രാജ്യസഭാ സ്ഥാനാർഥികളിൽ സമ്പന്ന ജെബി, ഏറ്റവും പിന്നിൽ എ.എ. റഹീം, കേസുകളിൽ മുന്നിൽ റഹീംതന്നെ

കേരളത്തിൽ നിന്നുള്ള രാജ്യസഭാ സ്ഥാനാർഥികളുടെ സ്വത്ത് വിവരങ്ങൾ പുറത്ത്. മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ കൂടിയായ കോൺഗ്രസ് സ്ഥാനാർഥി ജെബി മേത്തറിനാണ് ഇക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ സമ്പാദ്യമുള്ളത് (11.14 കോടി). സിപിഎം സ്ഥാനാർഥിയായ എ.എ. റഹീമിനാണ് ഏറ്റവും കുറവ് ആസ്തിയുള്ളത് (26,304 രൂപ). ജെബിയുടെ പേരിൽ ഇതുവരെ ഒരു കേസ് പോലും രജിസ്റ്റർ ചെയ്തിട്ടില്ല. ഡിവൈഎഫ്ഐ അഖിലേന്ത്യ അധ്യക്ഷൻ കൂടിയായ റഹീമിനെതിരെ 37 ക്രിമിനല്‍ കേസുകളുണ്ട്.
11.14 കോടിയുടെ കാര്‍ഷിക – കാര്‍ഷികേതര ഭൂസ്വത്തുക്കൾക്ക് പുറമേ 75 ലക്ഷം രൂപ വിലയുള്ള വീടും, 87,03,200 രൂപയുടെ ആഭരണങ്ങളും 1,54,292 രൂപയുടെ ഇന്‍ഷ്വറന്‍സ് പോളിസിയും ജെബി മേത്തറിന്‍റെ പേരിലുണ്ട്. കോൺഗ്രസ് സ്ഥാനാർഥി സമർപ്പിച്ച രേഖകളിൽ 46.16 ലക്ഷത്തിന്‍റെ ബാധ്യതയുണ്ടെന്നും വ്യക്തമാക്കുന്നു.
ജെബി മേത്തറുടെ ഭർത്താവിന് 41 ലക്ഷം വിലയുള്ള മെഴ്‌സിഡസ് ബെന്‍സ് കാറുണ്ട്. ഇടപ്പള്ളി ധനലക്ഷ്മി ബാങ്കില്‍ 23.56 ലക്ഷം രൂപയുടെയും ബ്രോഡ് വേയിലെ ഫെഡറല്‍ ബാങ്കില്‍ 12,570 രൂപയുടെയും സമ്പാദ്യവുമുണ്ട്. പതിനായിരം രൂപയാണ് ജെബിയുടെ കൈവശമുള്ളത്.
Read Also : കോൺഗ്രസ് രാജ്യസഭാ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
സിപിഎം സ്ഥാനാർഥിയായ എഎ റഹീമിന് സ്വന്തമായുള്ളത് 26,304 രൂപയുടെ ആസ്തിയാണെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. റഹീമിന്‍റെ ഭാര്യയുടെ പേരില്‍ 4.5 ലക്ഷം രൂപ വിലമതിക്കുന്ന കൃഷിഭൂമിയും ആറ് ലക്ഷം വിലയുള്ള വാഹനവും 70,000 രൂപയുടെ ആഭരണങ്ങളുമാണുള്ളതെന്നും രേഖകളിൽ സൂചിപ്പിക്കുന്നു.
സിപിഐ സ്ഥാനാർഥിയായ പി. സന്തോഷ് കുമാറിന്‍റെ കൈവശം 10,000 രൂപയാണുള്ളത്. സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറി കൂടിയായ ഇദ്ദേഹത്തിന് 10 ലക്ഷം രൂപ വിലമതിക്കുന്ന കൃഷി ഭൂമിയുമുണ്ട്. ഭാര്യയുടെ കൈവശം 15,000 രൂപയും നാല് ലക്ഷം വിലമതിക്കുന്ന കൃഷി ഭൂമിയും നാല് ലക്ഷത്തിന്‍റെ ആഭരണങ്ങളുമുണ്ട്. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഭാര്യയുടെ പേരില്‍ 8.5 സെന്‍റ് ഭൂമിയും വീടുമുണ്ട്. രണ്ട് ലക്ഷം രൂപയുടെ ബാധ്യത സന്തോഷിനും 19 ലക്ഷത്തിന്‍റെ ബാധ്യത ഭാര്യയ്ക്കുമുണ്ടെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.
Story Highlights: Property details of Rajya Sabha candidates released
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here