Advertisement

ബിജെപി കൗണ്‍സിലര്‍മാര്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ക്കെതിരെ നടത്തിയത് മനുഷ്യത്വരഹിതമായ ആക്രമണം: ആര്യ രാജേന്ദ്രന്‍

March 26, 2022
2 minutes Read
attack on LDF councilors

തിരുവനന്തപുരം കോര്‍പറേഷനിലെ ബജറ്റ് അവതരിപ്പിച്ച് ചര്‍ച്ച ചെയ്യാനും പാസാക്കാനും വേണ്ടി ചേര്‍ന്ന കൗണ്‍സില്‍ യോഗങ്ങളില്‍ ബിജെപി നടത്തിവന്ന ജനാധിപത്യവിരുദ്ധവും ഏകപക്ഷീയവുമായ നിഷേധാത്മക നിലപാട് ഇന്ന് കയ്യാങ്കളിയിലേയ്ക്ക് കടന്നത് നഗരവാസികള്‍ക്കാകെ അപമാനകരമാണെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍. ( attack on LDF councilors )

ഈ കൗണ്‍സില്‍ നിലവില്‍ വന്ന ശേഷം ഭരണസമിതി നടപ്പാക്കുന്ന വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വയ്ക്കുക എന്ന നിലപാടിനപ്പുറം ജനാധിപത്യപരമായ ചര്‍ച്ചകള്‍ക്കോ സംവാദങ്ങള്‍ക്കോ തയാറാകാത്ത ബിജെപി തനി ഫാസിസമാണ് പയറ്റുന്നത്. ബിജെപി അംഗംങ്ങള്‍ക്ക് പറയാനുള്ളത് കൗണ്‍സില്‍ യോഗങ്ങളില്‍ പറയുകയും മറുപടി കേള്‍ക്കാനുള്ള സഹിഷ്ണുത ഇല്ലാതെ തുടര്‍ച്ചയായി ബഹളം വയ്ക്കുകയും കൂകിവിളിക്കുകയും ചെയ്ത നഗരസഭയുടെയും നഗരത്തിന്റെയും അന്തസ്സിന് നിരക്കാത്ത ഇടപെടലുകള്‍ ആണ് കഴിഞ്ഞ ഒരുവര്‍ഷമായി ബിജെപി നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്നത് മര്യാദയുടെ എല്ലാ സീമകളും ലംഘിച്ചിരിക്കുന്നുവെന്നും മേയര്‍ കുറ്റപ്പെടുത്തി.

ബജറ്റ് ചര്‍ച്ചയ്ക്കായാണ് ഇന്ന് കൗണ്‍സില്‍ യോഗം ചേര്‍ന്നത്. കഴിഞ്ഞകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി പൊതുജനങ്ങളില്‍ നിന്ന് ഒരുപാട് നിര്‍ദേശങ്ങള്‍ ലഭിക്കുകയും അതില്‍ ഒട്ടുമിക്കവയും ഉള്‍പ്പെടുത്തുകയും ചെയ്ത ബജറ്റ് ആണ് ഇത്തവണ അവതരിപ്പിച്ചത്. അതുകൊണ്ട് തന്നെ ഇത്തവണത്തെ ബജറ്റിനെ ജനകീയ ബജറ്റ് എന്ന് നിസംശയം വിളിക്കാം. കൗണ്‍സില്‍ അംഗങ്ങള്‍ക്ക് എല്ലാവര്‍ക്കും അവരവരുടെ അഭിപ്രായങ്ങള്‍ പറയാന്‍ ഒട്ടേറെ അവസരങ്ങള്‍ ഉണ്ടായിരുന്നു. ഇന്നും അതിനുള്ള അവസരം ഉണ്ടായിരുന്നു, ബിജെപി അംഗങ്ങള്‍ ഇന്ന് അവര്‍ക്ക് പറയുന്നള്ളത് മുഴുവന്‍ പറഞ്ഞ ശേഷം ഒട്ടും മര്യാദയില്ലാതെ ബഹളം വയ്ക്കുകയും കൗണ്‍സില്‍ ഹാളിന് നടുവില്‍ ഇറങ്ങി കൂകിവിളിക്കുകയും എല്‍ഡിഎഫ് അംഗങ്ങളെ പരിഹസിക്കാനും ആണ് തുനിഞ്ഞത്. ബഹളത്തിനിടെ ബജറ്റ് പാസാക്കി കൗണ്‍സില്‍ പിരിയുകയും ചെയ്തു. കഴിഞ്ഞ ഒരുവര്‍ഷമായി പല നടപടികളും ഇങ്ങനെ ബിജെപി അംഗങ്ങളുടെ കൂകിവിളികള്‍ക്കിടയില്‍ പാസാക്കേണ്ടി വന്നിട്ടുണ്ട്. ജനാധിപത്യ ചര്‍ച്ചകള്‍ അവര്‍ക്ക് ശീലമില്ല എന്നതിന്റെ തെളിവാണത്. തുടര്‍ന്നാണ് എല്‍ഡിഎഫ് അംഗങ്ങള്‍ക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെ ബിജെപി അംഗങ്ങള്‍ ആക്രമണം നടത്തിയത്. മേയറുടെ ചേമ്പറിലേയ്ക്ക് വരികയായിരുന്ന ഹാര്‍ബര്‍ വാര്‍ഡ് കൗണ്‍സിലര്‍ നിസാമിന് നേരെയാണ് ആദ്യം ആക്രമണം നടത്തിയതെന്നും മേയര്‍ പറഞ്ഞു.

