ധോണി വഴിമാറുമ്പോഴും പിന്തുടരുന്ന വിവാദങ്ങൾ

എം.എസ് ധോണി(M S Dhoni) എന്നത് നേതൃപാഠവം കൊണ്ട് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച പേരാണ്. പ്രതിസന്ധി ഘട്ടത്തിൽ ക്ഷമയോടും സംയമനത്തോടെയും ടീമിനെ വിജയിപ്പിക്കാൻ കഴിവുള്ള നായകൻ. എം.എസ്.ഡി എന്ന പോരാളിയുടെ വീര്യം പലയാവർത്തി നമ്മൾ കണ്ടതാണ്. എന്നാൽ ഐപിഎൽ 15-ാം സീസൺ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ നായക സ്ഥാനത്തുനിന്നുള്ള തലയുടെ പടിയിറക്കം ഞെട്ടലോടെയാണ് ആരാധകർ ശ്രവിച്ചത്.
ചെന്നൈയുടെ ചുമതല രവീന്ദ്ര ജഡേജയ്ക്ക് കൈമാറുമ്പോൾ ഐപിഎല്ലിലെ ഒരു യുഗമാണ് അവസാനിക്കുന്നത്. നായകത്ത്വം ഒഴിഞ്ഞെങ്കിലും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി മുൻ ക്യാപ്റ്റൻ ടീമിൽ തുടരും. തന്റെ ക്യാപ്റ്റൻസിയിൽ ചെന്നൈയെ നാല് തവണ ചാമ്പ്യനാക്കിയ ധോണി ഇനി ഒരു സാധാരണ കളിക്കാരനായി മാറും. നേട്ടങ്ങൾ കൈവരിക്കുമ്പോഴും വിവാദങ്ങൾ അദ്ദേഹത്തെ പിന്തുടർന്നു. ഐപിഎല്ലിൽ ക്യാപ്റ്റൻ കൂളിന്റെ കൂൾ നഷ്ടമായ 3 വിവാദങ്ങളെ കുറിച്ച് അറിയാം.

2019ൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിലാണ് ആദ്യ സംഭവം. അവസാന ഓവറിൽ 18 റൺസായിരുന്നു ചെന്നൈയ്ക്ക് വേണ്ടിയിരുന്നത്. ബെൻ സ്റ്റോക്‌സിന്റെ ആദ്യ മൂന്ന് പന്തിൽ 10 റൺസ് നേടി. നാലാം പന്തിൽ വിവാദം ഉടലെടുത്തു. സ്റ്റോക്‌സിന്റെ നാലാമത്തെ പന്ത് ഫുൾ ടോസ് ആയിരുന്നു. പന്ത് നേരിട്ട മിച്ചൽ സാന്റ്നർ രണ്ട് റൺസെടുത്തു. പിന്നാലെ ജഡേജയും സാന്റ്‌നറും അമ്പയറോട് നോബോൾ ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല.
ജഡേജ അമ്പയറുമായി തർക്കം തുടർന്നു, ഇതിനിടെ ദേഷ്യത്തിൽ ഡഗൗട്ടിൽ നിന്ന് ധോണി കളത്തിലിറങ്ങി. അമ്പയർമാരുമായി ധോണി തർക്കിച്ചെങ്കിലും തീരുമാനം മാറ്റിയില്ല. എന്നിരുന്നാലും മത്സരത്തിൽ ജയം ചെന്നൈ നേടി.
ഐപിഎൽ 2020ൽ യുവതാരങ്ങൾക്കെതിരെ ധോണി നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ഏഴാം മത്സരത്തിൽ ചെന്നൈ തോറ്റതിന് പിന്നാലെയാണ് ടീമിലെ യുവ കളിക്കാർക്കെതിരെ അദ്ദേഹം രംഗത്തുവന്നത്. യുവതാരങ്ങൾക്ക് അവസരം നൽകാതിരുന്നത് അവർക്ക് കളി അറിയില്ലാത്തത് കൊണ്ടാണെന്ന് ധോണി പറഞ്ഞിരുന്നു.

കഴിഞ്ഞ സീസണിലാണ് ധോണിയുടെ മൂന്നാമത്തെ വിവാദം. വൈഡ് നൽകാനുള്ള അമ്പയറുടെ തീരുമാനത്തെ ധോണി ചോദ്യം ചെയ്തത് ഏറെ ചർച്ചയായിരുന്നു. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ഷാർദുൽ താക്കൂർ ഓഫ് സ്റ്റമ്പിന് പുറത്ത് എറിഞ്ഞ പന്ത് അമ്പയർ പോൾ വൈഡ് വിളിക്കാൻ ഒരുങ്ങി. വിക്കറ്റിന് പിന്നിൽ ധോണി ആക്രോശിച്ചതും പിന്നാലെ അമ്പയർ വൈഡ് വിളിക്കാതിരുന്നതും വിവാദമായി.

Story Highlights: 3 biggest controversy of dhoni ipl career
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here