും നിലവില്‍ വാങ്ങുന്നതിനെക്കാള്‍ ഉയര്‍ന്ന തുകയാണ് ഇതില്‍ ലഭിക്കുന്നത്.
Story Highlights: corruption govt employees, mv govindhan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here