അതുകണ്ട് ഓടിയെത്തിയ നന്തന്‍കോഡ് വാര്‍ഡ് കൗണ്‍സിലറും വിദ്യാഭ്യാസ – കായിക സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോ.റീന, ആറന്നൂര്‍ വാര്‍ഡ് കൗണ്‍സിലര്‍ ബിന്ദു മേനോന്‍, ഞാണ്ടൂര്‍ക്കോണം വാര്‍ഡ് കൗണ്‍സിലര്‍ ആശ ബാബു എന്നിവര്‍ക്കും ക്രൂരമായ മര്‍ദ്ദനമേറ്റു. ആശ ബാബുവിന്റെ മുഖത്തും മര്‍ദ്ദിച്ചു. തെരുവ്ഗുണ്ടകളുടെ ശരീരഭാഷയുമായി ആക്രോശിക്കുകയും ആക്രമിക്കുകയും ചെയ്ത ബിജെപിയുടെ വനിതാ കൗണ്‍സിലര്‍മാര്‍ അടക്കമുള്ളവര്‍ നമ്മുടെ നഗരത്തിന് ആകെ അപമാനം ഉണ്ടാക്കിയിരിക്കുകയാണ്.

എല്‍ഡിഎഫ് കൗണ്‍സിലര്‍മാരെ വീടുകയറി ആക്രമിക്കുമെന്ന ഭീഷണിയും ഉയര്‍ത്തുകയുണ്ടായി. ജനാധിപത്യത്തിന് തരിമ്പും വിലകല്‍പ്പിക്കാത്ത ഫാസിസ്റ്റ് മാനസികാവസ്ഥയുടെ ലക്ഷണമാണിത്. ഈ മനസികാവസ്ഥയുമായാണ് ഇന്ന് കൗണ്‍സില്‍ ഹാളില്‍ ഈ ആക്രമണവും ഭീഷണിയും അഴിച്ച് വിട്ടത്. മുന്‍ മേയര്‍ വി.കെ.പ്രശാന്തിനെയും ഇതേ രീതിയില്‍ ആക്രമിച്ച് ഇല്ലാതാക്കാന്‍ ബിജെപി ശ്രമിച്ചിട്ടുണ്ട്. എതിര്‍ക്കുന്നവരെയും തങ്ങളുടെ അജണ്ടകള്‍ക്ക് വഴങ്ങാത്തവരെയും ആക്രമിച്ച് വരുതിയിലാകാനും നശിപ്പിക്കാനും ശ്രമിക്കുന്ന ബിജെപിയുടെ ഈ ശൈലിയ്ക്കെതിരെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും പ്രതികരിക്കണമെന്നും മേയര്‍ പറഞ്ഞു.

Story Highlights: BJP councilors carry out inhumane attack on LDF councilors: Arya Rajendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top