Advertisement

കൊൽക്കത്തയെ പിടിച്ചുകെട്ടി ചെന്നൈ; ധോണിപ്പടയ്ക്ക് 2 വിക്കറ്റ് ജയം

1 day ago
Google News 2 minutes Read

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന് മൂന്നാം ജയം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ രണ്ട് വിക്കറ്റിനാണ് ചെന്നൈ തോൽപ്പിച്ചത്. കൊല്‍ക്കത്ത ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യം 19.4 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ മറികടന്നു.തോൽവിയോടെ കൊൽക്കത്തയുടെ പ്ലേ ഓഫ് സാധ്യതകൾ തുലാസിലായി.

33 പന്തിൽ രണ്ടു സിക്സും നാലു ഫോറുമടക്കം 48 റൺസെടുത്ത് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയാണ് കൊൽക്കത്തയുടെ ടോപ് സ്കോറർ. ആന്ദ്രെ റസ്സലും മനീഷ് പാണ്ഡെയും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. റസ്സൽ 21 പന്തിൽ 38 റൺസെടുത്തു. മനീഷ് 28 പന്തിൽ 36 റൺസുമായി പുറത്താകാതെ നിന്നു. ചെന്നൈക്കായി നൂർ അഹ്മദ് നാലു ഓവറിൽ 31 റൺസ് വഴങ്ങിയാണ് നാലു വിക്കറ്റെടുത്ത‌ത്.

റഹ്മാനുള്ള ഗുർബാസ് ( 11), സുനിൽ നരെയ്ൻ ( 26), അംഘ്കൃഷ് രഘുവംശി ( ഒന്ന്), റിങ്കു സിങ് ( ഒമ്പത്) എന്നിവരാണ് പുറത്തായ താരങ്ങൾ. നാല് റണ്ണുമായി രമൺദീപ് സിങ് പുറത്താകാതെ നിന്നു. ചെന്നൈയ്ക്കായി അൻഷുൽ കംബോജ്, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

കൊല്‍ക്കത്ത ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈ തുടക്കത്തില്‍ തന്നെ പതറി. രണ്ടാം പന്തില്‍ യുവതാരം ആയുഷ് മാത്രെയെ(0) നഷ്ടമായി. പിന്നാലെ ഡേവിഡ് കോണ്‍വേയും ഡക്കായി മടങ്ങി. എന്നാല്‍ മൂന്നാമനായിറങ്ങിയ ഉര്‍വില്‍ പട്ടേല്‍ അടിച്ചുതകര്‍ത്തതോടെ ചെന്നൈ സ്‌കോര്‍ കുതിച്ചു. 11 പന്തില്‍ നിന്ന് ഒരു ഫോറും നാലുസിക്‌സറുകളുമടക്കം 31 റണ്‍സെടുത്ത ഉര്‍വില്‍ കൊല്‍ക്കത്തയെ ഞെട്ടിച്ചു. രവിചന്ദ്രന്‍ അശ്വിന്‍(8) രവീന്ദ്ര ജഡേജ(19) എന്നിവരും പുറത്തായതോടെ ചെന്നൈ 60-5 എന്ന നിലയിലേക്ക് വീണു. വിക്കറ്റുകള്‍ വീഴുമ്പോഴും മികച്ച റണ്‍റേറ്റിലാണ് ചെന്നൈ ബാറ്റേന്തിയത്. ആറോവറില്‍ 62 ലെത്തിയ ടീം പത്തോവറില്‍ 93 റണ്‍സുമെടുത്തു. പിന്നാലെ ഡെവാള്‍ഡ് ബ്രവിസ് ഈഡന്‍ ഗാര്‍ഡന്‍സില്‍ വെടിക്കെട്ടുമായി കളം നിറഞ്ഞതോടെ കൊല്‍ക്കത്ത തോല്‍വി മണത്തു.

വൈഭവ് അറോറ എറിഞ്ഞ 11-ാം ഓവറില്‍ മൂന്ന് സിക്‌സറുകളും മൂന്ന് ഫോറുകളുമാണ് ബ്രവിസ് അടിച്ചെടുത്തത്. ഓവറില്‍ 30 റണ്‍സ് നേടിയ താരം 22 പന്തില്‍ അര്‍ധസെഞ്ചുറിയും തികച്ചു. എന്നാല്‍ ബ്രവിസിനെ(52) പുറത്താക്കി കൊല്‍ക്കത്ത മത്സരത്തിലേക്ക് തിരിച്ചുവന്നു. ശിവം ദുബെ(45) ക്രീസില്‍ നിലയുറപ്പിച്ച് ബാറ്റേന്തിയതോടെ ചെന്നൈ വിജയത്തിനടുത്തെത്തി. നൂര്‍ അഹമ്മദ് പുറത്തായെങ്കിലും ധോനി അവസാന ഓവറില്‍ സിക്‌സറടിച്ച് കളി ചെന്നൈക്ക് അുകൂലമാക്കി. 19.4 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ വിജയിച്ചു.

Story Highlights :Chennai Super Kings beat Kolkata Knight Riders by two wickets

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here