‘മാധ്യമ വാർത്തകൾ ആധാരമാക്കി കീഴ് ജീവനക്കാർക്കെതിരെ നടപടിയെടുക്കരുത്’; ജില്ലാ മേധാവിമാർക്ക് ഡിജിപിയുടെ നിർദേശം

മാധ്യമ വാർത്തകൾ ആധാരമാക്കി കീഴ് ജീവനക്കാർക്കെതിരെ അച്ചടക്ക നടപടിയെടുക്കരുതെന്ന് ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകി ഡിജിപി അനിൽ കാന്ത്. മുൻപും ഇത് സംബന്ധിച്ച് നൽകിയ നിർദേശങ്ങൾ പാലിക്കുന്നില്ലെന്നും അനിൽ കാന്ത് ചൂണ്ടിക്കാട്ടി. ( dgp circular about disciplinary action against subordinates )
മാധ്യമങ്ങളിൽ വന്ന ആരോപണങ്ങൾ ശരിയാണെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിയാതെ പൊലീസുകാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കരുതെന്നാണ് ഡിജിപി നൽകിയ നിർദേശം.
ക്രമസമാധാനപാലനത്തിനിടെ പൊലീസ് നടപടിയിൽ പ്രകോപിതരായ കുറ്റക്കാർ ഓൺലൈൻ മാധ്യമങ്ങളിലെ സ്വാധീനം ഉപയോഗിച്ച് പൊലീസുകാർക്കെതിരെ തെറ്റായ വാർത്തകൾ പടച്ചുവടുന്നുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിൽ അച്ചടക്ക നടപടിക്ക് ഇരയാവുന്നുവെന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പരാതിയെ തുടർന്നാണ് ഡിജിപിയുടെ ഇടപെടൽ.
Read Also : ഡിജിപി ഓഫിസിലേക്കുള്ള മഹിളാ കോൺഗ്രസ് മാർച്ചിൽ സംഘർഷം
‘ ചില സന്ദർഭങ്ങളിൽ ജനരോഷം കണക്കിലെടുത്താണ് നടപടിയുണ്ടാകുന്നത്. ഇത്തരം സന്ദർഭങ്ങളിൽ ശരിയായ നടപടിക്രമങ്ങളോ, അന്വേഷണങ്ങളോ ഉണ്ടാകാറില്ല. പ്രാഥമിക അന്വേഷണത്തിൽ കുറ്റം തെളിഞ്ഞാൽ ചട്ടപ്രകാരം നടപടി എടുക്കണം’- അനിൽ കാന്ത് വ്യക്തമാക്കി.
പൊലീസ് സേനയിൽ അച്ചടക്ക നടപടി നേരിടുന്ന ഉദ്യോഗസ്ഥനെ സ്ഥാനക്കയറ്റത്തിന് പരിഗണിക്കാറില്ല. ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥനെ ക്രിമിനലായി പരിഗണിക്കില്ലെങ്കിലും, പല ശിക്ഷാ മുറകളും സേനയ്ക്കുള്ളിൽ തന്നെ ലഭിക്കാറുണ്ട്. ഫൈൻ, അധിക ഡ്യൂട്ടി, ഡ്രിൽ, കഠിനമായ ട്രെയ്‌നിങ്ങുകൾ, നാശനഷ്ടങ്ങൾക്കുള്ള തുക ശമ്പളത്തിൽ നിന്ന് ഈടാക്കുക തുടങ്ങി നിരവധി ശിക്ഷാ മുറകളുണ്ട്.
Story Highlights: dgp circular about disciplinary action against subordinates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here